'മോഹൻലാലിനൊക്കെ അത് അറിയാം'..മിഥുൻ നാട്ടിലേക്ക് വരുമെന്ന് തോന്നുന്നില്ല, ട്രാപ്പ് ചെയ്തതാണോയെന്ന് അറിയില്ല'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ അനിയൻ മിഥുനുമായി ഉയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് മിഥുന്റെ വുഷു കോച്ച് അനീഷ് മാസ്റ്റർ. ഇപ്പോഴത്തെ വിവാദങ്ങൾ മിഥുന്റെ കുടുംബത്തെ ബാധിച്ചിട്ടുണ്ടെന്ന് അനീഷ് പറയുന്നു. മാധ്യമങ്ങൾ അവരെ ശല്യപ്പെടുത്തുന്നുണ്ട്. മിഥുനെതിരെ വലിയ രീതിയിലുള്ള നെഗറ്റീവ് പിആർ നടക്കുന്നുണ്ട്. അവൻ ഇനി നാട്ടിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും അനീഷ് പറഞ്ഞു. 'കൗമുദി മൂവീസിന്' നൽകിയ അഭിമുഖത്തിലാണ് അനിയൻ മിഥുനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. സന പ്രണയകഥയെ കുറിച്ചും മിഥുന് നാട്ടിലുള്ള സ്വീകാര്യതയെ കുറിച്ചുമെല്ലാം അദ്ദേഹം പ്രതികരിച്ചു. വായിക്കാം
'വ്യക്തിപരമായി മിഥുൻ വളരെ ഡീസന്റ് ആണ്. നാട്ടുകാർക്കൊക്കെ ഭയങ്കര ഇഷ്ടമാണ്. ആരോടും ദേഷ്യപ്പെടുകയൊന്നുമില്ല. കോച്ച് എന്നൊന്നും വിളിക്കില്ല എന്നെ, ചേട്ടാ എന്നാണ് വിളിക്കുക. അനിയൻ എന്ന പരിഗണന കിട്ടാൻ വേണ്ടിയാണ് പേരിനൊപ്പം അനിയൻ എന്ന് മിഥുൻ ചേർത്തത്. എന്റെ മാതാപിതാക്കളുടെ കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് മത്സരങ്ങൾക്കൊക്കെ പോകുക.ആരേയും പറ്റിക്കുകയൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് എല്ലാവർക്കും മിഥുനോട് ഒരു സോഫ്റ്റ് കോർണർ. പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സാധാരണക്കാർക്കും.

ലോകചാമ്പ്യനാകണമെന്ന് നമ്മുടെയൊക്കെ ആഗ്രഹമായിരുന്നു. ഞങ്ങൾ നല്ല രീതിയിൽ കളിച്ചിട്ടും സൗത്ത് ഇന്ത്യൻ ചാമ്പ്യനും നാഷ്ണൽ ചാമ്പ്യനുമൊക്കെ ആകാനേ പറ്റിയുള്ളൂ. അത് അസോസിയേഷന്റെ പിടിപ്പുകേടുകളും പ്രശ്നങ്ങളും കാരണമാണ്. പിന്നെ നോർത്ത് ഇന്ത്യൻ ലോബിയുടെ കളിയും. അങ്ങനെയൊക്കെയുള്ളൊരു ഫ്രസ്ട്രേഷനിൽ നിന്നായിരിക്കാം മിഥുൻ പ്രൈവറ്റായിട്ടുള്ള ലെവലിൽ കയറി പോയത്. എളുപ്പമുള്ള മാർഗം അതാണെന്ന് മിഥുൻ കരുതിക്കാണും.
റേറ്റിംഗ് കുറഞ്ഞ സമയത്ത് ബിഗ് ബോസ് മിഥുനെ ട്രാപ്പ് ചെയ്തതാണോയെന്ന് അറിയില്ല. വിവാദം ക്ലിക്കായപ്പോൾ ബിഗ് ബോസിന് കുറച്ച് വ്യൂസ് കിട്ടി. വുഷു അസോസിയേഷനും ഗുണം കിട്ടി. പക്ഷേ മിഥുന്റെ വീട്ടിലൊക്കെ കുറച്ച് പ്രശ്നമുണ്ട്. മാധ്യമങ്ങൾ വന്ന് ശല്യപ്പെടുത്തുന്നുണ്ട്. ഇപ്പോൾ കുറച്ച് സഹതാപ തരംഗം വരുന്നുണ്ട്. എതിർ ടീമിന്റെ പിആർ വക്കുകളും മിഥുനെതിരെ നടക്കുന്നുണ്ട്. മിഥുൻ നാട്ടിലേക്ക് ഇനി വരുമെന്ന് തോന്നുന്നില്ല. ബാംഗ്ലൂർ സെറ്റിലാകുമെന്നാണ് കരുതുന്നത്. മിഥുൻ മെന്റലി ഭയങ്കരം വീക്കാണ്. മിഥുന്റെ കുടുംബം വളരെ ഡീസന്റ് ആണ്. അവരെ ഈ വിഷയങ്ങളൊക്കെ ബാധിക്കും.
മിഥുനെ സ്പോൺസർ ചെയ്തത് നടിയാണ്. പക്ഷേ അതാരാണെന്ന് പറയാൻ സാധിക്കില്ല. ബിഗ് ബോസിലേക്ക് പോകുന്നത് തന്നോട് പറഞ്ഞിരുന്നില്ല. ആരോടും പറയരുതെന്ന് നിയമം ഉള്ളതിനാലാണ് പറയാതിരുന്നത്. വുഷു അസോസിയേഷനാണ് മിഥുൻ ബിഗ് ബോസിലേക്ക് പോയത് പറഞ്ഞത്. വുഷു അസോസിയേഷൻ മുൻ സെക്രട്ടറി ഇവനെ പിന്തുണയ്ക്കുന്ന ആളാണ്. കാരണം വുഷുവിന് പേരുണ്ടാക്കി കൊടുത്ത വ്യക്തി മിഥുൻ ആണ്.
ബിഗ് ബോസ് കാണുന്ന ആളല്ല ഞാൻ. ആർമി വിഷയം വന്നപ്പോഴാണ് ഇപ്പോൾ പ്രതികരിച്ചത്. സന വിഷയത്തിൽ ആർമി ഇടപെടുമെന്ന് കരുതുന്നില്ല. രാജ്യദ്രേഹ കുറ്റമൊന്നുമല്ലല്ലോ. അത് മോഹൻലാലിനും മേജർ രവിക്കുമൊക്കെ അറിയാം. മിഥുനെതിരെ എന്തെങ്കിലും നടപടികൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. അങ്ങനെ ഉണ്ടാകുമായിരുന്നുവെങ്കിൽ എപ്പോഴേ പുറത്താക്കുമായിരുന്നു, കേസ് വരുമായിരുന്നില്ലേ? നടപടിയുണ്ടാകുമായിരുന്നില്ലേ.
മിഥുന്റെ അച്ഛനല്ല, അച്ഛന്റെ അച്ഛനാണ് മത്സ്യബന്ധനം ചെയ്യുന്നത്. സൺ ഓഫ് അറേബ്യൻ സീ എന്ന ടൈറ്റിലും പേരിലെ അനിയനും ഒക്കെ അവൻ തന്നെ ഇട്ടതാണ്. ലേഡീസ് വീക്ക്നെസ് ഉള്ളൊരാൾ അല്ല മിഥുൻ. പക്ഷേ മസാജ് ചെയ്യിക്കുകയൊക്കെ ചെയ്യും. അത് ഞങ്ങളോടും അങ്ങനെ ചെയ്ത് തരാൻ ആവശ്യപ്പെടാറുണ്ട്', അനീഷ് പറഞ്ഞു.












Click it and Unblock the Notifications