റിനോഷ് എവിടെ? 'ഇപ്പോൾ മാറ്റിയത് ബിഗ് ബോസ് തന്ത്രം, അഖിൽ മാരാരെ വീഴ്ത്താനുള്ള കളി';ചർച്ച
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ഫൈനലിലേക്ക് അടുക്കുകയാണ്. വിജയിയെ കണ്ടെത്താൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണ ആര് കപ്പടിക്കുമെന്നുള്ള ചർച്ചകൾ ശക്തമാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അഖിൽ മാരാർ കപ്പടിക്കുമെന്നാണ് ആരാധകരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
എന്നാൽ ഇത്തവണ അഖിൽ കപ്പെടുക്കാതിരിക്കാനുള്ള തന്ത്രങ്ങൾ നടക്കുന്നെണ്ടന്ന ആരോപണമാണ് ബിഗ് ബോസ് ആരാധകരിലൊരാൾ ഉയർത്തുന്നത്. റിനോഷ് ജോർജിനെ ഇപ്പോൾ ഹൗസിൽ നിന്നും മാറ്റിയത് അതിന്റെ കൂടി ഭാഗമായിട്ടാണെന്നും ഇയാൾ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി റിനോഷ് ബിഗ് ബോസ് ഹൗസിൽ ഇല്ല. ടിക്കറ്റ് ടു ഫിനാലെ ടാസ്കിന്റെ ഭാഗമായുള്ള കാർ ടാസ്കിന് പിന്നാലെ റിനോഷിന് ചർമ്മത്തിൽ അലർജി ഉണ്ടായതായി താരം വ്യക്തമാക്കിയിരുന്നു. തുടർന്ന് റിനോഷിനെ ബിഗ് ബോസ് ടീം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഇതുവരേയും റിനോഷ് ഷോയിലേക്ക് തിരികെ എത്തിയിട്ടില്ല.
വീക്കെന്റ് എപ്പിസോഡിൽ റിനോഷിന്റെ അസുഖം ഭേദപ്പെട്ട് വരികയാണെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് റിനോഷ് മടങ്ങിവരാത്തത് എന്നാണ് ആരാധകന്റെ ചോദ്യം. ഇത് സീസൺ 3 യിൽ പയറ്റിയ തന്ത്രം പയറ്റാനുള്ള ബിഗ് ബോസ് നീക്കം തന്നെയാണെന്നാണ് ഇയാൾ ആരോപിക്കുന്നത്.
ആരാധകന്റെ ആരോപണം ഇങ്ങനെ- 'എല്ലാവർക്കും അറിയാവുന്നത് പോലെ നിലവിൽ വോട്ടിങ്ങിൽ ലീഡ് നിൽക്കുന്നത് അഖിൽ മരാരും രണ്ടാം സ്ഥാനം നിൽക്കുന്നത് റിനോഷും ആണ്. നിലവിലെ സാഹചര്യത്തിൽ റിനോഷിനെ 'വാഴ' ആയി ചിത്രീകരിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ ഇംപാക്ട് ഉണ്ടാക്കാൻ മറ്റുള്ള ആർമികൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇവിടെ ആണ് ഏഷ്യാനെറ്റിന്റെ കളി നമ്മൾ കാണേണ്ടത്.
ഫൈനൽ അടുക്കുന്ന ഈ അവസരത്തിൽ ഒന്നും ചെയ്യാത്ത റിനോഷിന് രണ്ടാം സ്ഥാനം കിട്ടുന്നുണ്ടെന്ന് മനസിലാക്കിയ ഏഷ്യാനെറ്റ് റിനോഷിനെ ഹൗസിൽ നിന്ന് മാറ്റുന്നു, എന്നിട്ട് മികച്ച ഒരു റീ എൻട്രി ഒരുക്കാൻ വേണ്ടി തയ്യാറെടുക്കുന്നു, തന്മൂലം കുറച്ചൂടെ ഒരു ഇമ്പാക്ട് റിനോഷിനു ഉണ്ടാക്കി കൊടുത്തു മാരരെ വോട്ടിങ്ങിൽ അല്പം കൂടി പിന്നിൽ ആക്കാൻ ആണ് ഇപ്പോൾ അവർ ശ്രമിക്കുന്നതെന്നാണ് എന്റെ കാഴ്ചപ്പാട്. സീസണിൽ 3 ൽ ഡിംപൽ ബാൽ ലീഡ് ചെയ്തപ്പോൾ മണിക്കുട്ടനെ വെച്ച് ഏഷ്യാനെറ്റ് ഇതുപോലെ ഒരു നാടകം കളിച്ചിരുന്നു, ബാക്കി സ്‌ക്രീനിൽ', ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
എന്നാൽ റിനോഷ് ഇപ്പോൾ പോയോ ഇല്ലയോ എന്ന് ബിഗ് ബോസ് പറയാത്തത് മാരാറെ ജയിപ്പിക്കാനുള്ള തന്ത്രമാണെന്നാണ് മറ്റൊരാൾ പറയുന്നത്. റിനോഷിന്റെ വോട്ട് അഖിലിനെതിരായ മത്സരാർത്ഥികൾക്ക് ലഭിച്ചേക്കുമെന്നാണ് ആശങ്ക, അതോടെ അഖിലിന് തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇയാൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. റിനോഷ് ആശുപത്രിയിൽ തുടരുകയാണെന്നും ഉടൻ തന്നെ അദ്ദേഹം ബിഗ് ബോസിലേക്ക് മടങ്ങിയെത്തുമെന്നും ഇവർ പറയുന്നു.
റിനോഷിന്റെ മടങ്ങിവരവ് ഉടൻ ഉണ്ടാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കുന്നത്. റിനോഷ് ബിഗ്ഗ് ബോസ്സിൽ നിന്ന് ഇറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും യൂട്യൂബ് ചാനലുകളുടെ പ്രചാരണങ്ങളും വിശ്വസിക്കരുതെന്നും അദ്ദേഹം അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച് വരികയാണെന്നും റിനോഷിന്റെ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കുറിച്ചു.












Click it and Unblock the Notifications