'അതിന് നിങ്ങൾ എന്നെ ഗേ എന്ന് വിളിച്ചാൽ എനിക്കൊരു അപമാനം അല്ല'; തുറന്നടിച്ച് റിയാസ് സലീം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഗെയിം ചെയ്ഞ്ചർ ആയിരുന്നു റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രിയായെത്തി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ റിയാസിന് സാധിച്ചു. റിയാസിന്റെ ഫെമിനിസ്റ്റ് , പുരോഗമന നിലപാടുകളായിരുന്നു വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത്.
എന്നാൽ ഇതേ നിലപാടുകളുടെ പേരിൽ കടുത്ത സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരായ ഇത്തരം വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകുകയാണ് റിയാസ്. ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് റിയാസ് പ്രതികരിച്ചത്.

'ഞാൻ എപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ആളല്ല. ഒരു മനുഷ്യന് എല്ലായപ്പോഴും ഒരുപോലെ തുടരാൻ പറ്റില്ല. ഞാൻ പോസിറ്റീവും നെഗറ്റീവും ഡ്രമാറ്റിക്കുമൊക്കെ ആകാറുണ്ട്. എന്റെ വീഴ്ചകളും ഞാൻ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. കാരണം ജനങ്ങൾക്ക് മനസിലാകണം നിങ്ങളെന്ന വ്യക്തിക്ക് നിരവധി വശങ്ങൾ ഉണ്ടെന്ന്.
ജീവിതത്തിൽ നമ്മൾ ഏതെങ്കിലും രീതിയിൽ വ്യത്യസ്തരാണെങ്കിൽ ആളുകൾ നമ്മളെ വലിച്ച് താഴെയിടും, ചവിട്ടിമെതിക്കുമെന്ന കാര്യം ഉറപ്പാണ്. അതിപ്പോൾ നിറം ആയാലും സ്ത്രൈണത ആയാലും ജാതി ആയാലും എന്തിന് ഭിന്നശേഷിയായലുമൊക്കെ അവരെ വേദനിപ്പിച്ച് സുഖം കണ്ടെത്താൻ ശ്രമിക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. ജീവിതം ഒന്നേയുള്ളൂവെന്ന് തിരിച്ചറിഞ്ഞ് ഇതിനോടൊക്കെ പൊരുതി മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കണം.
ഞാൻ മേയ്ക്കപ്പ് ചെയ്യാറുണ്ട്, ലിപ്സ്റ്റിക്ക് ഇടാറുണ്ട്. മേയ്ക്കപ്പ് എന്നത് എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ചെറുപ്പത്തിലെ തൊട്ട് മെയ്ക്കപ്പ് ചെയ്തിരുന്ന ആളാണ് ഞാൻ. ലാലേട്ടനോ മമ്മൂക്കയോ മേയ്ക്കപ്പ് ഇട്ട് സ്ക്രീനിൽ വന്നാൽ നിങ്ങൾക്ക് അതൊരു പ്രശ്നവുമില്ല. എന്നാൽ റിയാസ് ധരിച്ചാൽ റിയാസ് ഗേ ആണെന്നൊക്കെ പറയും. ഗേ എന്ന് വിളിക്കുന്നത് എനിക്ക് ഇൻസൾട്ട് അല്ല. നിങ്ങൾ ചിന്തിക്കുന്നത് ഗേ എന്നത് ഒരു മോശം പ്രയോഗമാണെന്നാണ്. സ്ത്രീകൾ വളരെ താഴ്ന്ന വിഭാഗമാണെന്നൊക്കെയാണ് നിങ്ങൾ കരുതുന്നത്. പക്ഷേ എന്നെ സംബന്ധിച്ച്, ഗേയും ട്രാൻസ്ജെന്ററും സ്ത്രീകളുമൊക്കെ സെക്ഷ്വാലിറ്റിയിലുള്ള ഒരു ജെന്റർ മാത്രമായിട്ടാണ്. എ്നെ സംബന്ധിച്ച് അതൊരു തെറിയില്ല.
റിയാസിന് വേണ്ടത് ഉമ്മ കഷ്ടപ്പെട്ട് ചെയ്ത് തന്ന ഒരു സമയം ജീവിതത്തിൽ ഉണ്ടായിരുന്നു. അമ്മയുടെ കഠിനാധ്വാനത്തെ ഞാൻ വളരെ അധികം വിലമതിക്കുന്നു. എന്നാൽ ഇപ്പോൾ ഞാൻ സമ്പാദിക്കുന്നുണ്ട്. എന്റെ കുടുംബത്തേയും ഞാൻ നോക്കുന്നുണ്ട്, അതിൽ ഞാൻ അഭിമാനിക്കുന്നു. ആളുകൾക്ക് എന്ത് വേണമെങ്കിലും പറയാം.
ബിഗ് ബോസിൽ എത്തുകയെന്നത് എല്ലായപ്പോഴും എന്റെ വലിയ സ്വപ്നമായിരുന്നു. ബിഗ് ബോസിന് മുൻപായാലും അതിന് ശേഷമായാലുമൊക്കെ ഞാൻ എന്താണോ അതുപോലെ ജീവിക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ട്. കാരണം ജനം എന്നെ കാണുന്നുണ്ട്. അവരെ ഞാൻ സ്വാധീനിച്ചേക്കാം. അതുകൊണ്ട് ആ ഉത്തരവാദിത്തബോധം ബിഗ് ബോസിന് ശേഷം എനിക്ക് ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. എന്നാൽ മറിച്ച് ബിഗ് ബോസിന് പുറത്തും അകത്തുമെല്ലാം ഞാൻ ഞാൻ തന്നെയാണ്.
എല്ലാവരും പ്രശസ്തി ആഗ്രഹിക്കുന്നവരാണ്. എല്ലാ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരാണെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ലുവൻസർമാർ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ട്. പ്രശസ്തി എന്നത് ജനം നൽകുന്നതാണ്. അതുകൊണ്ട് തന്നെ അവരോട് തിരിച്ചും നമ്മുക്ക് ഉത്തരവാദിത്തം ഉണ്ടാകണം. എന്ത് മെസേജാണ് പുറത്തേക്ക് കൊടുക്കുകയെന്നത് വളരെ പ്രധാനമാണ്', റിയാസ് പറഞ്ഞു.












Click it and Unblock the Notifications