'ശോഭ ചേച്ചി വിന്നറോ രണ്ടാമതോ ആകുമെന്ന് പലരും പറഞ്ഞിരുന്നു.. പക്ഷെ,'; മനസ് തുറന്ന് ജുനൈസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധേയനായ മത്സരാര്‍ത്ഥിയായിരുന്നു ജുനൈസ്. ഈ സീസണിലെ ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥിയും വിജയിയുമായ അഖില്‍ മാരാരോട് തോളോട് തോള്‍ ചേര്‍ന്ന് പോരാടിയത് ജുനൈസാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാം അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ ഈ സീസണിലെ മൂന്നാം സ്ഥാനവും ജുനൈസാണ് നേടിയത്. എന്നാല്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ അഭിപ്രായവ്യത്യസങ്ങളെല്ലാം അവിടെ തീര്‍ന്നു എന്നാണ് ജുനൈസ് പറയുന്നത്.
ഫിനാലെയ്ക്ക് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു ജുനൈസിന്റെ പ്രതികരണം. വോട്ട് ചെയ്ത് എന്നെ ഇവിടെ വരെ എത്തിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദിയുണ്ടെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു. അഖില്‍ മാരാര്‍ ബ്രില്യന്റായിട്ടുള്ള ഗെയിമറാണ് എന്നും ജുനൈസ് അഭിപ്രായപ്പെട്ടു. ജുനൈസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

''വോട്ട് ചെയ്ത് എന്നെ ഇവിടെ വരെ എത്തിച്ച പ്രേക്ഷകരോട് ഒരുപാട് നന്ദി. നൂറ് ദിവസം നില്‍ക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ 60 ദിവസത്തിന് ശേഷം ഫൈനലിസ്റ്റാകും എന്ന് ഉറപ്പുണ്ടായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം കമന്റുകളൊക്കെ ശ്രദ്ധയില്‍പ്പെട്ടു. സപ്പോര്‍ട്ട് ചെയ്യുന്നവരും നെഗറ്റീവ് പറയുന്നവരും ഉണ്ട്. അവിടെ വരുന്ന 21 പേരും ഒന്നാം സ്ഥാനം സ്വപ്‌നം കണ്ടിട്ട് വരുന്നവരാണ്.
ഞാനും മാരാരുമായിട്ടായിരുന്നു ഫൈറ്റ് എന്ന് എനിക്ക് തോന്നുന്നു. ഗെയിമിന്റെ ഭാഗമായി നമ്മള്‍ പലതും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞിട്ടുണ്ടാകും. ജനവിധി അത്രയും വന്നത് കൊണ്ടാണല്ലോ പുള്ളി ജയിച്ചത്. അതിനാല്‍ പുള്ളി ഡിസര്‍വിംഗ് ആണ്. അതിനുള്ളിലുള്ള എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഗെയിം പ്ലാനുണ്ടായിരുന്നു. ആശയപരമായി ഒരുപാട് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
ആ തര്‍ക്കങ്ങളൊക്കെ വാതിലിന് അപ്പുറത്തിട്ടിട്ടാണ് ഞാന്‍ വരുന്നത്. അതിനപ്പുറത്ത് എനിക്ക് ആരോടും ദേഷ്യമോ പകയോ ഒന്നുമില്ല. എല്ലാവരും ബിഗ് ബോസിലെ കുടുംബാംഗങ്ങളാണ്. ലൈഫ് ലോംഗ് കോണ്‍ടാക്ട് വെക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തികളാണ്. ഉള്ളിലുള്ള ആള്‍ക്കാരേക്കാള്‍ പുറത്തുള്ള ജനങ്ങളാണ് ഗെയിം എങ്ങനെയാണെന്ന് തീരുമാനിക്കുന്നത്. ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാള്‍ വിന്നറായി.
പഴയ ഹൗസ്‌മേറ്റ്‌സൊക്കെ വന്നപ്പോള്‍ ചിലര്‍ പറഞ്ഞു ശോഭചേച്ചി വിന്നറാകാനോ രണ്ടാമത് വരാനോ സാധ്യതയുണ്ട് എന്നൊക്കെ. അഖില്‍ മാരാര്‍ ബ്രില്യന്റായിട്ടുള്ള ഗെയിമറാണ്. ഇവിടെ വരെ എത്താന്‍ പറ്റിയതില്‍ വലിയ സന്തോഷമുണ്ട്. നിങ്ങള്‍ വിചാരിക്കുന്ന പോലെ അല്ല അതിന്റെ ഉള്ളില്‍. ഞാനൊക്കെ മുന്‍കാല സീസണ്‍ കാണുമ്പോള്‍ ഇത് സുഖമാണല്ലോ, ലാലേട്ടന്‍ വരുമല്ലോ എന്നൊക്കെയാണ് കരുതിയത്.
എന്നാല്‍ അങ്ങനെയൊന്നുമല്ല. വേറൊരു ലോകമാണ് ശരിക്കും അത്. ബിഗ് ബോസിനുള്ളില്‍ സ്ട്രാറ്റജി വര്‍ക്ക് ഔട്ട് ചെയ്ത് ഒരു 10 ദിവസമൊക്കെ നില്‍ക്കാന്‍ പറ്റുമായിരിക്കും. അതിനപ്പുറം ഒന്നും നടക്കില്ല. കാരണം നമ്മുടെ ഇമോഷന്‍സ് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല.''












Click it and Unblock the Notifications