'ഒരു പരിധി വരെയൊക്കെ എല്ലാവരേയും പറ്റിക്കാന്‍ പറ്റും'; റോബിന്‍ ചെയ്ത മണ്ടത്തരം തുറന്നുകാട്ടി ഫിറോസ്
ബിഗ് ബോസ് മലയാളം ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥി എന്നാണ് പലപ്പോഴും റോബിന്‍ രാധാകൃഷ്ണനെ വിശേഷിപ്പിക്കാറുള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണനെ ചട്ടലംഘനത്തെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. സഹമത്സരാര്‍ത്ഥിയെ ശാരീരികമായി ആക്രമിച്ച കാരണത്താലായിരുന്നു റോബിനെ പുറത്താക്കിയത്.
എന്നാല്‍ ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ വലിയ പിന്തുണയാണ് റോബിന് ലഭിച്ചത്. ബിഗ് ബോസ് ജേതാവിനെക്കാളും വലിയ സ്വാധീനമുണ്ടാക്കാന്‍ റോബിന് സാധിച്ചിരുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചലഞ്ചര്‍മാരില്‍ ഒരാളായി റോബിനെ തിരഞ്ഞെടുത്തതും. എന്നാല്‍ സീസണ്‍ 5 ലും റോബിനെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഏഷ്യാനെറ്റിനേയും ബിഗ് ബോസ് ഷോ അധികൃതരേയും കുറ്റപ്പെടുത്തി കൊണ്ട് റോബിന്‍ രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡും എഡിറ്റഡും ആണ് എന്നും അഖില്‍ മാരാരെ പുറത്താക്കാനാണ് തന്നെ ഏഷ്യാനെറ്റ് ക്ഷണിച്ചത് എന്നുമൊക്കെയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ റോബിന്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥിയും ഈ സീസണിലെ മറ്റൊരു ചലഞ്ചറുമായ ഫിറോസ് ഖാന്‍.
ഒരു പരിധി വരെ എല്ലാവരേയും പറ്റിക്കാം എന്നും എന്നാല്‍ എല്ലാ കാലത്തും അത് നടക്കില്ല എന്നുമാണ് ഫിറോസ് ഖാന്‍ പറയുന്നത്. മഴവില്‍ കേരളം എന്ന യൂട്യൂബ് ചാനലിനോട് ആണ് ഫിറോസ് ഖാന്റെ പ്രതികരണം. ഒരു ചലഞ്ചറിന് ഒരിക്കലും മത്സരാര്‍ത്ഥിയെ പുറത്താക്കാന്‍ പറ്റില്ല എന്നും അത് മറന്ന് പോയതാണ് റോബിന് പറ്റിയ അബദ്ധമെന്നും ഫിറോസ് ഖാന്‍ പറഞ്ഞു.
ഫിറോസ് ഖാന്റെ വാക്കുകള്‍
നാണക്കേട് ഒഴിവാക്കാനാണ് റോബിന്‍ രാധാകൃഷ്ണന്‍ ചാനലിനെ കുറ്റപ്പെടുത്തിയത്. സീസണ്‍ 4 ല്‍ പുറത്തായപ്പോള്‍ റോബിന്‍ ഒരു കുറ്റവും ഏഷ്യാനെറ്റിനെ പറഞ്ഞിട്ടില്ലല്ലോ. കാരണം അന്ന് അദ്ദേഹത്തിന് ജനപിന്തുണയും ഹൈപ്പും ഉണ്ടായിരുന്നു. ഇപ്പോള്‍ ചലഞ്ചറായി പോയപ്പോഴേക്ക് പുള്ളി ആവശ്യമില്ലാത്ത കളി കളിച്ചു. ഗെയിമറായിട്ടല്ല പുള്ളി പോയത്. ചലഞ്ചറായിട്ടാണ് പോയത് എന്ന കാര്യം പുള്ളി മറന്ന് പോയി.
അപ്പോള്‍ പിന്നെ പിടിച്ചിറക്കുക എന്നേ വഴിയുള്ളൂ. അങ്ങനെ വന്നപ്പോള്‍ പുള്ളി നാണംകെട്ടു. അതിനെ മറികടക്കാന്‍ വേണ്ടി പറഞ്ഞ കാര്യമാണ് ഇതൊക്ക. അതെല്ലാം നമുക്ക് ചിന്തിക്കാവുന്നതല്ലേ ഉള്ളൂ. അഖില്‍ മാരാരെ പുറത്താക്കും എന്ന് പറഞ്ഞാണ് റോബിന്‍ വന്നത്. അത് തന്നെ ഏറ്റവും മണ്ടത്തരമായ തീരുമാനമാണ്. ഒരു സീസണിലെ മത്സരാര്‍ത്ഥിയെ പുറത്താക്കാന്‍ മറ്റൊരു മത്സരാര്‍ത്ഥിക്ക് സാധിക്കും.
പക്ഷെ ഇവിടെ റോബിന്‍ മത്സരാര്‍ത്ഥിയല്ല, ചലഞ്ചറാണ്. ചലഞ്ചറുടെ ഡ്യൂട്ടി എന്ന് പറയുന്നത് ആ ഷോയെ കുറച്ച് കൂടി മുകളിലേക്ക് കൊണ്ടുവരിക എന്നതാണ്. അത് മനസിലാക്കാതെ ഒരു മത്സരാര്‍ത്ഥിയെ പോലെ പെരുമാറിയിട്ട് അവിടെ നന്നായി ഗെയിം കളിക്കുന്നവരെ പുറത്താക്കുക എന്ന ചിന്ത തന്നെ ഏറ്റവും വലിയ മോശമാണ്. ഒരു പരിധി വരെയൊക്കെ എല്ലാവരേയും പറ്റിക്കാന്‍ പറ്റും. അത് കഴിഞ്ഞാല്‍ പറ്റില്ലല്ലോ.












Click it and Unblock the Notifications