എന്റെ രണ്ടാം സ്ഥാനത്തില്‍ നാദിറയ്ക്ക് സന്തോഷമില്ലാത്തതിന് കാരണം 'ശോഭ'യായിരിക്കാം: റെനീഷ മനസ്സ് തുറക്കുന്നു
ബിഗ് ബോസിലൂടെ കടന്ന് പോയ നൂറ് ദിവസങ്ങള്‍ ഒട്ടും ആയാസ രഹിതമായിരുന്നില്ലെന്ന് റെനീഷ റഹ്മാന്‍. എനിക്ക് വേണ്ടി വോട്ട് ചെയ്യുന്നവർക്ക് ഞാന്‍ ഒരു വിശ്രമം കൊടുത്തിരുന്നില്ല. രണ്ട് നോമിനേഷനില്‍ ഒഴികെ ബാക്കിയുള്ള എല്ലാ നോമിനേഷനുകളിലും ഞാന്‍ ഉണ്ടായിരുന്നു. പണ്ട് ചില പട്ടാളക്കാർ അവർ അനുഭവിച്ച ജീവിതത്തെക്കുറിച്ചൊക്കെ പിന്നീട് പറയുന്നത് കേട്ടിട്ടില്ലേ, അതുപോലെ ഇനിയുള്ള കാലങ്ങളില്‍ ഞാന്‍ ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് പറയുമായിരിക്കുമെന്നും റെനീഷ അഭിപ്രായപ്പെടുന്നു.
സ്വാഭാവികമായും വിജയിക്കണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അതിലൂടെ കിട്ടുന്ന നേട്ടങ്ങള്‍ ഒട്ടും ചെറിയ കാര്യമല്ല. എന്നാല്‍ എന്ത് തന്നെയായാലും അത് അംഗീകരിക്കുക എന്ന തലത്തിലേക്ക് ഞാന്‍ എത്തിയിരുന്നു. ഫൈനല്‍ ഫൈവിലൂടെ എത്തിയപ്പോള്‍ തന്നെ ഒരു മത്സരാർത്ഥിയെന്ന നിലയില്‍ ഞാന്‍ വിജയിച്ചു. അതുകൊണ്ട് തന്നെ മറ്റൊരാള്‍ വിജയിച്ചപ്പോള്‍ നിരാശയോ സങ്കടമോ തോന്നിയിട്ടില്ലെന്നും സീസണ്‍ ഫൈവിലെ ഫസ്റ്റ് റണ്ണറപ്പായ റെനീഷ റഹ്മാന്‍ വണ്‍ഇന്ത്യ മലയാളത്തോടായി വ്യക്തമാക്കുന്നു.

അഖില്‍ മാരാർക്ക് പുറത്ത് നല്ല പിന്തുണയുണ്ടെന്ന കാര്യം വീട്ടിലേക്ക് തിരിച്ച് വന്ന അഞ്ജൂസ് പറഞ്ഞിരുന്നു. എനിക്കും നല്ല പിന്തുണയുള്ള കാര്യവും അവള്‍ പറഞ്ഞു. മറ്റുള്ളവരോടൊന്നും ഞാന്‍ അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. അഞ്ജൂസിന്റെ കാര്യങ്ങള്‍ അറിയാനായിരുന്നു താല്‍പര്യം. അതേക്കുറിച്ചാണ് കൂടുതല്‍ സംസാരിച്ചത്. ഫാമിലി ടാസ്ക് വീക്കില്‍ തന്നെ കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു. പക്ഷെ ആ സമയത്ത് എന്ത് സൂചന ലഭിച്ചിട്ടും കാര്യമില്ലെന്നും റെനീഷ പറയുന്നു.
രണ്ടാം സ്ഥാനത്തിന്റെ കാര്യത്തില്‍ ഒഴികെ മറ്റെല്ലാത്തിലും ഞാന്‍ ഹാപ്പിയാണെന്ന് നാദിറ പറഞ്ഞതിനെക്കുറിച്ചും അഭിമുഖത്തില്‍ റെനീഷ മനസ്സ് തുറക്കുന്നു. നാദിറ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് അറിയില്ല. ഫലം നമ്മള്‍ ആരും തീരുമാനിക്കുന്നത് അല്ലാലോ. പ്രേക്ഷകരുടെ വോട്ടുണ്ടെങ്കില്‍ മാത്രമേ അവിടെ നില്‍ക്കാന്‍ സാധിക്കുകയുള്ളു. എന്തുകൊണ്ടും നാദിറയേക്കാള്‍ കൂടുതല്‍ എവിക്ഷന്‍ കണ്ട മത്സരാർത്ഥിയാണ് ഞാന്‍.
ഒരോ എവിക്ഷനിലും വോട്ട് കിട്ടിയതുകൊണ്ടാണ് അവിടെ നില്‍ക്കാന്‍ സാധിച്ചത്. അല്ലാതെ ഏഷ്യാനെറ്റിന്റെ സീരിയല്‍ ചെയ്യുന്നു എന്നുള്ളതുകൊണ്ട് അവിടെ നിർത്തില്ല. ബിഗ് ബോസിനുള്ളില്‍ തന്നെ അത്തരമൊരു സംസാരമുണ്ടായിരുന്നു. പക്ഷെ എനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. പ്രേക്ഷകർ അത് സ്വീകരിച്ചു എന്നുള്ളതില്‍ എനിക്ക് സന്തോഷമുണ്ട്.

ടിക്കറ്റ് ടു ഫിനാലെ ടാസ്കില്‍ എന്നെക്കൊണ്ട് സാധിക്കുന്നത് വിധം ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കൊക്കെ ഇമോഷണിലിയായി പോയിട്ടുണ്ട്. പക്ഷെ അവസാനമാവുമ്പോഴേക്കും അതിനെയെല്ലാം പരിഹരിക്കാന്‍ സാധിച്ചു. ഞാന്‍ അവിടെ ചെയ്തത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണമല്ലോ അവർ എനിക്ക് വോട്ട് ചെയ്തതും രണ്ടാം സ്ഥാനത്ത് എത്തിച്ചതെന്നും റെനീഷ ചോദിക്കുന്നു.
ഒരു പക്ഷെ ഞാന്‍ രണ്ടാം സ്ഥാനത്തിന് അർഹയാണെന്ന് നാദിറയ്ക്ക് തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ശോഭ രണ്ടാമത് വരാതിരുന്നതാവാം നാദിറയുടെ പ്രശ്നം. അവളുടെ അടുത്ത സുഹൃത്തായിരുന്നു ശോഭ. അവർ നാലാം സ്ഥാനത്താണ് എത്തിയത്. ബെസ്റ്റ് ഫ്രണ്ടിന് രണ്ടാം സ്ഥാനം കിട്ടാത്ത വിഷമവും ഉണ്ടാവാം. അതിനെ നമുക്ക് കുറ്റം പറയാന്‍ സാധിക്കില്ല. നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ കയറി പോവണമെന്നാണല്ലോ ആഗ്രഹിക്കുക. അതായിരിക്കാം നാദിറയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
ഞാനും സെറീനയും ഫിനാലെയില്‍ ഇല്ലാതെ അഖിലേട്ടനും നാദിറയുമാണെങ്കില്‍ നാദിറ വിജയിക്കട്ടേയെന്ന് ഞാന്‍ കരുതും. കാരണം വിജയിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്ന സാമ്പത്തികപരമായ നേട്ടം വളരെ വലുതാണ്. അവള്‍ക്ക് സാമ്പത്തികരമായ പിന്തുണ ആവശ്യമാണ്. തിരിച്ചും അതേ പോലെ തന്നെ അവള്‍ കരുതണമെന്ന് നമ്മള്‍ കരുതാന്‍ പാടില്ലാലോയെന്നും റെനീഷ പറയുന്നു.












Click it and Unblock the Notifications