'അതിന് ദാ ഇങ്ങനെ നട്ടെല്ല് വേണം, ബെറ്റ് വെയ്ക്കുന്നു, അത് സംഭവിക്കും'; ഷിജുവിനെ കുടഞ്ഞ് ഫിറോസ്
കൊച്ചി: മറ്റ് ബിഗ് ബോസ് സീസണുകളെ അപേക്ഷിച്ച് ഈ സീസൺ വളരെ വിരസമാണെന്ന അഭിപ്രായം പ്രേക്ഷകർക്കിടയിൽ ഉണ്ട്. പുറത്തെ പ്രതിച്ഛായ നിലനിർത്താൻ വേണ്ടി മത്സരാർത്ഥികൾ സേഫ് ഗെയിം കളിക്കുന്നതാണ് ഇതിന് കാരണമായി വിലയിരുത്തപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു പ്രേക്ഷകരെ കൂടുതൽ ഷോയിലേക്ക് അടുപ്പിക്കാനും മത്സരാർത്ഥികളുടെ 'സേഫ് ഗെയിം' അവസാനിപ്പിക്കാനും മുൻ ബിഗ് ബോസ് താരങ്ങളായ രജിത് കുമാറിനേയും റോബിൻ രാധാകൃഷ്ണനേയും വീക്കിലി ടാസ്കിനിടയിൽ അതിഥികളായി ബിഗ് ബോസ് എത്തിച്ചത്.
എന്നാൽ ഇത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് മാത്രമല്ല അതിഥികളിൽ ഒരാളായ റോബിന്റെ ഇടപെടലുകൾ വലിയ വിമർശനത്തിന് കാരണമാവുകയും ഒടുക്കം റോബിനെ ബിഗ് ബോസിൽ നിന്നും പിടിച്ച് പുറത്താക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തി. അതേസമയം ആദ്യ നീക്കം പൊളിഞ്ഞ സാഹചര്യത്തിൽ രണ്ടാമതും പുതിയ അതിഥികളെ ചാലഞ്ചേഴ്സ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ബിഗ് ബോസ്. മുൻ മത്സരാർത്ഥികളായ ഫിറോസ് ഖാനേയും റിയാസ് സലീമിനേയുമാണ് ഇത്തവണ എത്തിച്ചിരിക്കുന്നത്. സീസൺ 3യിലേയും 4 ലേയും മികച്ച വൈൽഡ് കാർഡ് എൻട്രികളായിരുന്നു ഫിറോസും റിയാസും. അതേസമയം വന്നതിന് പിന്നാലെ തന്നെ അതിഥികളിൽ ഒരാളായ ഫിറോസ് ഖാൻ തന്റെ 'പണി' തുടങ്ങുകയും ചെയ്തു.

ഫിറോസിന്റെ ആദ്യ ലക്ഷ്യം ഷിജുവായിരുന്നു. അഖിൽ മാരാരുമായുള്ള ഷിജുവിന്റെ സൗഹൃദത്തെ ഉന്നം വെച്ച് കൊണ്ടായിരുന്നു ഫിറോസ് സംസാരിച്ചത്.'സൗഹൃദം അടക്കം എല്ലാം വേണം, പക്ഷേ അടിമ ആവരുത്. അതല്ല സൗഹൃദം, അടിമത്തം ഉള്ളവർ ഇവിടെ ഉണ്ട്. ആശയവുമായി ചേർന്ന് നിൽക്കുന്നവരോട് കൂട്ടുകൂടുന്നതിൽ തെറ്റില്ല, എന്നാൽ 60 ദിവസം മറ്റൊരാളുടെ അതേ നിലപാടുമായി യോജിച്ച് പോകാൻ ഒരാൾക്ക് സാധിക്കില്ല. നിലപാട് ഇല്ലായ്മ,നട്ടെല്ല് ഇല്ലായ്മയാണ് അത്', ഫിറോസ് പറഞ്ഞു.
സൗഹൃദമൊക്കെ ഇവിടെ മാത്രമാണ് പുറത്ത് വന്നാൽ അതൊന്നും കാണില്ലെന്നും ഫിറോസ് ഷിജുവിനോടായി തുറന്നടിച്ചു. ഈ സാൗഹൃദം പുറത്തുണ്ടാകാൻ പോകുന്നില്ല, നിങ്ങൾ ചതിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഫിറോസ് പറഞ്ഞു.
'നിങ്ങളുടേത് നിഷ്കളങ്കമായ മനസായത് കൊണ്ടാണ് പറയുന്നത്. സൗഹൃദങ്ങളൊക്കെ വെറുതേയാണ്. ഇത്രയും പൈസ വാങ്ങി ബിഗ് ബോസിൽ വന്ന് സൗഹൃദം എന്ന് പറഞ്ഞിട്ട് കാര്യമില്ല. കപ്പാണ് വേണ്ടത്. ഇഷ്ടം പോലെ സുഹൃത്തിനെ വേറെ കിട്ടും', ഫിറോസ് പറഞ്ഞു.
നിങ്ങളുടെ അത്ര വയസില്ലെങ്കിലും അനുഭവം കൊണ്ടാണ് പറയുന്നതെന്നും
നിങ്ങളുടെ കൈയ്യിൽ പണവും നിങ്ങൾക്ക് വലിയ പ്രശസ്തിയും ഉണ്ടെങ്കിൽ നിങ്ങളുടെ സൗഹൃദം ആളുകൾക്ക് ആവശ്യമായിരിക്കുമെന്നും അല്ലെങ്കിൽ നിങ്ങളെ ആർക്കും വേണ്ടി വരില്ലെന്നും ഫിറോസ് പറഞ്ഞു. ഈ സൗഹൃദം പുറത്ത് ഉണ്ടാകില്ലെന്ന് താൻ 500 രൂപയ്ക്ക് ബെറ്റ് വെയ്ക്കുകയാണെന്നും ഫിറോസ് വെല്ലുവിളിച്ചു.
എന്നാൽ താൻ 1000 രൂപയ്ക്ക് ബെറ്റ് വെയ്ക്കുന്നുവെന്നും ഈ സൗഹൃദം പുറത്ത് ഉണ്ടായില്ലെങ്കിൽ താൻ ജീവിത കാലത്ത് ഒരാളുമായി സൗഹൃദം ഉണ്ടാക്കില്ലെന്നുമായിരുന്നു ഷിജുവിന്റെ മറുപടി. ബിഗ് ബോസ് കപ്പിനേയും അതുപോലെ തന്നെ അഖിലിന്റെ സൗഹൃദത്തേയും താൻ വളരെ അധികം വിലമതിക്കുന്നുണ്ടെന്നും ഷിജു ആവർത്തിച്ചു.
അഖിൽ മാരാരുടെ നിഴൽപറ്റി ഗെയിം കളിക്കുന്നയാളാണ് ഷിജുവെന്ന വിമർശനം ശക്തമാണ്. അഖിലുമായുള്ള സൗഹൃദം കൊണ്ട് മാത്രമാണ് ഷിജുവിന് ബിഗ് ബോസിൽ 60 ദിവസത്തോളം പിടിച്ച് നിൽക്കാൻ കഴിഞ്ഞതെന്ന് സഹമത്സരാർത്ഥികൾ തന്നെ പലപ്പോഴായി കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗെയിമുകളിൽ അടക്കം ഇരുവരും ഗ്രൂപ്പായി കളിക്കുന്നത് പലപ്പോഴും മറ്റ് മത്സരാർത്ഥികളുടെ സാധ്യതകളെ പോലും ഇല്ലാതാക്കാറുണ്ട്.












Click it and Unblock the Notifications