'ടിക്കറ്റ് ടു ഫിനാലെ ജയിച്ചാലും നാദിറ പുറത്താകും? പിന്നെന്തിനാണ് ഈ ടാസ്‌ക്'; ആകാംക്ഷയില്‍ പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനത്തിലേക്ക് അടുക്കുകയാണ്. അതിനാല്‍ തന്നെ മത്സരാര്‍ത്ഥികളെല്ലാം ടോപ് 5 ല്‍ എത്താന്‍ ആവേശകരമായ പ്രകടനമാണ് നടത്തുന്നത്. ഈ സീസണിന്റെ ആദ്യ എപ്പിസോഡുകളില്‍ അധികം ആരും ശ്രദ്ധിക്കാതിരിക്കുകയും പിന്നീട് എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് മുന്നിലേക്ക് വരികയും ചെയ്ത മത്സരാര്‍ത്ഥിയാണ് നാദിറ മെഹ്‌റിന്‍.
നാദിറക്ക് ഇന്ന് വലിയൊരു പ്രേക്ഷക പിന്തുണ പുറത്തുണ്ട്. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ആക്ടീവായ മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് നാദിറയെ പലരും കണക്കാക്കുന്നത്. യൂട്യൂബില്‍ നാദിറയുടെ തഗ് ഡയലോഗുകള്‍ക്ക് വലിയ ആരാധകരുമുണ്ട്. നിലവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ടിക്കറ്റ് ടു ഫിനാലെ ആണ് എന്ന ടാസ്‌കാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ ടാസ്‌കില്‍ വിജയിക്കുന്ന ഒരു മത്സരാര്‍ത്ഥിക്ക് നേരിട്ട് ഫൈനലില്‍ എത്താം.

അതിനാല്‍ തന്നെ എല്ലാ മത്സരാര്‍ത്ഥികളും അങ്ങേയറ്റത്തെ വാശിയോടെയാണ് ടാസ്‌കില്‍ പങ്കെടുക്കുന്നത്. ഇതുവരെയുള്ളടാസ്‌കിലെ പ്രകടനം വെച്ച് നാദിറയാണ് മികച്ച പ്രകടനം നടത്തുന്നത്. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷ് ജോര്‍ജും നില്‍ക്കുന്നു. ടിക്കറ്റ് ടു ഫിനാലെയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും നാദിറ ഈ ആഴ്ച എവിക്ടാകുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം.
നോമിനേഷനില്‍ ഉള്ള നാദിറ തന്നെ ഇക്കാര്യം ബിഗ് ബോസ് ഹൗസിനുള്ളില്‍ സഹമത്സരാര്‍ത്ഥികളോട് ചോദിക്കുകയും ചെയ്തിരുന്നു. റിനോഷ്, ജുനൈസ്, മിഥുന്‍ എന്നിവരോട് ആയിരുന്നു നാദിറ ഇക്കാര്യം ചോദിച്ചത്. 'ഞാന്‍ എവിക്ഷനില്‍ ഔട്ട് ആയി പോയാലോ. പ്രവചനാതീതമാണ് ഈ വിഷയം. കാരണം ഇവിടെ ആര്‍ക്കും അതില്‍ ഒരുറുപ്പുമില്ല,' നാദിറ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് നീതിയല്ലെന്ന് നിങ്ങള്‍ക്ക് തോന്നില്ലേ എന്നാണ് നാദിറ ചോദിക്കുന്നത്.
തനിക്കിപ്പോള്‍ ഭയങ്കര സന്തോഷവും അഭിമാനവും ഉണ്ടെന്നും താന്‍ ഫൈനലില്‍ വരണമെന്ന് ആഗ്രഹിച്ച കുറച്ച് പേരിവിടെ ഉണ്ടെന്നും നാദിറ പറയുന്നു. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ എന്നാല്‍ ഫൈനലില്‍ നേരിട്ട് കേറുക എന്നല്ലേയെന്നും പിന്നെ എവിക്ഷന്‍ നോക്കേണ്ട കാര്യമുണ്ടോ എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
ഇതുവരെയുള്ള വോട്ടിംഗ് നോക്കിയാല്‍ നാദിറ, സെറീന, ഷിജു ഇവര്‍ മൂന്നുപേരും ഡേയ്ഞ്ചര്‍ സോണിലാണെന്നും നാദിറ ടിക്കറ്റ് ടു ഫിനാലെ ജയിച്ചാല്‍ ഡയറക്റ്റ് ആയിട്ട് ഫിനാലെ വീക്കിലേക്ക് പോകുമോ എന്നുമാണ് സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് സംബന്ധിയായ ഗ്രൂപ്പില്‍ ഒരു പ്രേക്ഷകന്‍ ചോദിക്കുന്നത്. 'പണ്ട് മനീഷയ്ക്ക് സംഭവിച്ചത് പോലെ നാദിറയ്ക്ക് പറ്റുമോ? ടിക്കറ്റ് ടു ഫിനാലെ ജയിക്കുന്നയാളെ ഔട്ട് ആക്കാന്‍ പാടില്ല എന്നൊരു തീരുമാനം ബിഗ് ബോസെടുത്താല്‍ ഷിജു സെറീനയ്‌ക്കൊപ്പം പുറത്താവും', എന്നാണ് ഒരാളുടെ കമന്റ്.
നാദിറയെ വോട്ടിംഗിലൂടെ എല്ലാവരും പിന്തുണക്കണം എന്നാണ് മറ്റൊരാളുടെ കമന്റ്. എലിമിനേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ മിഥുനായിരുന്നു പുറത്താകേണ്ടിയിരുന്നത് എന്നും നാദിറ പുറത്താകുകയും മിഥുന്‍ അകത്തുണ്ടാകുകയും ചെയ്യുന്നതില്‍ വലിയൊരു നാണക്കേട് വേറെയില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications