സാഗറിനോടുള്ള പ്രണയം സത്യമായിരുന്നോ? പിന്നീട് എന്തുകൊണ്ട് പിന്‍വാങ്ങി? നാദിറ വെളിപ്പെടുത്തുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും പണപ്പെട്ടി എടുത്ത് പുറത്ത് പോവാനുള്ള തന്റെ തീരുമാനത്തിന് വലിയ പിന്തുണ ലഭിച്ചുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നാദിറ മെഹ്റിന്‍. ചിലർ മാത്രമാണ് അത് വേണമായിരുന്നോ എന്ന് ചോദിച്ചത്. പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെ പുറത്ത് വന്നതില്‍ യാതൊരു വിധത്തിലും കുറ്റബോധം ഇല്ല. കൃത്യസമയത്താണ് ഞാന്‍ പണപ്പെട്ടി എടുത്തതെന്നും നാദിറ പറയുന്നു. ജിഞ്ചർ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അടുത്ത പെട്ടിയില്‍ വരുന്നത് വലിയ തുകയായിരുന്നെങ്കില്‍ ഒരു പക്ഷെ ഏതെങ്കിലും തരത്തിലുള്ള മത്സരം അവിടെ നടക്കുമായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തുന്ന വ്യക്തിക്ക് പ്രൈസ് മണി ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പണപ്പെട്ടി എടുക്കുമായിരുന്നില്ല. പരമാവാധി രണ്ടാം സ്ഥാനം വരെയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പ്രൈസ് മണി എന്നുള്ളത് ഒരു പ്രധാന ഘടകം തന്നെയാണെന്നും പറയുന്ന നാദിറ സാഗറുമായുള്ള പ്രണയം നൂറ് ശതമാനം ആത്മാർത്ഥമായിരുന്നുവെന്നും വ്യക്തമാക്കുന്നു.

ബിഗ് ബോസ് പോലുള്ള ഒരു ഷോയ്ക്ക് അകത്ത്, പുറത്ത് ആരെയും കാണാതെ കഴിഞ്ഞു പോവുന്ന സാഹചര്യത്തില്‍ അവിടെയുള്ള ഏതെങ്കിലും ഒരാളാട് പ്രത്യേക താല്‍പര്യവും സ്നേഹവും പ്രണയവുമൊക്കെ തോന്നാം. പ്രണയമുണ്ടായാല്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത്, ആ വ്യക്തിയെ കൃത്യമായി മനസ്സിലാക്കുക എന്നുള്ളതാണ്. അവർക്ക് നമ്മള്‍ കംഫർട്ടബ്ള്‍ ആണോയെന്നും നോക്കണം. ഇതെല്ലാം സാഗറിനോട് പ്രണയം തുറന്ന് പറയുന്നതിന് മുമ്പ് ഞാന്‍ ചെയ്തിരുന്നു.
തുടക്കത്തില്‍ തന്നെ ചാടിക്കയറി പ്രണയം പറയുകയായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അവനോട് പറയുന്നത്. തുടക്കത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന മറുപടിയല്ല ലഭിക്കുന്നതെങ്കിലും വീണ്ടും നമ്മള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. സത്യത്തില്‍ എനിക്ക് ഒരു തരത്തിലുള്ള പ്രതീക്ഷയും പുള്ളി തന്നിരുന്നില്ല. ഒടുവില്‍ 'നോ' ആണെന്ന് മനസ്സിലാക്കുമ്പോള്‍ നമുക്ക് വേറെ സാധ്യതകളില്ല. അതുകൊണ്ടാണ് പഴയ സുഹൃത്തുക്കളായി മുന്നോട്ട് പോവാമെന്ന് കരുതിയത്.
സാഗറുമായുള്ള പ്രണയം ഒരിക്കലും അവിടുത്തെ നിലനില്‍പ്പിന് വേണ്ടി ചെയ്ത കാര്യമേ ആയിരുന്നില്ല. അത് ഞാന്‍ ഉറപ്പിച്ച് പറയുന്നു. പ്രണയം ഉണ്ടായതുകൊണ്ട് തന്നെയാണ് ഞാന്‍ തുറന്ന് പറഞ്ഞത്. എല്ലാവർക്കും പ്രണയം ഉണ്ടാവും. ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയുക എന്നുള്ളതാണ് പ്രധാനം. ഒരു തരത്തിലും അവനെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് പോയിരുന്നില്ല. പക്ഷെ പുറത്ത് ഇറങ്ങിയപ്പോഴാണ് അവനെ അത് ബാധിച്ചിരുന്നു എന്ന് മനസ്സിലാക്കിയത്. അങ്ങനെയൊന്നും ഞാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നാദിറ പറയുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ എല്ലായിടങ്ങളില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിട്ട് വളർന്നുവന്ന വ്യക്തിയാണ് ഞാന്‍. അവിടെ നിന്നാണ് ജീവിക്കാനുള്ള പ്രചോദനം കിട്ടിയത്. ഞാന്‍ ഒരു അഭിമാനമാണെന്ന് അവരെക്കൊണ്ട് തന്നെ പറയിപ്പിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ബിഗ് ബോസില്‍ നേരിടേണ്ടി വന്ന വലിയ പ്രശ്നങ്ങളെപ്പോലും ചെറിയ രീതിയില്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ സാധിച്ചത്, അതിനേക്കാള്‍ വലിയ പ്രശ്നം പുറത്ത് ജീവിതത്തില്‍ നേരിട്ടതുകൊണ്ടാണ്.
അനുവുമായുള്ള ആ വിഷയമൊക്കെ എനിക്ക് വലിയ വിഷമം തോന്നിയ കാര്യമാണ്. അതിനെയൊക്കെ മറന്ന് പിന്നെയും മുന്നോട്ട് പോവാന്‍ സാധിച്ചത് ജീവിതത്തില്‍ അതുവരെയുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ആത്മഹത്യയെക്കുറിച്ചൊക്കെ ആലോചിച്ച വ്യക്തിയാണ് ഞാന്‍. അങ്ങനെ ഒരു തെറ്റ് പറ്റിയിരുന്നെങ്കില്‍ ഈ പറയുന്ന ശബ്ദം ഉണ്ടാവില്ല. അതിനെയൊക്കെ മറികടന്ന് മുന്നോട്ട് വരിക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴും അതിജിവിച്ചുകൊണ്ടിരിക്കുന്നുവെന്നും നാദിറ കുട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications