Bigg Boss Malayalam Hanan: ഹനാൻ ബിഗ് ബോസിൽ നിന്നും പുറത്തേക്ക്; ഞെട്ടലിൽ മത്സരാർത്ഥികൾ, പൊട്ടിക്കരഞ്ഞ് മനീഷ
ബിഗ് ബോസിലെ മത്സരാർത്ഥികളെ ഞെട്ടിച്ച് കൊണ്ടായിരുന്നു മൂന്നാം ആഴ്ചയിൽ വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. ഷോ കണ്ടെത്തിയ ആൾ എന്നത് കൊണ്ട് തന്നെ പുറത്ത് പ്രേക്ഷകർ തങ്ങളെ എങ്ങനെ വിലയിരുത്തുന്നുണ്ടാകുമെന്ന ആശങ്കയും സംശയവും ഒക്കെ നിറഞ്ഞ മനസോടെയായിരുന്നു മത്സരാർത്ഥികൽ ഹനാനെ സ്വീകരിച്ചത്.
ഹനാന്റെ ഷോയിലെത്തിയ ശേഷമുള്ള പെരുമാറ്റങ്ങളും മത്സരാർത്ഥികളിൽ പലർക്കും ദഹിച്ചിരുന്നില്ല. ലച്ചു, ദേവു , സെറീന, റെനീഷ തുടങ്ങി നിരവധി പേർ ഹനാനുമായി ചെറിയ തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വീക്കിലി ടാസ്കന് ശേഷം വലിയ ആരോഗ്യപ്രശ്നങ്ങൾ താൻ നേരിടുന്നതായിരുന്നു ഹനാൻ വ്യക്തമാക്കിയിരുന്നു. താൻ മാനസികമായി തളർന്നിരിക്കുകയാണെന്നും തനിക്ക് സമാധാനം വേണമെന്നും ഹനാൻ പറയുന്നുണ്ടായിരുന്നു. ഇതോടെ പലരും ഹനാനോട് സംസാരിക്കാനും ഇടപെടാനുമെല്ലാം ശ്രമിച്ചിരുന്നുവെങ്കിലും അവർ വഴങ്ങിയിരുന്നില്ല. അന്ന് രാത്രി കൃത്യമായി ഹനാൻ ഉറങ്ങിയില്ലെന്ന് മത്സരാർത്ഥികളും പറയുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ മത്സരാർത്ഥികൾ എല്ലാവരും വന്ന് വിളിച്ചിട്ടും പ്രഭാത ഭക്ഷണം കഴിക്കാനും ഹനാൻ കൂട്ടാക്കിയിരുന്നില്ല. കൂടുതൽ നേരം കട്ടിലിൽ തന്നെ ചുരുണ്ട് കൂടി കിടക്കുന്ന ഹനാനെയാണ് എപ്പിസോഡിലാകെ കണ്ടത്. നോമിനേഷനിൽ പലരും ഹനാന്റെ പേര് പറയുമ്പോഴും കണ്ണ് നിറഞ്ഞ് കിടക്കുകയായിരുന്നു അവർ.
ഇതിനിടയിൽ ഹനാനെ ഏയ്ഞ്ചലീൻ ചെന്ന് വിളിച്ചപ്പോൾ എഴുന്നേൽക്കാൻ സാധിക്കാത്ത വിധം തളർന്ന് കിടക്കുകയായിരുന്നു. ഹനാന് ക്ഷീണം കൂടിയെന്ന് കണ്ടെത്തിയതോടെ അവരെ ആദ്യം ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. പിന്നീട് മെഡിക്കൽ റൂമിലേക്ക് അവരെ മാറ്റുകയും ചെയ്തു.
ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു രാത്രിയോടെ ബിഗ് ബോസ് അറിയിച്ചത്. ഇന്ന് ഷോ ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കികയാണെന്നും താരത്തിന്റെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടത്.
'ഹനാനെ ഇന്നലെ വിശദ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ മതിയായ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ ഹാനാന് ബിഗ് ബോസ് വീട്ടിൽ തുടരാൻ കഴിയില്ല. അതുകൊണ്ട് താത്കാലികമായി ഈ വീടിനോട് വിട പറയുകയാണ്', ബിഗ് ബോസ് പറഞ്ഞു.

വളരെ ഞെട്ടലോടെയായിരുന്നു മത്സരാർത്ഥികൾ ബിഗ് ബോസിന്റെ അറിയിപ്പ് കേട്ടത്. പിന്നാലെ മനീഷയും ഏയ്ഞ്ചലിനും ഗോപികയും ചേർന്ന് ഹനാന്റെ ബാഗ് പാക്ക് ചെയ്ത് നൽകുകയായിരുന്നു. അതേസമയം ഹനാനിന്റെ പുറത്താകലിനോട് വൈകാരികമായിട്ടാണ് മനീഷ പ്രതികരിച്ചത്.
തുടക്കം മുതൽ തന്നെ ഹനാനോട് അടുപ്പം പ്രകടപ്പിച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു മനീഷ. അമ്മ എന്ന നിലയിലായിരുന്നു ഹനാൻ മനീഷയെ വിളിച്ചിരുന്നത്. 'എപ്പോൾ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് തിരിച്ച് വരാം, ഞങ്ങൾക്ക് ആർക്കും മോളോട് ദേഷ്യമില്ല, കുറച്ച് കൂടി ടേക്ക് കെയർ ചെയ്യണമെന്ന് തോന്നി. ഞങ്ങൾക്ക് മനസിലായി ശരിക്കും ശുശ്രൂഷിക്കണമെന്ന് തോന്നി', കണ്ണുനിറഞ്ഞ് മനീഷ പ്രതികരിച്ചു
'ഡ്രസ് ഒക്കെ കുറെ പേർ സ്പോൺസർ ചെയ്തതാണെന്നാണ് അവൾ പറഞ്ഞത്. അടുത്ത സീസണിൽ നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് ടൈറ്റിൽ വിന്നറാകാൻ സാധിക്കട്ടെയെന്നാണ് ഞാൻ ആശംസിക്കുന്നത്.എന്തൊക്കെ ചെലവും സ്വപ്നങ്ങളുമായിട്ടാണ് ഹനാൻ വന്നത്',മനീഷ പറഞ്ഞു. അതേസമയം ഹനാൻ താത്കലികമായിട്ടാണ് പോയതെന്നും അവൾ മടങ്ങി വന്നേക്കുമെന്നും റിനോഷ് മനീഷയെ സമാധാനിപ്പിക്കുന്നതും കാണാം.
താത്കാലികമായി പുറത്തായെന്ന് പറയുമ്പോഴും ഹനാൻ ഇനി വരാൻ സാധ്യത ഇല്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബിഗ് ബോസ് വീടിന് ചേർന്ന നിലയ്ക്കായിരുന്നില്ല തുടക്കം മുതൽ ഹനാൻ പെരുമാറിയിരുന്നതെന്നും അവർക്ക് ഷോയിൽ തുടരാനുള്ള യോഗ്യത ഇല്ലെന്നും ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications