'റിനോഷിന് വൈറൽ ഫംഗസ് ബാധ, ഇനി ഷോയിൽ തുടരാൻ സാധ്യതയില്ല'; വൈറൽ ഓഡിയോ..പ്രതികരിച്ച് സുഹൃത്തുക്കൾ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും റിനോഷ് ജോർജ് പുറത്തായെന്ന തരത്തിലുള്ള ചർച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ റിനോഷ് ഇതുവരെ ബിഗ് ബോസ് ഹൗസിലേക്ക് മടങ്ങിയെത്തിയിരുന്നില്ല, ഇതോടെയാണ് ചർച്ചകൾ ചൂടുപിടിച്ചത്.
ടിക്കറ്റ് ടു ഫിനാലെയുടെ ഭാഗമായുള്ള കാർ ടാസ്കിന് പിന്നാലെ റിനോഷിന് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ചർമ്മത്തിൽ അലർജിയുണ്ടെന്ന് റിനോഷ് കാമറയെ നോക്കി കാണിക്കുന്നതായി എപ്പിസോഡിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ റിനോഷിനെ കണ്ണ് കെട്ടി കൊണ്ടുപോകുകയും അദ്ദേഹം ചികിത്സ തേടിയിരിക്കുകയാണെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി റിനോഷ് തിരികെ എത്തിയിട്ടില്ല, ഇതാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായത്. നേരത്തേ അഖിൽ മാരാരും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു. അദ്ദേഹം രണ്ടാം ദിവസം തന്നെ തിരികെ ഹൗസിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇത്രയും ദിവസമായിട്ടും മടങ്ങിയെത്താത്ത സാഹചര്യത്തിൽ റിനോഷ് ഷോയിൽ നിന്നും സ്വയമേ ഇറങ്ങിയോ എന്നതാണ് ആരാധകർ ഉയർത്തുന്ന ചോദ്യം.
ആരാധകരുടെ ആശങ്ക ഇരട്ടിപ്പിച്ച് ഒരു ഓഡിയോ സന്ദേശവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിനോഷിന് വൈറൽ ഫംഗസ് ബാധയാണെന്നും അതിനാൽ അദ്ദേഹം ഷോ വിടുകയാണെന്ന തരത്തിലുമുള്ളതാണ് ഓഡിയോ. 'വൈറൽ ഫംഗസാണെന്നാണ് പറയുന്നത്, റിനോഷിന് തുടരാൻ താത്പര്യമുണ്ട്, പക്ഷേ പകരാൻ സാധ്യത ഉള്ളതിനാൽ റിനോഷ് ഇനി ഷോയിൽ തുടരാൻ സാധ്യത ഇല്ല, അതിലൊരു തീരുമാനമായിട്ടുണ്ട്. ഇപ്പോൾ ആശുപത്രിയിൽ നിന്നും കിട്ടിയ അപ്ഡേറ്റ് ആണ്, എന്ത് ചെയ്യാനാണ് ആരോഗ്യത്തിന്റെ കാര്യമല്ലേ'. എന്നാണ് ഓഡിയോയിൽ പറയുന്നത്.
അതേസമയം ഓഡിയോ പ്രചരിക്കുന്ന സാഹചര്യത്തിൽ സീസൺ ഫോൺ മത്സരാർത്ഥിയായ ശാലിനി നായർ ഇത് സംബന്ധിച്ച് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന ഓഡിയോ ഔദ്യോഗികമല്ലെന്നും എന്നാൽ ഒട്ടും തള്ളിക്കളയാനും സാധിക്കില്ലെന്നുമാണ് ശാലിനി പറയുന്നത്. റിനോഷിന്റെ സഹോദരൻ ആരോഷ് റിനോഷിന് യാതൊരു പ്രശ്നവുമില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നിരുന്നാലും മൂന്ന് ദിവസമായി അദ്ദേഹം ഷോയിൽ ഇല്ല. ഭാഗ്യക്കേട് കൊണ്ട് റിനോഷ് ബ്രോയ്ക്ക് തിരികെ വരാൻ കഴിഞ്ഞില്ലെങ്കിലോയെന്നതാണ്. ശുഭാപ്തി വിശ്വാസത്തോടെ തന്നെ പ്രിയ താരത്തിനായി കാത്തിരിക്കാം', എന്നാണ് ശാലിനി വ്യക്തമാക്കിയത്.
അതിനിടെ റിനോഷിന് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും അഭ്യർത്ഥീച്ച് കൊണ്ടുള്ള കുറിപ്പാണ് റിനോഷിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ സുഹൃത്തുക്കൾ പങ്കിട്ടിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ-'പ്രിയമുള്ളവരെ, റിനോഷിന് വേണ്ടി നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും കരുതലിനും ഒരിക്കൽ കൂടി നന്ദി. ക്ഷമിക്കണം, 3 ദിവസമായി നിരവധി കോളുകളും മെസേജുകളും റിനോഷിനോടുള്ള സ്നേഹമായി അണമുറിയാതെ പ്രവഹിച്ചതിനാൽ നിങ്ങൾ പലരുടെയും സംശയങ്ങൾക്ക് നേരിട്ട് മറുപടി നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല.
റിനോഷ് സുഖമായിരിക്കുന്നു, അസുഖത്തിൽ നിന്ന് സുഖം പ്രാപിച്ചു വരുന്നു. റിനോഷ് ബിഗ് ബോസിൽ നിന്ന് ഇറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളും യൂട്യൂബ് ചാനലുകളുടെ പ്രചാരണങ്ങളും വിശ്വസിക്കരുതെന്ന് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. റിനോഷ് ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. പ്രേക്ഷകരെ സംശയത്തിലാക്കുവാനും മറ്റ് മത്സരാർത്ഥികൾക്ക് വേണ്ടി വോട്ടുകൾ നേടിയെടുക്കാനും പലരും ഈ വ്യാജപ്രചരണം മനഃപൂർവം തുടരുകയാണ്.
ഓരോ മത്സരാർത്ഥികളുടേയും നിലവിലെ സ്ഥിതി ബിഗ് ബോസ് ടീം തന്നെ എപ്പോഴും ഔദ്യോഗികമായി പ്രഖ്യാപിക്കും. നിലവിൽ, റിനോഷ് ഈ ആഴ്ചയിലെ വീക്കിലി എവിക്ഷൻ ലിസ്റ്റിൽ ഉണ്ട്. ഹോട്ട്‌സ്റ്റാറിൽ റിനോഷിന് വേണ്ടി വോട്ടുകൾ ചെയ്തുകൊണ്ട് നമുക്കെല്ലാവർക്കും അദ്ദേഹത്തോടുള്ള പിന്തുണയും സ്നേഹവും പ്രകടിപ്പിക്കാം', കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications