അഖിൽ മാരാരോ ശോഭയോ, ആര് ജയിക്കും?; വൻ ട്വിസ്റ്റ് പ്രവചിച്ച് രജിത് കുമാർ, കാരണവും
കൊച്ചി: ജുലൈ 2 നാണ് ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ ഗ്രാന്റ് ഫിനാലെ. ഇത്തവണ ആര് കപ്പടിക്കുമെന്ന വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. സംവിധായകൻ കൂടിയായ അഖിൽ മാരാരിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിലെല്ലാം അഖിലിന്റെ പേര് തന്നെയാണ് പ്രവചിക്കപ്പെടുന്നത്.
എന്നാൽ ഫിനാലെയിൽ വലിയ ട്വിസ്റ്റ് പ്രവചിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാർ. അഖിൽ മാരാരോ ശോഭ വിശ്വനാഥോ വിജയയിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ ഫിനാലെയിൽ ഇരുവരും അല്ലാതെ മറ്റൊരാൾ കപ്പടിക്കാനുള്ള സാധ്യl ഉണ്ടെന്നും രജിത് പറയുന്നു. രജിത്തിന്റെ വാക്കുകളിലേക്ക്

'അഖിൽ മാരാർ ബിഗ് ബോസ് കപ്പ് നേടുമെന്ന് വേണമെങ്കിൽ പറയാം. എന്റെ ഹൃദയത്തിൽ അഖിലിന് വലിയ സ്ഥാനം ഉണ്ട്. വളരെ നല്ല മനസിന് ഉടമയാണ്. അദ്ദേഹം വിജയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സ്ത്രീകളുടെ വിഭാഗത്തിൽ നിന്നാണ് ഇപ്രാവശ്യം വിജയികൾ വരുന്നതെങ്കിൽ ശോഭ തന്നെ വിജയിക്കണം എന്നും ആഗ്രഹിക്കുന്നു. പക്ഷേ മറുവശം ആലോചിച്ചാൽ, ബിഗ് ബോസ് പ്രവചനാതീതമാണെന്ന് ലാലേട്ടൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതായത് ശോഭയുടേയും അഖിലിന്റേയും ആരാധകരെ വിഷമിപ്പിക്കേണ്ടെന്ന് വെച്ചാൽ ഷിജുവോ റെനീഷയോ വന്നാൽ എന്താണ് കുഴപ്പം.
ബിഗ് ബോസിന്റെ കണക്ക്കൂട്ടൽ വെച്ച് കൊണ്ടാണ് ഞാൻ പറയുന്നത്. അങ്ങനെ ആകണമെന്ന് നിർബന്ധമില്ല. ഇനി റെനീഷയോ ഷിജുവോ ആയാലും അതൊരിക്കലും നീതികേടായിരിക്കില്ല. ബിഗ് ബോസ് സീസൺ 1 ലും 2 വിലും മത്സരാർത്ഥികൾക്ക് വേണ്ടി പി ആർ ഉണ്ടായിരുന്നില്ല. എന്താണ് പിആർ എന്ന് പോലും അറിയാതെയാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. എന്നാൽ സീസൺ 3 മുതൽ പിആറുകൾ പ്രവർത്തിച്ച് തുടങ്ങി. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബിഗ് ബോസിനും അത് അറിയാം.
അപ്പോൾ ബിഗ് ബോസ് അവിടെ ജുഡീഷ്യസ് ആയി ചിന്തിച്ചേക്കാം. വോട്ടിംഗ് എന്നത് ചാനലുകാർ ഇടുന്നതാണ്. ബിഗ് ബോസ് ഒരിക്കലും അവരുടെ യഥാർത്ഥ വോട്ടിംഗ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാദിറ കപ്പടിക്കുമെന്ന് ഉറപ്പിച്ച വിശ്വസിച്ചയാളാണ് ഞാൻ. ചാലഞ്ചറായി ബിഗ് ബോസിൽ എത്തിയപ്പോഴും ഞാനവളോട് അത് പറഞ്ഞിരുന്നു.
എന്നെ ഏറ്റവും കൂടുതൽ ഷോക്കടിപ്പിച്ച കാര്യമാണ് നാദിറ ചെയ്തത്. അതൊരു മണ്ടത്തരമെന്ന് തന്നെ പറയാം. കാരണം മറ്റന്നാൾ ലാലേട്ടന്റെ ഇടതു കൈയ്യിലും വലത് കൈയ്യിലും രണ്ട് പേർ ഉണ്ടാകും. ഒരാൾ വിജയിയും മറ്റേയാൾ ഫസ്റ്റ് റണ്ണറപ്പും. വിജയിയായി വരുമ്പോൾ പണത്തിനേക്കാൾ ഉപരി പേര് ഉണ്ടാക്കിയെടുക്കുകയെന്നതാണ്. അപ്പോൾ പണം താനെ നമ്മുക്ക് കൈവരും എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.
ഒരു അൽപം അവൾക്ക് ക്ഷമ കാണിക്കാമായിരുന്നു. ബിഗ് ബോസിൽ രണ്ടാം സ്ഥാനം നേടിയാലും അവരെ തേടി പല പരിപാടികളും വരും. നിരവധി അവസരങ്ങൾ അവർക്ക് ലഭിക്കും. പണമാണ് ലക്ഷ്യമെങ്കിൽ പെട്ടിയെടുത്ത് ഇറങ്ങിയെങ്കിൽ തെറ്റില്ല.
അഖിൽ മാരാരിനൊപ്പം ഞാനും ഈ സീസണിൽ ഉണ്ടായിരുന്നുവെങ്കിൽ ഞാനും അഖിലും കൊമ്പുകോർത്തുകൊണ്ടേയിരുന്നേനെ. കാരണം ഞാൻ മിണ്ടാതിരിക്കില്ല, പക്ഷേ ഞാൻ ഒരാളെ മാത്രം ടാർഗറ്റ് ചെയ്യില്ല, എല്ലാവരേയും ടാർഗറ്റ് ചെയ്തേനെ. കുറെയേറെ അഖിൽ എന്റെ അതേ സ്ട്രാറ്റജിയിൽ തന്നെയാണ് പോയത്', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications