'കൊടുത്താൽ കൊല്ലത്തും കിട്ടും, അഖിൽ മാരാരിനെ വെല്ലാൻ അവിടെ ആരുമില്ല'; വൈബർ ഗുഡ് ദേവു
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ആരായിരിക്കും കപ്പടിക്കുക? ഒരു പേര് പറയാൻ ഇപ്പോഴും പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല. എങ്കിലും ടാസ്കിലെ പ്രകടനം കൊണ്ടും ഹൗസിലെ ഇടപെടൽ കൊണ്ടുമെല്ലാം അഖിൽ മാരാർക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലുകൾ ശക്തമാണ്.
ഇപ്പോഴിതാ കപ്പ് അഖിലിന് മാത്രമേ കിട്ടൂ എന്ന് പറയുകയാണ് സീസൺ 5 ൽ നിന്ന് പുറത്തായ വൈബർ ഗുഡ് ദേവു. 'വൺ ഇന്ത്യ മലയാളത്തിന്' നൽകിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം. വായിക്കാം.

'ഞാൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ ചിലർ പറഞ്ഞിരുന്നു മാരാരെ ലക്ഷ്യം വെയ്ക്കാൻ . എന്നാൽ വെറുതെ പോയി തർക്കിക്കാൻ പറ്റില്ലല്ലോ, അഖിൽ ഉണ്ടാക്കുന്ന കണ്ടന്റ് എന്താണ് , അഖിൽ എന്താണ്, അയാളുടെ സ്വഭാവം എന്താണ് എന്നൊക്കെ മനസിലാക്കേണ്ടതുണ്ട്. മാരാർ എന്ന വ്യക്തിയെ നോക്കുമ്പോൾ നെഗറ്റീവും പോസിറ്റീവും ധാരാളം ഉണ്ട്. സംസാരിക്കാൻ പറ്റാത്ത പല കാര്യങ്ങളും അവന്റെ വായിൽ നിന്നും വന്നിട്ടുണ്ട്. അവന്റെ രീതി ഞാൻ ഇങ്ങനെയാണ് എന്നിട്ട് സ്വീകരിക്കാൻ പറ്റുമെങ്കിൽ മതി, അത് എന്ത് തന്നെയായാലും ഞാൻ അഭിമുഖീകരിക്കാൻ തയ്യാറാണ് എന്നതാണ് .
അവൻ കരഞ്ഞിട്ടുണ്ട്, മറ്റൊരാളെ വേദനിപ്പിച്ചതിന് ക്ഷമ ചോദിച്ചിട്ടുണ്ട്. അവൻ ഒരു എന്റർടെയിനറാണ്. അതൊക്കെ മനസിലാക്കിയപ്പോൾ അവനെ ടാർഗറ്റ് ചെയ്യാൻ എനിക്ക് തോന്നിയിട്ടില്ല. ഇപ്പോൾ ഗെയിം മാരാരുടെ കൈയ്യിലാണ്. വിഷ്ണുവാണെങ്കിലും ഷിജു ചേട്ടനാണെങ്കിലും മാരാരുടെ പുറകിലാണ് നിൽക്കുന്നത്. അതേസമയം മാരാർ പെട്ടെന്ന് തന്നെ ട്രിഗർ ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ് അഖിൽ. ഒരുപരിധി വരെ അവനെ പിടിച്ച് നിർത്തുന്നത് ഷിജുവാണ്.
ഇനി മാരാർ പുറത്തായാൽ അവിടെ ബിഗ് ബോസിന്റെ കപ്പെടുക്കാൻ യോഗ്യത ഉള്ള ആരും ഇല്ല. അവിടെ അഖിലിനെ പ്രകോപിപ്പിക്കുന്നത് ജുനൈസും ശോഭയും മാത്രമാണ്. ശോഭ ആരോഗ്യപരമായ ചർച്ച നടത്തുന്ന ആളല്ല. ജുനൈസ് ആണെങ്കിൽ അവന്റെ മമ്മട്ടിയെടുത്ത് തലയ്ക്ക് കൊട്ടണ അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ കൂടുതൽ ചിന്തിച്ച് കൂട്ടിയല്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞാൽ ജുനൈസിന് നല്ലതായിരിക്കും. അവിടെ മാരാരുമായി ഏറ്റുമുട്ടാൻ എന്തായാലും മറ്റാരും ഇപ്പോൾ ഇല്ല.
മാരാരുടെ നിലപാടുകളിൽ പലതിനോടും യോജിക്കാൻ പറ്റാത്തതും പറ്റുന്നതും ഉണ്ട്. അതിൽ പറ്റാത്തതാണ് കൂടുതൽ. നമ്മൾ പറഞ്ഞാൽ അവൻ മാറാൻ തയ്യാറാകില്ല. അവനുള്ളൊരു മെച്ചം അവന് ആരേയും നശിപ്പിക്കണമെന്ന ചിന്തയൊന്നുമില്ല, ക്രൂക്കഡ് അല്ല.
മാരാർ എടുത്ത് കുടഞ്ഞാൽ സൈഡ് ആകുന്ന ആളാണ് വിഷ്ണു. പറഞ്ഞ് നിൽക്കാനൊന്നും കഴിയാത്ത ആളാണ് വിഷ്ണു. അവൻ ഒരാളെ ട്രിഗർ ചെയ്യുന്നത് അടുത്ത് നിന്ന് സുഹൃത്തായി വീക്ക്നെസ് ഒക്കെ മനസിലാക്കിയതിന് ശേഷമാണ്. അത് ആർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണ്. പക്ഷേ മാരാരൊക്കെ ഹിറ്റ് ചെയ്താൽ അവന് ഒന്നും ചെയ്യാൻ പറ്റില്ല. പിന്ന ഗ്രൂപ്പിലേക്ക് ഒതുങ്ങി പോകുന്നതൊന്നും ശരിയല്ല, കൊടുത്താൽ കൊല്ലത്തും കിട്ടും', ദേവു പറഞ്ഞു.












Click it and Unblock the Notifications