റിനോഷിനെ ചതിച്ചത് 'ഷിംഗിള്‍സോ': മടങ്ങാതിരുന്നത് എന്തുകൊണ്ട്?, വിശ്വസിക്കാനാവാതെ ആരാധകർ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്താവുന്ന മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് റിനോഷ് ജോർജ്. ലച്ചു, ഹനാന്‍ എന്നിവരായിരുന്നു ഇതിന് മുമ്പ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഷോയില്‍ നിന്നും പുറത്തായത്. മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി രണ്ട് ദിവസത്തിനകം തന്നെ പുറത്താവുന്ന വിവരം ബിഗ് ബോസ് പങ്കുവെച്ചിരുന്നെങ്കിലും റിനോഷിന്റെ തിരിച്ച് വരവ് സംബന്ധിച്ച ചർച്ചകള്‍ കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്ത് സംഭവിച്ചാലും റിനോഷ് തിരിച്ച് വരുമെന്ന പ്രതീക്ഷിയയിലായിരുന്നു ആരാധകർ. എന്നാല്‍ മോഹന്‍ലാല്‍ എത്തിയ ഇന്നലത്തെ എപ്പിസോഡില്‍ റിനോഷ് പുറത്തായെന്ന വിവരം പ്രഖാപിക്കുകയായിരുന്നു. ഇതോടെ കാത്തിരുന്ന പ്രേക്ഷകർ വലിയ നിരാശയിലുമായി. റിനോഷ് തന്നെയാണ് ഷോയിലേക്ക് ഇനി മടങ്ങി വരവ് ഉണ്ടാവില്ലെന്ന് സഹമത്സരാർത്ഥികളേയും പ്രേക്ഷകരേയും അറിയിച്ചത്.

ഐസൊലേഷനില്‍ കഴിയുന്ന റിനോഷ് ജോര്‍ജ് വീഡിയോ കോളിലൂടെയായിരുന്നു സംസാരിച്ചത്. 'ഞാൻ ഒരു ആഴ്‍ച മുഴുവനായി ആശുപത്രിയില്‍ അഡ്‍മിറ്റായിരുന്നു. സ്‍കിൻ അലര്‍ജിയാണ്. സാധാരണ അലര്‍ജിയാണ് എന്നായിരുന്നു ഞാൻ ആദ്യം വിചാരിച്ചത്. എന്നാല്‍ തുടർന്നുള്ള പരിശോധനയില്‍ അത് അങ്ങനെയല്ലെന്ന് വ്യക്തമായി. അതുകൊണ്ട് വീട്ടിലേക്ക് ഇനി വരാനാകില്ല. എല്ലാവരും മികച്ച മത്സരാര്‍ഥികളാണ്. എല്ലാവര്‍ക്ക് ഓള്‍ ദ ബെസ്റ്റ്'- റിനോഷ് പറഞ്ഞു.
റിനോഷ് പുറത്തായതോടെ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന ചർച്ചയും ആരാധകർക്കിടയില്‍ ചർച്ചയായിട്ടുണ്ട്. ഷിംഗിള്‍സ് എന്ന് അറിയപ്പെടുന്ന ഹെർപ്പസ് സോസ്റ്ററാണ് റിനോഷിനെ ബാധിച്ചതെന്നാണ് സൂചന. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വൈറസ് ആണ് ഇതിന് പിന്നിലും. ഏറെ വേദനയുണ്ടാക്കുമെങ്കിലും കൃത്യസമയ്ത്ത് ചികിത്സ നേടിയാല്‍ ഈ രോഗാവസ്ഥയെ പേടിക്കേണ്ടതില്ല. എന്നാല്‍ വിശ്രമവും ഐസൊലേഷനും ആവശ്യമാണ്.
വൈറസ് ചിക്കന്‍പോക്‌സ് ബാധിച്ച അവസ്ഥയില്‍ ശരീരത്തില്‍ തന്നെ നിര്‍ജ്ജീവമായി തുടരുകയും പിന്നീട് ഏതെങ്കിലും ഒരു അവസരത്തില്‍ അത് ഷിംഗിള്‍സ് ആയി മാറുകയുമാണ് ചെയ്യുന്നത്. ശരീരത്തിലെ ചില ഭാഗങ്ങളില്‍ ചുണങ്ങ് പോലെ കാണുന്നതിനൊപ്പം പനി, തലവേദന അല്ലെങ്കില്‍ ക്ഷീണം എന്നിവയും ഉണ്ടാവും. പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗാവസ്ഥ വര്‍ദ്ധിക്കുകയും രണ്ടാഴ്ചക്ക് ശേഷം രോഗം മാറുകയും ചെയ്യുന്നു. ഈ സമയത്ത് കൃത്യമായ ഐസൊലേഷന്‍ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് റിനോഷിന് ഷോയിലേക്ക് മടങ്ങി വരാന്‍ സാധിക്കാതിരുന്നത്.
ഗ്രാന്‍ഡ് ഫിനാലെ ഉറപ്പിച്ചിരുന്ന റിനോഷിന്റെ വിടവാങ്ങല്‍ ആരാധകരിലും വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്. അസുഖം എന്നത് വിശ്വസിക്കാന്‍ പലരും തയ്യാറായിട്ടില്ലെന്നതുമാണ് ശ്രദ്ധേയം. 'താങ്കൾ പറഞ്ഞപോലെ എവിക്ട് ആയി പോയാൽ പോട്ടെ എന്ന് കരുതാം പക്ഷേ വോട്ട് ഉണ്ടായിട്ടും അസുഖം വന്ന് ഇറങ്ങി പോകേണ്ടി വരുന്നത് ഒരുപാട് സങ്കടം ഉണ്ടാക്കുന്ന ഒന്നാണ്. താങ്കൾ തിരികെ വരാൻ കാത്തിരുന്ന ഒരുപാട് മനുഷ്യരുടെ കമന്റുകൾ പല പ്രൊമോകളുടെ അടിയിലും നിങ്ങളുടെ പ്രൊഫൈലിനടിയിലും കാണാം'- എന്നാണ് അയന എന്നൊരു ആരാധിക കുറിക്കുന്നന്നത്.
നിങ്ങൾക്ക് വേണ്ടി വോട്ട് ചെയ്ത് നിങ്ങൾ തിരികെ എത്തുമെന്ന് കാത്തിരുന്ന മനുഷ്യരുടെ ഉള്ളിൽ നിങ്ങളെപ്പോഴേ വിജയിച്ചു കഴിഞ്ഞു. നിങ്ങളെ ഞങ്ങളൊരിക്കലും കൈയ്യൊഴിഞ്ഞിട്ടില്ല. ഞങ്ങളല്ല പുറത്താക്കുന്നതും. അസുഖം എന്ന പേരിലോ വേറെ പലരെയും സംരക്ഷിക്കാൻ ചാനൽ നടത്തിയ നാടകത്തിലോ നിങ്ങൾക്കവരൊരു വേഷം നൽകി. അവരെ വിശ്വസിച്ചു നിങ്ങളത് ആടി തീർത്തുവെന്നും അവർ കുറിക്കുന്നു.
താങ്കളുടെ ആഗ്രഹം പോലെ നാദിറയുടെ കുടുംബം അവളെ അംഗീകരിച്ചു. അവിടെ വന്ന കുഞ്ഞ് മക്കൾ മുതൽ അമ്മമാർ വരെ റിനോഷ് മോൻ എവിടെയെന്നു ചോദിച്ചുകൊണ്ടേയിരുന്നു. നിങ്ങൾ നല്ലൊരു മനുഷ്യനാണ് റിനോഷ്. ഏതവസ്ഥയിലും സ്വന്തം സുഹൃത്തുക്കളെ നെഞ്ചോടു ചേർത്ത് പിടിക്കുന്നവനാണ്. അതുകൊണ്ടാവണം ഒരുപാട് ഡീഗ്രേഡ്കളും കുറ്റപ്പെടുത്തലുകളുമൊക്ക ഉണ്ടായപ്പോഴും ഒരുപാട് മനുഷ്യർ നിങ്ങളെയും ചേർത്ത് പിടിച്ചതും താങ്കളുടെ തിരിച്ചുവരവിന് വേണ്ടി പോസ്റ്റുകളും കമന്റുകളുമിട്ട് കാത്തിരുന്നതും.
പോകുമ്പോൾ തലയുയർത്തി തന്നെ പോകണം ബ്രോ. കാരണം ജനങ്ങളായി ഇറക്കി വിട്ടതല്ല. വോട്ടില്ലാതെ പോകുന്നതല്ല. സാഹചര്യങ്ങൾ കൊണ്ട് പോകേണ്ടി വന്നതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബിഗ്സ്‌ക്രീനിൽ ഒരു സൂപ്പർ സ്റ്റാർ ആയി കാണാൻ സാധിക്കട്ടെ ഭാവിയിൽ - എന്നും ആരാധിക കൂട്ടിച്ചേർത്തു.












Click it and Unblock the Notifications