'മാരാർ വീണ്ടും തേഞ്ഞു, റിനോഷ് പുതിയ മാനേജർ': ജുനൈസിനെ എടുത്തോണ്ട് പോയി അഖില്‍, രസകരമായ രംഗങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ബിബി ഹോട്ടല്‍ ടാസ്കില്‍ പുതിയ മാറ്റങ്ങള്‍. കഴിഞ്ഞ 36 മണിക്കൂറായി മാനേജാരായിരുന്ന ജുനൈസിനെ മാറ്റി പുതിയ മാനേജരെ നിയമിച്ചുവെന്നതാണ് മാറ്റം. ഇതോടൊപ്പം തന്നെ പുതിയ മനേജർ ആളുകള്‍ക്ക് ചുമതലകള്‍ മാറ്റി നല്‍കുകയും ചെയ്തു. അതേസമയം, പുതിയ മനേജരെ തീരുമാനിക്കുന്നതിനിടയിലെ രസകരമായ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സജീവ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഇവിടെയും പണികിട്ടിയത് അഖില്‍ മാരാർക്കാണ് എന്നതാണ് രസകരമായ കാര്യം.
ബിഗ് ബോസിന്റെ നിർദേശ പ്രകാരമായിരുന്നു മാനേജർ പോസ്റ്റ് ഉള്‍പ്പടെ വീട്ടിലെ എല്ലാ ചുമതലകളും മാറ്റി നല്‍കിയത്. ഇത് സംബന്ധിച്ച ഒരു ലെറ്ററും ബിഗ് ബോസ് നിലവിലെ മാനേജർ ജുനൈസിന് നല്‍കുകയും ചെയ്തു. ഇത് വായിച്ചുകൊണ്ടിരിക്കെ ബിബി ഹോട്ടലിന്റെ പുതിയ മനേജാരായി... എന്ന് ജുനൈസ് പറയുമ്പോഴേക്കും അഖില്‍ മാരാർ സ്വയം എഴുന്നേറ്റ് മുന്നോട്ട് വന്നു.
ഇതോടെ അഖില്‍ മാരാർ തന്നെ പുതിയ ബിബി ഹോട്ടല്‍ മാനേജർ എന്ന് എല്ലാവരും ഉറപ്പിച്ചു. രംഗം ഒന്നുകൂടെ കൊഴുപ്പിക്കാന്‍ ജുനൈസ് അഖിലിനോട് ഒന്ന് കെട്ടിപ്പിടിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ പൊടുന്നനെയാണ് ബിഗ് ബോസ് നല്‍കിയ കത്തിന്റെ ബാക്കി ഭാഗം കൂടെ ജുനൈസ് വായിക്കുന്നത്. 'ബിഗ് ബോസ് ഹോട്ടലിന്റെ പുതിയ മാനേജറായി റിനോഷിനെ തിരഞ്ഞെടുത്തു', എന്നായിരുന്നു കത്തിന്റെ ബാക്കി ഭാഗം.

ഇതോടെ അഖില്‍ ശരിക്കും 'തേഞ്ഞത്' പോലെയായി. എന്നാല്‍ അതൊന്നും പുറത്ത് കാട്ടാതെ വളരെ രസകരമായ രീതിയില്‍ ഇതിനെ എടുത്ത അഖില്‍ മാരാർ ജുനൈസിനെ എടുത്തുകൊണ്ട് ബിഗ് ബോസ് വീട്ടിലൂടെ നടക്കുകയും ചെയ്തു. ഈ സമയത്ത് മറ്റുള്ളവർ അഖിലിനെ നന്നായി കളിയാക്കുകയും ചെയ്തു. എന്നാല്‍ അതും രസകരമായ രീതിയില്‍ തന്നെ മുന്നോട്ട് പോയി.
തുടർന്ന് പുതിയ മാനേജരായി തിരഞ്ഞെടുത്ത റിനോഷ് ഒരോരുത്തർക്കും ചുമതലകള്‍ നിശ്ചയിച്ച് നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ജുനൈസും വിഷ്ണുവും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ജുനൈസ് മാനേജറായിരുന്നപ്പോള്‍ വളരെ നല്ല രീതിയില്‍ ജോലി ചെയ്തെന്നും ആരേയും മാനസികമായി ബുദ്ധിമുട്ടിച്ചില്ലെന്നുമായിരുന്നു റിനോഷ് പറഞ്ഞത്.
എന്നാല്‍ ഇത് ചോദ്യം ചെയ്തുകൊണ്ട് വിഷ്ണു തന്നെ രംഗത്ത് വന്നു. ജുനൈസ് ആരേയും വിഷമിപ്പിച്ചിട്ടില്ലെന്നത് റിനോഷിന് കോമണായി പറയാന്‍ സാധിക്കില്ല. എന്നെ വിഷമിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിഷ്ണുവിന്റെ വാദം. ഇതോടെ ഇതില്‍ വിശദീകരണം ചോദിച്ച് ജുനൈസും രംഗത്ത് വന്നു. ഏത് തരത്തിലാണ് തന്നെ ഞാന്‍ വിഷമിപ്പിച്ചത് എന്നായിരുന്നു ജുനൈസിന്റെ ചോദ്യം.

ഇന്നലെ ചെറിയ ഒരു സംഭവത്തില്‍ തനിക്ക് വിഷമം വന്നപ്പോള്‍, ഇത്രയും കാലം നീ എന്നെ വിഷമിപ്പിച്ചതില്‍ എനിക്കെത്ര വിഷമം ഉണ്ടാവുമെന്ന കാര്യം നിനക്കറിയാമോയെന്നു ജുനൈസ് ചോദിച്ചു. ഈ വാദത്തെ റിനോഷും അംഗീകരിച്ചു. ഇത്രയും കാലം വലിയ രീതിയില്‍ ബുദ്ധിമുട്ട് ജുനൈസ് നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജുനൈസിന്റെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറല്ലെന്ന് വിഷ്ണുവും അഖിലും ഷിജുവും രംഗത്ത് വന്നു.
എന്നാല്‍ ഇതിനിടയില്‍ ജുനൈസിനെ പിന്തുണച്ചുകൊണ്ട് റോബിനും രംഗത്ത് വന്നു. ജുനൈസിന് തന്റെ ഭാഗം വിശദീകരിക്കാനുള്ള സമയം കൊടുക്കണമെന്നായിരുന്നു റോബിന്റെ വിശദീകരണം. എന്നാല്‍ ജുനൈസ് പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലെന്ന വാദം വിഷ്ണുവും അഖിലും ഷിജുവും ആവർത്തിച്ചു. എന്നാല്‍ പിന്നീട് മാനേജർ ഇടപെട്ട് തന്നെ ജുനൈസിന് സംസാരിക്കാനുള്ള അവസരവും നല്‍കി.












Click it and Unblock the Notifications