മാരക ട്വിസ്റ്റ്; പുറത്തായ നാദിറ ഫിനാലെയിലേക്ക്... കണ്ടോ ടിക്കറ്റ് ടു ഫിനാലെയുടെ ശക്തിയെന്ന് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. വീക്കെന്‍ഡ് എപ്പിസോഡായ ഇന്ന് ഡബിള്‍ എവിക്ഷനുണ്ടാകും എന്നായിരുന്ന എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രവചനാതീതം എന്ന വിശേഷണം ബിഗ് ബോസ് ഇന്നത്തെ എപ്പിസോഡിലും ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് ആരും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് പോയില്ല.
എന്നാല്‍ അത്യന്തം നാടകീയമായ രംഗങ്ങളാണ് ഇന്ന് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. ഇന്നലെ വിഷ്ണു ജോഷി പുറത്തായതിനാല്‍ സെറീന, ജുനൈസ്, ഷിജു, അഖില്‍, റെനീഷ, നാദിറ എന്നിവരായിരുന്നു നോമിനേഷന്‍ ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്നത്. ഇതില്‍ റെനീഷയോ നാദിറയോ പുറത്ത് പോകും എന്നായിരുന്നു പ്രോമോയില്‍ ഉണ്ടായിരുന്ന സൂചന. ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും നാദിറ പുറത്ത് പോകാനാണ് സാധ്യത എന്നാണ് കൂടുതല്‍ പേരും കരുതിയത്.

എവിക്ഷന്‍ പ്രക്രിയയ്ക്കായി ബിഗ്‌ബോസ് ഹൗസിന്റെ മുന്നില്‍ ഇത്തവണ അഞ്ച് പെട്ടികള്‍ തയ്യാറാക്കി വെച്ചിരുന്നു. ഷോ അവതാരകനായ മോഹന്‍ലാല്‍ നമ്പര്‍ വിളിക്കുന്നതിന് അനുസരിച്ച് ഓരോ പെട്ടിയായി എടുത്ത് വെക്കും. എന്നിട്ട് അതില്‍ വെച്ച പേര് വായിക്കുകയും ചെയ്യും. ഇത്തരത്തില്‍ പേര് വിളിക്കുന്ന ആള്‍ സേഫ് ആകുന്ന തരത്തിലാണ് എവിക്ഷന്‍ പ്രക്രിയ തയ്യാറാക്കിയിരുന്നത്.
ഇത് പ്രകാരം മോഹന്‍ലാല്‍ എടുത്ത ആദ്യത്തെ നമ്പര്‍ രണ്ട് ആയിരുന്നു. ഇതുവഴി സെറീന സേഫ് ആയി. രണ്ടാമത് എടുത്ത ഒന്നാം നമ്പര്‍ പെട്ടിയിലൂടെ ജുനൈസും സേഫ് ആയി. മൂന്നാമത് എടുത്തത് നാലാം നമ്പര്‍ പെട്ടിയിലൂടെ ഷിജുവും, മൂന്നാമത്തെ പെട്ടിയിലൂടെ അഖിലും സേഫായി. ഇതോടെ പിന്നീട് ലിസ്റ്റില്‍ ബാക്കിയുള്ളത് റെനീഷയും നാദിറയും ആയിരുന്നു. ഇവരില്‍ ഒരാളോ രണ്ടാളോ പുറത്ത് പോയേക്കാം എന്ന നില വന്നു.
എന്നാല്‍ ഒരു പെട്ടി കൂടി ഉണ്ടെന്നും അതിന്റെ നമ്പര്‍ വായിക്കണം എന്നും മോഹന്‍ലാല്‍ ശോഭയോട് ആവശ്യപ്പെട്ടു. ഇതില്‍ ആരാണ് സേഫ് ആകേണ്ടത് എന്ന ചോദ്യത്തോട് നാദിറ എന്നായിരുന്നു ശോഭ പറഞ്ഞത്. എന്നാല്‍ അതിന് ശേഷം അഞ്ചാം നമ്പര്‍ പെട്ടിയിലൂടെ റെനീഷയാണ് സേഫ് എന്ന് ശോഭ പറഞ്ഞു. ഇതോടെ നാദിറയോട് മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് തന്റെ അടുത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു.
പിന്നീട് വികാരഭരിതമായ രംഗങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. എല്ലാവരോടും യാത്ര പറഞ്ഞ് നാദിറ പുറത്തേക്ക് പോകാന്‍ ഇറങ്ങി. എന്നാല്‍ വാതില്‍ തുറന്നതോടെയാണ് വന്‍ സര്‍പ്രൈസ് പുറത്ത് വന്നത്. 'വെല്‍ക്കം ടു ഫിനാലെ നാദിറ' എന്ന് സ്‌ക്രീനാണ് നാദിറയെ വരവേറ്റത്. ഇതോടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. വലിയ ഭാഗ്യമാണ് നാദിറക്ക് ലഭിച്ചിരിക്കുന്നത് എല്ലാവരും പറഞ്ഞു.
നേരിട്ട് നാദിറ ഫൈനലിലെത്തിയിരിക്കുകയാണ് എന്നും ഇതാണ് ടിക്കറ്റ് ടു ഫിനാലെയുടെ ശക്തിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. പിന്നാലെ ക്യാപ്റ്റനായ ജുനൈസ് നാദിറക്ക് ടിക്കറ്റ് ടു ഫിനാലെ സമ്മാനിക്കുകയും ചെയ്തു. അടുത്ത ആഴ്ച നാദിറയൊഴികെ എല്ലാവരും നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടാകും എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഇന്ന് കളം വിട്ടത്.












Click it and Unblock the Notifications