'മാനസികമായി ഫിറ്റല്ല... ഇവിടെ നിന്ന് പുറത്ത് പോകാന്‍ തോന്നുന്നു'; ബിഗ് ബോസിനോട് റിനോഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 തുടക്കത്തില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥിയാണ് റിനോഷ് ജോര്‍ജ്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒരു 'കൂള്‍ ബ്രോ' ഇമേജായിരുന്നു റിനോഷിന് ഉണ്ടായിരുന്നത്. എന്നാല്‍ ഓരോ എപ്പിസോഡും കഴിയുന്തോറും റിനോഷ് ജോര്‍ജിന് വിമര്‍ശനങ്ങളും ഏറി വന്നു. റിനോഷ് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിശബ്ദനാണ് എന്നും ഒന്നും പ്രതികരിക്കുന്നില്ലെന്നുമായിരുന്നു ഉയര്‍ന്ന് വന്ന വിമര്‍ശനം.
അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് സംബന്ധിയായ ഗ്രൂപ്പുകളില്‍ റിനോഷിനെ വാഴ, നന്മമരം എന്നൊക്കെയായിരുന്നു പലരും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് താന്‍ പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി കൊണ്ട് റിനോഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ വീക്ക്‌ലി ടാസ്‌കിനിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു റിനോഷിന്റെ തീരുമാനം.

'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഒരു വീക്ക്‌ലി ടാസ്‌ക് തുടങ്ങിയിരുന്നു. മത്സരാര്‍ത്ഥികളുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ ഒരു ഗ്രാഫായി അടയാളപ്പെടുത്തി കഥ പറയുക എന്നതായിരുന്നു ഈ ടാസ്‌ക് കൊണ്ട് ഉദ്ദേശിച്ചത്. ഇതില്‍ റെനീഷയായിരുന്നു ആദ്യം ഗ്രാഫ് രേഖപ്പെടുത്തിയത്. അതിന് ശേഷം മിഥുന്‍ കഥ പറയണം എന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ നിര്‍ദേശിച്ചു.
എന്നാല്‍ ജുനൈസ് കഥ പറഞ്ഞാല്‍ മതി എന്നായിരുന്നു അനിയന്‍ മിഥുന്റെയും റിനോഷ് ജോര്‍ജിന്റെയും അഭിപ്രായം. ഇത് പിന്നീട് ബിഗ് ബോസ് വീടിനെ തര്‍ക്കത്തിലേക്ക് നയിച്ചു. ഇതിനിടെ റിനോഷ് അസഭ്യമായ പരാമര്‍ശം നടത്തുകയും ചെയ്തു. ഇത് വീട്ടിലെ മത്സരാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ഏറെ വൈകാരികമായി കാണപ്പെട്ട റിനോഷ് ബാത്ത്‌റൂമില്‍ പോയിരുന്ന് കരയുകയായിരുന്നു.
മിഥുന്‍ കഥ പറയുമ്പോഴും റിനോഷ് ജോര്‍ജ് കരയുകയായിരുന്നു. ബെഡ്‌റൂമില്‍ വെച്ച് മിഥുനുമായി സംസാരിക്കുന്നതിനിടെ റിനോഷിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നായിരുന്നു റിനോഷിനോട് ബിഗ് ബോസ് ചോദിച്ചത്. ഇതിന് താന്‍ മാനസികമായി ഫിറ്റല്ല എന്ന് തോന്നുന്നു എന്നായിരുന്നു റിനോഷ് നല്‍കിയ മറുപടി.
താന്‍ പൊക്കോട്ടെ എന്നും റിനോഷ് ചോദിച്ചു. മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ പരമാവധി താന്‍ ശ്രമിക്കുന്നുണ്ട് എന്നും പറഞ്ഞത് മോശം വാക്കാണ് എന്ന് അറിയില്ലായിരുന്നു എന്നും റിനോഷ് പറഞ്ഞു. താന്‍ ഇവിടെ വന്നത് പണമുണ്ടാക്കാനാണെന്നും ആള്‍ക്കാര്‍ തന്നെ അറിയണം, കുടുംബത്തിന് അഭിമാനം തോന്നണം എന്നൊക്കെയായിരുന്നു തന്റെ ആഗ്രഹം എന്നും റിനോഷ് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഇങ്ങനെ മോശം പ്രവര്‍ത്തിയൊക്കെ ചെയ്യുമ്പോള്‍ അവരാണ് മോശക്കാരാകുന്നത് എന്ന് റിനോഷ് സമ്മതിച്ചു. തന്റെ സംസാരരീതി കൊണ്ട് കുടുംബം ബുദ്ധിമുട്ടുന്നുണ്ടാകും എന്നും അച്ഛനും അമ്മയും മാത്രമേ വീട്ടിലുള്ളൂ തനിക്ക് അവര്‍ക്കൊപ്പമുണ്ടാകണം എന്നാണ് ആഗ്രഹമെന്നും റിനോഷ് ബിഗ് ബോസിനോട് പറഞ്ഞു. എന്നാല്‍ നിങ്ങളെ ഇഷ്ടമാകുന്ന ആള്‍ക്കാരുടെ പിന്തുണ കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത് എന്നായിരുന്നു ബിഗ് ബോസ് നല്‍കിയ മറുപടി.
അവരെ താന്‍ ബഹുമാനിക്കുന്നു എന്ന് റിനോഷ് ഇതിന് മറുപടി നല്‍കി. അങ്ങനെയെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കണം എന്നും മോശം വാക്കുകളോ പ്രവൃത്തിയോ ചേഷ്ടകളോ ഇനി ആവര്‍ത്തിക്കാതിരിക്കുക എന്നും ബിഗ് ബോസ് പറഞ്ഞു. മത്സരത്തില്‍ മുന്നോട്ടുപോകണം എന്നും നിങ്ങള്‍ മികച്ച മത്സരാര്‍ഥിയാണ് എന്നും ആശംസിച്ചാണ് റിനോഷിനെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമില്‍ നിന്ന് പറഞ്ഞ് വിട്ടത്.












Click it and Unblock the Notifications