ജുനൈസിനെ തള്ളി അഖില്‍: നാടകീയ രംഗങ്ങള്‍, ഒടുവില്‍ വീണ്ടും ബിഗ് ബോസില്‍ നിന്നും പുറത്തായി റോബിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. പ്രേക്ഷക പിന്തുണ അതേപടി നിലനിർത്തി ഷോയില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ ടൈറ്റില്‍ വിന്നറാവേണ്ട മത്സരാർത്ഥിയുമായിരുന്നു അദ്ദേഹം. എന്നാല്‍ സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരികമായി നേരിട്ടതിനെ തുടർന്ന് റോബിനെ ബിഗ് ബോസ് സീസണില്‍ നിന്നും പുറത്താക്കുകയായിരുന്നു.
പുറത്താക്കിയതിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസണ്‍ ഫൈവുമായി ബന്ധപ്പെട്ടും അദ്ദേഹം തന്റേതായ അഭിപ്രായപ്പകടനങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ബിഗ് ബോസ് വീട്ടില്‍ നിന്നും റോബിന്‍ പുറത്തായിരിക്കുകയാണ്. ശക്തമായ താക്കീതും നല്‍കിയാണ് ബിഗ് ബോസ് റോബിനെ പുറത്താക്കിയിരിക്കുന്നത്.

ഈ ആഴ്ചത്തെ ബിബി ഹോട്ടല്‍ ടാസ്കില്‍ അഥിതികളായിട്ടായിരുന്നു റോബിനും രജിത് കുമാറും വീണ്ടും വീടിനുള്ളിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരുവരും വീടിനുള്ളില്‍ തുടർന്ന് വരികയും ചെയ്യുന്നു. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ അഖില്‍ മാരാറും ജുനൈസും തമ്മില്‍ വാക്ക് തർക്കവും ഏറ്റുമുട്ടലും ഉണ്ടാവുന്നത്.
വാക്കു തർക്കത്തിനിടെ അഖില്‍ മാരാർ ജുനൈസിനെ തള്ളുകയും ചെയ്തു. ജുനൈസ് ഈ വിഷയം ശാരീരിക ആക്രമണമായി ഉയർത്തിക്കാട്ടി ബിഗ് ബോസിന് മുന്നില്‍ പരാതിയുമായി എത്തി. ഈ വിഷയം ശക്തമായി ബിഗ് ബോസിന് മുന്നില്‍ ഉയർത്തണമെന്ന് ഇതിനിടയ്ക്ക് ജുനൈസിനെ റോബിന്‍ നിർദേശിക്കുന്നുമുണ്ടായിരുന്നു.
എന്നാല്‍ കണ്‍ഫഷന്‍ റൂമില്‍ പോയി ബിഗ് ബോസുമായി സംസാരിച്ചതിന് ശേഷം ജുനൈസും അഖില്‍ മാരാറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുകയും ഇരുവരും കൈ കൊടുത്ത് പിരിയുകയും ചെയ്തു. എന്നാല്‍ ഈ വിഷയം ഇത്തരത്തില്‍ പരിഹരിക്കപ്പെട്ടത് റോബിന് യാതൊരു തരത്തിലും അംഗീകരിക്കാന്‍ സാധിച്ചില്ല. ഇതോടെ ഞാന്‍ ഇവിടുന്ന് പോകുന്നെങ്കില്‍ അഖില്‍ മാരാറേയും കൊണ്ടേ പോകുമെന്നായി. ഒപ്പം പതിവ് ഡയലോഗും അദ്ദേഹം ആവർത്തിച്ചു.

ഇവിടെ ഒരു ടാസ്കും നടത്തില്ല, പട്ടിണി കിടന്ന് ചത്താലും പ്രശ്നമില്ല, ഞാന്‍ പൊളിച്ചടക്കും എന്നൊക്കെ റോബിന്‍ പറയുന്നുണ്ടായിരുന്നു. ഇതോടെ റോബിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചു. എന്താണ് ഉദ്ധേശമെന്ന് ചോദിച്ചപ്പോള്‍ എന്റെ കണ്‍മുന്നില്‍ കാണുന്ന തെറ്റായ രീതികളോട് യോജിക്കാന്‍ കഴിയില്ലെന്ന് റോബിന്‍ പറഞ്ഞു.
എന്നാല്‍ ഷോയ്ക്ക് തടസ്സം ഉണ്ടാക്കുന്നത് ഉള്‍പ്പടെ ഇന്ന് ചെയ്ത മോശം പ്രവർത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ ഈ വീട്ടില്‍ നിന്നും നീക്കം ചെയ്യുകയാണെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഇതോടെ കണ്‍ഫഷന്‍ റൂം വഴി തന്നെ റോബിന് പുറത്തേക്കുളള വഴി ഒരുങ്ങുകയും ചെയ്തു.
അതേസമയം, അഖില്‍ മാരാർ ജുനൈസിനെ തള്ളിയ സംഭവത്തില്‍ നടപടിയുണ്ടാവാത്തതില്‍ വിമർശനം ശക്തമാണ്. എത്രാമത്തെ തവണയാണ് അഖിൽ മറ്റൊരാൾക്ക് നേരെ കൈയോങ്ങുന്നതെന്നാണ് ആളുകള്‍ ചോദിക്കുന്നത്. എത്ര തവണ അയാൾ അവിടുള്ള സാധനങ്ങൾ എടുത്തെറിഞ്ഞു ? എന്തിനാണ് ഇനിയും നിങ്ങൾ കാത്തു നിൽക്കുന്നത്? അവിടുളള ഏതേലും മത്സരാർത്ഥിക്ക് അഖിലിനാൽ പരിക്ക് പറ്റിയാൽ മാത്രമേ ഈ കളി അവസാനിക്കും എന്നുണ്ടോ ? അല്ലേൽ അഖിലിന് ആരുടേയെങ്കിലും കൈയിൽ നിന്ന് വാങ്ങിച്ച് കൊടുക്കാനാണോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.
അതേസമയം, അഖിലിനെ പിന്തുണച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇതൊക്കെ എന്ത് ഫിസിക്കല്‍ അസാള്‍ട്ടാണെന്നാണ് അവർ ചോദിക്കുന്നത്. ഇവനൊന്നും നേരെ നിന്ന് പെർഫോം ചെയ്തു ജയിപ്പിക്കാൻ ഉള്ള ധൈര്യം പോലും ഇല്ലേ. മാരാർ പോയ ഇതുങ്ങളെ വച്ച് എങ്ങനെ ഷോ ഇനിയും 50 ദിവസം കൊണ്ടുപോവുമെന്നുമാണ് ഇവർ ചോദിക്കുന്നത്.












Click it and Unblock the Notifications