'ആദ്യം അത് സംഭവിക്കണം, എന്നിട്ട് റിനോഷിനെ ആശുപത്രിയിൽ നിന്നും കൊണ്ടുവരണം'; അഖിലിന്റെ ഐഡിയ
കൊച്ചി: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും പോയ റിനോഷ് ജോർജ് ഇതുവരെ ഹൗസിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഫിനാലേയ്ക്ക് ഇനി വെറും 10 ദിവസങ്ങൾ മാത്രം ശേഷിക്കെ റിനോഷ് ഷോയിൽ തുടർന്ന് ഉണ്ടാകില്ലേയെന്നുള്ള ആശങ്കകളും ചർച്ചകളും ബിഗ് ബോസ് ഗ്രൂപ്പുകളിൽ നടക്കുന്നുണ്ട്. ഹൗസിലും റിനോഷിന്റെ അസാന്നിധ്യം വലിയ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ റിനോഷിനെ കുറിച്ച് മത്സരാർത്ഥികൾ നടത്തുന്ന അത്തരത്തിലൊരു ചർച്ചയാണ് വൈറലാകുന്നത്.
ഗാർഡൻ ഏരിയയിൽ ഇരുന്ന് കൊണ്ടാണ് സഹമത്സരാർത്ഥികൾ സംസാരിക്കുന്നത്. ജുനൈസാണ് റിനോഷിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഒരുപക്ഷെ റിനോഷിനെ കുറിച്ച് പുറത്ത് അധികം ചർച്ച നടക്കുന്നുണ്ടാകില്ലെന്ന് ജുനൈസ് പറയുകയായിരുന്നു. എന്നാൽ ഇത് അനിയൻ മിഥുൻ തിരുത്തി. തീർച്ചയായും സംസാരിക്കുന്നുണ്ടാകും, അവനെ കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമാണ്', മിഥുൻ പറഞ്ഞു. എന്നാൽ താനതല്ല ഉദ്ദേശിച്ചതെന്ന് ജുനൈസ് വിശദീകരിച്ചു.' ഹൗസിലേക്ക് എത്തിയ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ എല്ലാവരും റിനോഷ് എവിടെ എന്നാണ് ചോദിക്കുന്നത്. അതിനർത്ഥം പ്രേക്ഷകർക്കും അവനെ കുറിച്ച് വിവരമില്ലെന്നാണ്. അപ്ഡേറ്റുകൾ ചിലപ്പോൾ പുറത്ത് പോകുന്നുണ്ടാകില്ല', ജുനൈസ് പറഞ്ഞു.

ഇനിയും ഒരു കുടുംബത്തിന് കൂടി ബിഗ് ബോസിലേക്ക് വരാൻ സമയം ഉണ്ടെന്നും ചിലപ്പോൾ റിനോഷും ഫാമിലിയും ഒരുമിച്ച് ബിഗ് ബോസിലേക്ക് വരുമായിരിക്കുമെന്നും ജുനൈസ് പറഞ്ഞു. എന്നാൽ ഇതിനിടയിൽ അഖിൽ ഇടപെട്ടു. റിനോഷും കുടുംബവും ഒരുമിച്ച് വന്നാൽ ഒരു കണ്ടന്റും ഉണ്ടാകാൻ പോകുന്നില്ലെന്നും മറിച്ച് റിനോഷ് വരും മുൻപ് അവന്റെ മാതാപിതാക്കളെ ഇവിടെ കൊണ്ടുവരണമെന്നും അഖിൽ പറഞ്ഞു.
'റിനോഷ് അറിയുന്നില്ല ഇങ്ങനെ ഒരു ടാസ്ക് നടക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ അവന്റെ കുടുംബാംഗങ്ങൾ ആദ്യം ഹൗസിൽ എത്തണം. അവൻ വീട്ടിലേക്ക് വന്ന് കയറുമ്പോൾ അവന്റെ അപ്പനും അമ്മയേയും ആദ്യം കണ്ട് കഴിയുമ്പോൾ അവൻ ഞെട്ടും. കാരണം ഇങ്ങനെയൊരു ടാസ്ക് ഉണ്ടാകുമെന്ന് അവൻ ചിന്തിക്കുന്ന് കൂടി ഉണ്ടാകില്ല', അഖിൽ പറഞ്ഞു. അഖിലിന്റെ ഐഡിയ നടപ്പായാൽ അത് ഗംഭീര നിമിഷമായിരിക്കുമെന്ന് മറ്റ് മത്സരാർത്ഥികളും ഇതോടെ സമ്മതിച്ചു.
' ടിക്കറ്റ് ടു ഫിനാലെ' ടാസ്കിന്റെ ഭാഗമായുള്ള കാർ ടാസ്കിന് പിന്നാലെയായിരുന്നു റിനോഷ് ഹൗസിൽ നിന്നും പോയത്. ചർമ്മത്തിൽ അലർജി ഉണ്ടായതിനെ തുടർന്ന് റിനോഷ് ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. ഇതോടെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത്രയും ദിവസമായിട്ടും എന്തുകൊണ്ടാണ് റിനോഷ് മടങ്ങിയെത്താത്തത് എന്നാണ് ആരാധകരുടെ ചോദ്യം.
കഴിഞ്ഞ ദിവസം റിനോഷിനെ കുറിച്ച് ആശുപത്രിയിൽ നിന്നുള്ള വിവരം എന്ന പേരിൽ ഒരു ഓഡിയോ സന്ദേശം ബിഗ് ബോസ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. റിനോഷിന് ഗുരുതരമായ അലർജിയാണെന്നും പകരുന്നതിനായതിനാൽ ഹൗസിലേക്ക് മടങ്ങിയെത്താൻ സാധിക്കില്ലെന്നുമായിരുന്നു ഓഡിയോയിലെ വാക്കുകൾ. ഇതോടെ കടുത്ത നിരാശയിലായിരുന്നു റിനോഷിന്റെ ആരാധകർ.
എന്നാൽ ഈ ഓഡിയോ തള്ളി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ രംഗത്തെത്തിയിരുന്നു. വ്യാജവാർത്തകളാണ് പ്രചരിക്കുന്നതെന്നും അസുഖം ഭേദമായാൽ ഉടൻ തന്നെ റിനോഷ് ഹൗസിലേക്ക് മടങ്ങുമെന്നുമായിരുന്നു താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയുള്ള അറിയിപ്പ്. റിനോഷിന്റെ ബിഗ് റീ എൻട്രിക്കായി കാത്തിരിക്കാമെന്നും കുറിപ്പിൽ പറഞ്ഞു. അതേസമയം ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ റിനോഷിന് ഹൗസിലേക്ക് മടങ്ങി വരാൻ സാധിച്ചില്ലെങ്കിൽ ഒരു പക്ഷേ അദ്ദേഹത്തിന് ഹൗസിനോട് എന്നന്നേക്കുമായി വിടപറയേണ്ടി വരുമെന്ന ചർച്ചകൾ ശക്തമാണ്. ഇനി വെറും 10 ദിവസം മാത്രമാണ് ഫിനാലേക്ക് ഉള്ളത്. ജുലൈ രണ്ടിനാണ് ഫിനാലെ നടക്കുക.












Click it and Unblock the Notifications