അഖില്‍ മാരാർ കാഞ്ഞ വിത്താണ്: ഷിജുവിനെ സുഹൃത്താക്കിയതില്‍ തുടങ്ങുന്നു അയാളുടെ ബുദ്ധി
ബിഗ് ബോസിന് അകത്തും പുറത്തുമുള്ള നിലപാടുകളിലും ആശയങ്ങളിലും എതിർപ്പുണ്ടെങ്കിലും സീസണ്‍ ഫൈവിലെ മികച്ച ഗെയിമർ ആരെന്ന് ചോദിച്ചാല്‍ പലരും ഉത്തരം നല്‍കുന്ന പേരാണ് അഖില്‍ മാരാരുടേത്. മലയാളം ബിഗ് ബോസ് സീസണ്‍ കണ്ട മികച്ച ഗെയിമറാണോ അഖില്‍ മാരാർ എന്ന് ചോദിച്ചാള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവും. എന്നാല്‍ സീസണ്‍ ഫൈവില്‍ അദ്ദേഹം തന്നെയാണ് ഗെയിമർ എന്ന രീതിയില്‍ മികച്ച് നില്‍ക്കുന്നത്.
താരത്തിന്റെ ഗെയിമിനെ അനുകുലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി എഴുത്തുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ അഖില്‍ മാരാരെ അനുകൂലിച്ചുകൊണ്ട് പ്രസാദ് എന്നയാള്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. അഖില്‍ മാരാറിന്റെ തന്ത്രങ്ങളേയാണ് പ്രധാനമായും ഈ കുറിപ്പില്‍ അദ്ദേഹം എടുത്ത് കാണിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആദ്യം തന്നേ പറയാം, ബിഗ് ബോസ് ഒരു എപ്പിസോഡ് പോലും ഒരു സീസണിലേയും തികച്ച് കണ്ടിട്ടില്ല. പക്ഷേ അഖിൽമാരാരേ പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പനി പിടിച്ച് കിടന്നപ്പോൾ ഈ ചങ്ങാതിയുടേ ഫാൻസും ഹേറ്റേഴ്സും കാരണം എഫ് ബിയിൽ ഒരു സ്വസ്ഥത തരാതേ ആയപ്പോളും ഏതോ ഒരുത്തൻ മിലിട്ടറി ക്യാംപിൽ കേറി പ്രേമിച്ച തളള്ളൂടെ ആയപ്പോൾ ഹോട്ട് സ്റ്റാറിൽ കേറി ചില എപ്പിസോഡ് ഓടിച്ച് കണ്ടു. മുഴുവൻ കാണാനുള്ള ക്ഷമയൊന്നും ഇല്ലായിരുന്നു.
കൊല്ലംകാരുടെ തനിക്കൊണം അറിയുന്ന കൊല്ലംകാരനായ എനിക്ക് കൊട്ടാരക്കര അതിൻ്റേ മൂർത്തി ഭാവത്തിലുള്ള ഒരു സ്ഥലമാണെന്നും വ്യക്തമായ ചിന്തയുണ്ട്.. അവിടെ രാഷ്ട്രീയവും പൊതുജനസമ്പർക്കവും പത്ത് ഗജപോക്കിരി കൂട്ടുകാരും ഉണ്ടേൽ ലോകത്തിലേ ഏത് ഉഡായിപ്പും നിമിഷനേരം കൊണ്ട് സെൻസിറ്റീവ് ചെയ്യുന്ന ഹൈവോൾട്ടേജ് നിരീഷണപാടവം ജൻമസിദ്ധമായി തന്നെ കിട്ടും അതിനൊപ്പം വാണിയും നാവിലിരുന്നാൽ അവൻ ഹിമാലയത്തേയും തള്ളിമറിച്ച് കടലിൽ എത്തിക്കും.
ഈ പൊതു വീക്ഷണവും സമകാലീനങ്ങളിലുള്ള അറിവും വാക്ചാതുരിയും പ്രസൻസ് ഓഫ് മൈൻഡും കൂട്ടായ്മകളെ എങ്ങനേ മുതലെടുത്ത് തനിക്കാക്കി വെടക്കാക്കാനാവും എന്നുള്ള ബോധവും, ഒറ്റ നോട്ടത്തിൽ തന്നെ തൻ്റേ മുന്നിൽ ഉള്ള എതിരാളികളുടേ റേഞ്ചും മനസിലാക്കാൻ നാടും സഹകരണവും നൽകിയ കഴിവാണ് അയാളുടെ, അഖിൽമാരാറുടെ പവർ പോയിന്റ്.
അയാൾ എങ്ങനേയാണോ നാട്ടിലും വീട്ടിലും അതുപോലേ തന്നെ നിന്നാൽ മതി എന്നും ബാക്കിയുള്ളത് അമൂൽ ബേബികാളാണെന്നും, അവരെ വീഴ്ത്താന്‍ കൊല്ലംകാരന്റെ വക്രബുദ്ധിയുടെ പത്തിലൊരൂ അംശവും മതിയെന്ന് ആദ്യം തന്നേ മനസിലാക്കി. ബാക്കിയുള്ളവരേ നല്ലപോലേ ഊഞ്ഞാലാട്ടി സ്വന്തം വാക് ചാതുരിയും സ്വഭാവ സവിശേഷതകളും വിദഗ്ദമായി അദ്ദേഹം മാർക്കറ്റു ചെയ്തു. യൂട്യൂബില്‍ കണ്ട അഖിൽമാരാരുടെ വിവാദപരമായ കമന്റുകള്‍ വെച്ച് മുൻവിധിയോടെ സമീപിച്ചവർക്ക് മുന്നിൽ അയാൾ അയാളുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങളും ഒരു ഷോയ്ക്ക് ആവശ്യമായ എന്റർടെയിമെന്റ് ഫാക്ടറുകളും ഒരു സംവിധായക ബുദ്ധിയിൽ നൽകികൊണ്ടേ ഇരുന്നു.

അത്യാവശ്യം നല്ല ക്രിക്കറ്റ് ഭ്രാന്തനായത് കൊണ്ട് ഗ്രൗണ്ട് കൈകാര്യം ചെയ്യാനും അയാൾക്ക് മറ്റൊരു പഠനത്തിന്റെ ആവശ്യമേ ഇല്ലായിരുന്നു. ഒരു ഗ്രൗണ്ടിനേയും പബ്ളിക്കിനേയും ഹാൻഡിൽ ചെയ്യുന്നവന് ബിഗ് ബോസ് ഒരു നേരംപോക്ക് മാത്രമാണ്. ഒർജിനൽ വിഷപാമ്പുകളുടേ ഇടയിൽ നിന്ന് ചേരകുഞ്ഞുങ്ങളുടേ ഇടയിൽ വന്ന പാമ്പാട്ടിയേ പോലേ അയാൾ കളം പിടിച്ചത് മനസ്സിലാക്കാനുള്ള ബുദ്ധി പോലും മറ്റുള്ളവർക്ക് ഇല്ലായിരുന്നു. താരതമ്യേന വിഷം കുറഞ്ഞതും ആത്മാർത്ഥതയുമുള്ള ഷിജു എന്ന സിനിമ നടനെ സൃഹൃത്തായി കൂട്ടിയതും അയാളുടേ സൗഹൃദമനസിനെ തുറന്ന് കാണിക്കാൻ അയാൾ തിരഞ്ഞെടുത്തതും ബുദ്ധിപരമായിരുന്നു.
ഈ ഷോയുടേ റിസൾട്ട് എന്തായാലും, ആര് കിരീടം ചൂടിയാലും അഖിൽ മാരാർ ഈ പബ്ളിസിറ്റി ഹൈപ്പിനേ ഭാവി ജീവിതത്തിൽ എങ്ങനേ മുതലാക്കാം എന്ന് കണക്ക് കൂട്ടി വെച്ചിട്ട് തന്നേയാണ് കളി നടത്തുന്നത്. ഒരു കിരീടം കൊണ്ട് അഖിൽ മാരാർ അവസാനിക്കുന്നില്ലെന്നും അയാളുടേ സ്വപ്നസാമ്രാജ്യത്തിലേക്ക് അയാൾക്ക് ഇടിച്ച് കയാറാനുള്ള ഒരു ഇന്ധനം മാത്രമാണ് ബിഗ് ബോസ് എന്ന് അയാളെ മനസിലാക്കിയ വർക്ക് സുനിശ്ചിതമാണ്.
എത്ര അഭിനയിച്ചാലും അഭിനയത്തിന്റെ ഇടവേളകളിൽ അറിയാതെ വീണു പോകുന്ന വ്യക്ത്തിത്വ കക്ഷണങ്ങളാണ് ജനത്തിന്റെ മനസിലേക്ക് ഇടിച്ച് കയറുന്നത് എന്നത് അഖിലിനോളം ബോധ്യമുള്ളവരും എക്സിക്യൂട്ടിവ് ചെയ്യാൻ അറിയാവുന്നവരും അവിടെ എതിരാളികളായി ഇല്ല എന്നതാണ് അയാളുടേ ഭാഗ്യം. അത് അയാൾ അറിഞ്ഞ് മുതലാക്കാൻ ശ്രമിക്കുന്നിടത്താണ് എതിരേ നിന്നവരുടേയും മൈൻഡ് ഗെയിമിനേയും അയാൾ തരിപ്പണമാക്കുന്നത്.

ചുരുക്കി പറഞ്ഞാൽ, മ്മടേ തൊടിയിൽ വളർന്ന കാന്താരി മുളക് ബാംഗ്ളൂരിൽ നിന്നും തമിഴ് നാട്ടിൽ നിന്നും വരുന്ന ഭംഗിയുള്ളതും വലിപ്പമുള്ളതുമായ മുളകിനോട് മൽസരിച്ചാൽ, ഒറ്റകടിക്ക് നാട്ടിലേ കാന്താരി മുളക് അവന്റെ പവർ കാണിക്കും. ഭംഗിയും വലിപ്പവും മുളകിന്റെ ഗുണമല്ല, അത് എരിവിലാണ് കളം നിറയുന്നത്. നാട്ടിൽ മരം കേറി നടന്ന പിള്ളേരോട് മൂവാണ്ടൻ മാവ് കാണിച്ച് പേടിപ്പിച്ചാൽ അവൻ ആദ്യത്തേ കൊമ്പിൽ കയറി കാല് കൊണ്ട് കുലുക്കിയാൽ തന്നേ കുറേ മാങ്ങാ വീഴും. മാങ്ങാ തിന്നിട്ടുള്ള കണക്ക് വെച്ച് മരം കേറി പിള്ളാരേ അളക്കാൻ നടക്കരുത്. നടന്നാൽ യൂട്യൂബ് കണ്ട് അഖിൽ മാരാരേ വിലയിരുത്തിയ ബിഗ് ബോസിലേ പാഴുകളുടേ ഗതി വരും.
മാരാർ വിജയിക്കുമോ എന്നോ, വിജയിക്കണമെന്നോ ആകാംശയോ ആഗ്രഹമോ ഒന്നുമില്ല. പക്ഷേ കൂടേ കളിച്ച ആരേ കേരളം മറന്നാലും അഖിൽ മാരാർ സൈബർ ഇടങ്ങളിലും സിനിമ രാഷ്ട്രിയ ലോകത്തും പുതിയ അങ്കം കുറിക്കും. സത്യത്തിൽ ബിഗ് ബോസിനേയും പ്രേക്ഷകരേയും ഉപയോഗിച്ച് സ്വന്തം അശ്വമേധത്തിന് കുതിരേയേ അഴിച്ചുവിട്ടിട്ട് കാത്തിരിക്കുന്ന കാഞ്ഞ വിത്താണ് അഖിൽ മാരാർ.












Click it and Unblock the Notifications