മീര അനിൽ ബിഗ് ബോസിലേക്കോ? സന്തോഷ് വർക്കിയും ഹനാനും?; സാധ്യത ലിസ്റ്റ് ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രക്ഷേകർ. ഇതുവരെ കഴിഞ്ഞ സീസണുകളിൽ വലിയ ഒച്ചപ്പാടുകൾക്കും കടുത്ത മത്സരത്തിനും കളമൊരുങ്ങിയ ഒരു സീസണായിരുന്നു കഴിഞ്ഞ സീസൺ. വരാനിരിക്കുന്ന സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികൾ ഷോ എവിടെ വെച്ച് നടക്കും എന്നത് സംബന്ധിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്.

ഫെബ്രുവരിയിൽ സീസൺ 5 തുടങ്ങിയേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാൽ മാർച്ച് അവസാനത്തോടെയായിരിക്കും പുതിയ സീസണ് തുടക്കമാവുകയെന്നാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ ശാലിനി നായർ വ്യക്തമാക്കിയത്. മാർച്ച് 25 ന് ഉള്ളിൽ സീസൺ തുടങ്ങാനാണ് സാധ്യതയെന്നും താരം പറഞ്ഞിരുന്നു.

നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ മത്സരത്തിനെക്കാളും അതി ശക്തമായ പോരാട്ടത്തിനാകും ബിഗ് ബോസ് സീസൺ 5 വേദിയാകുകയെന്നും ശാലിനി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള സൂചനകൾ പലതും ലഭിച്ചിട്ടുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. ഇതോടെ പ്രേക്ഷകരുടെ ആകാംഷ ഇരട്ടിയായിരികുകയാണ്.

ബിഗ് ബോസ് മലയാളത്തിൽ തുടക്കത്തിൽ സിനിമാ-സീരിയൽ മേഖലകളിൽ നിന്നുള്ളവരായിരുന്നു കൂടുതലായി ഉൾപ്പെട്ടിരുന്നത്. എന്നാൽ സീസൺ 3 യോട് കൂടി ആ ട്രന്റിന് മാറ്റം വന്നു. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തിയ വ്യക്തികളായിരുന്നു കൂടുതലായും മത്സരത്തിൽ ഉൾപ്പെട്ടിരുന്നത്. സീസൺ 4 ലും അതേ ട്രെന്റായിരുന്നു ആവർത്തിച്ചത്.

ഡോ റോബിൻ രാധാകൃഷ്ണൻ, റിയാസ് സലീം, ജാസ്മിൻ എം മൂസ, നിമിഷ ,അപർണ മൾബറി തുടങ്ങിയവരെല്ലാം ഇൻഫ്ലുവൻസർ എന്ന നിലയിലായിരുന്നു ഷോയിലെത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ അധികം സ്വാധീനമുള്ള താരങ്ങൾ ഷോയ്ക്ക് അകത്തും പുറത്തും തരംഗം തീർക്കുന്നതായിരുന്നു കാഴ്ച. അതുകൊണ്ട് തന്നെ ഇക്കുറിയും ഇൻഫ്ലുവൻസേഴ്സ് കൂടുതലായി ഇടംപിടിക്കാനുള്ള സാധ്യതകൾ സോഷ്യൽ മീഡിയ തള്ളി കളയുന്നില്ല.

സീസൺ 4 ലെ ധന്യയുടെ ഭർത്താവായ ജോൺ ജേക്കബ്, ശീതൾ ശ്യാം, മോഡലായ ജാജു ജെഎസ്,ആർജെ സുമി, ആർദ്ര സാജൻ, പാരിസ് ലക്ഷ്മി, ഡി ഫോർ ഡാൻസർ കുക്കു എന്നിവരുടെ പേരുകൾക്ക് സാധ്യത കൂടുതലുണ്ടെന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ ചില വ്ലോഗർമാർ.നടി ബീന ആന്റണി, നടിയും അവതാരകയുമായ ശിൽപ ബാല എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്.

അവതാരകയായ മീര അനിലിനും സാധ്യത കൽപ്പിക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ 4 ൽ മൂന്നാം സ്ഥാനം നേടിയ റിയാസിനെതിരെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിക്കിടെ മീര നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. മീരയെ പോലൊരു മത്സരാർത്ഥി ഷോയിൽ വരണമെന്നാണ് സോഷ്യൽ മീഡിയയ ആഗ്രഹിക്കുന്നതെന്ന് വ്ലോഗറായ രേവതി പറയുന്നു. സന്തോഷ് വർക്കി, ഹനാൻ, ആർജെ സുമി, ആർദ്ര സാജൻ, പാരിസ് ലക്ഷ്മി, ഡി ഫോർ ഡാൻസർ കുക്കു,പാലാ സജി എന്നിവരുടെ പേരുകളും ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ സീസണിൽ തന്നെ ക്ഷണിച്ചിരുന്നതായി നേരത്തേ പാല സജി വെളിപ്പെടുത്തിയിരുന്നു.

അതേസമയം മോഹൻലാൽ തന്നെ ഇക്കുറിയും ഷോയുടെ അവതാരകനായി എത്തുമോയെന്ന ആകാംഷയും നിലനിൽക്കുന്നുണ്ട്. സീസൺ 5 ൽ അവതാരകൻ മാറിയേക്കുമെന്നും മുകേഷോ സുരേഷ് ഗോപിയോ എത്തിയേക്കുമെന്നെല്ലാം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്തായാലും ഇത് സംബന്ധിച്ച് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications