'ശ്രുതി കല്യാണം കഴിഞ്ഞ കുട്ടിയായതിനാല്‍ ആ ഒരു ആശങ്ക ഉണ്ടായിരുന്നു': റിനോഷിന്റെ കുടുംബം പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5-ല്‍ തുടക്കം മുതല്‍ തന്നെ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് റിനോഷ് ജോർജ്. നടന്‍, റാപ്പർ തുടങ്ങിയ മേല്‍വിലാസങ്ങളുമായി ഷോയിലേക്ക് എത്തിയ താരം ഗ്രാന്‍ഡ് ഫിനാലയില്‍ കപ്പ് എടുത്തേക്കുമെന്നും അദ്ദേഹത്തിന്റെ ആരാധാകർ അടിയുറച്ച് വിശ്വസിക്കുന്നു. മറുവശത്ത് താരത്തിന്റെ മത്സരരീതിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നവരും കുറവല്ല.
റിനോഷിനെതിരായ മറ്റൊരു പ്രധാന ആരോപണം നിലനില്‍ക്കുന്നത് പിആർ വർക്കുമായി ബന്ധപ്പെട്ടാണ്. വലിയ തോതില്‍ പിആർ ടീമിനെ പുറത്ത് സജ്ജീകരിച്ചതിന് ശേഷം ഷോയിലേക്ക് പോയതുകൊണ്ടാണ് റിനോഷിന് ഇത്രയും നാള്‍ അവിടെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചതെന്നാണ് എതിരാളികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ 'പിആർ' അടക്കം റിനോഷിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി അദ്ദേഹത്തിന്റെ കുടുംബം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.

റിനോഷിന് വേണ്ടി യാതൊരു തരത്തിലുള്ള പിആർ വർക്കും നടത്തുന്നില്ലെന്നാണ് റിനോഷിന്റെ കുടുംബം വ്യക്തമാക്കുന്നത്. എന്തൊക്കെ പിആർ ചെയ്താലും ആളുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതുവരെ ഒരു പിആറും ഇല്ലാതെയാണ് അവന്‍ മുന്നോട്ട് പോവുന്നത്. റിനോഷിനോട് ഇഷ്ടം കൊണ്ട് കൂടെ നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. അവർ നിരവധി ആരാധക ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് കസിന്‍ ആരോഷ് വ്യക്തമാക്കുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു കുടുബം.
ആരാധകർ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിന് വേണ്ടി പ്രത്യേക ടീം ഒന്നുമില്ല. റിനോഷിന്റെ ഇന്‍സ്റ്റഗ്രാം പേജ് ഞങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ രണ്ട് വാട്സാപ്പ് ഗ്രൂപ്പുണ്ട്. അത് റിനോഷിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടാക്കിയതാണ്. അതിന് അപ്പുറം റിനോഷിന് വേണ്ടി പ്രവർത്തിക്കാന്‍ ആരേയും ഞങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ല. ആളുകള്‍ റിനോഷിന് വേണ്ടി സംസാരിക്കുന്നുണ്ടെങ്കില്‍ അത് അവനോടുള്ള ഇഷ്ടം കൊണ്ടാണ്.
വിമർശനങ്ങള്‍ കടന്ന് അധിക്ഷേപത്തിലേക്ക് എത്തിയപ്പോഴാണ് നിയമപരമായ രീതിയിലേക്ക് മാറുമെന്ന് വ്യക്തമാക്കിയത്. ശ്രുതിയുമായും മറ്റും ബന്ധപ്പെടുത്തി ചിലർ വളരെ അധികം മോശമായ പ്രചരണം നടത്തിയപ്പോള്‍ അത്തരമൊരു മുന്നറിയിപ്പ് നല്‍കി. അങ്ങനെ ഒന്ന് രണ്ട് ചാനലുകള്‍ അവർ പങ്കുവെച്ച കണ്ടന്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ചിലർ ഇപ്പോഴും അധിക്ഷേപങ്ങള്‍ തുടരുന്ന ചിലരുണ്ട് ആർക്കും വിമർശിക്കാം, പക്ഷെ അത് അധിക്ഷേപിക്കലാവരുതെന്നും ആരോഷ് പറയുന്നു.
റിനോഷിന് പിആർ ഉണ്ടെന്ന്, അല്ലെങ്കില്‍ പിആർ വേണമെന്ന് പറഞ്ഞ് ഞങ്ങള്‍ ആരെയെങ്കിലും സമീപിച്ചതായെങ്കിലും ആരെങ്കിലും തെളിയിച്ചാല്‍ അവന്റെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പോസ്റ്റ് കൂടെയിട്ട് ഈ പരിപാടി ഞാന്‍ നിർത്തും. ഇതുവരെ അത്തരമൊരു നീക്കമേയില്ല. അതിന് അർത്ഥം ഇനി ചെയ്തുകൂടാ എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ലെച്ചുവുമായി റിനോഷിന് നല്ല അടുപ്പമായിരുന്നുവെന്നാണ് റിനോഷിന്റെ അമ്മ റോസി വ്യക്തമാക്കുന്നത്. അവളുടെ കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ റിനോഷിന് വലിയ വിഷമമാവുകയും ഒരു പിന്തുണ കൊടുക്കുകയും വേണമെന്ന് മനസ്സില്‍ തോന്നിക്കാണും. അങ്ങനത്തെ ഒരു സ്വഭാവമാണ് അവന്. മറ്റുള്ളവരുടെ വിഷമം തന്റെ കൂടെ വിഷമമായി കാണുന്നയാളാണ് റിനോഷെന്നും അമ്മ പറയുന്നു.
ശ്രുതിയെക്കെട്ടിപ്പിടിക്കുകയും അവള്‍ക്ക് ഉമ്മ കൊടുക്കുകയും ചെയ്തപ്പോള്‍ എനിക്ക് അത് ഒരു പ്രശ്നമുള്ള കാര്യമായിട്ടേ തോന്നിയില്ല. അവന്‍ എന്റെ അടുത്ത് അങ്ങനെയാണ്. ശ്രുതി തന്നെ ഈ വിഷയത്തില്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ശ്രുതി ഞങ്ങളെ വിളിച്ചു. അവളുടെ വിചാരം എനിക്ക് എന്തെങ്കിലും വിഷമം തോന്നിയിരുന്നോ എന്നായിരുന്നു.
എന്റെ മകനെ എനിക്ക് അറിയാം. അതുകൊണ്ട് എനിക്ക് യാതൊരു വിഷമവും ആയില്ല. ശ്രുതി കല്യാണം കഴിഞ്ഞ കുട്ടിയായതിനാല്‍ തന്നെ അവള്‍ക്ക് എന്റെ മകന്‍ കാരണം ഒരു പ്രശ്നം ഉണ്ടാവരുതെന്ന ചിന്താഗതിയായിരുന്നു എനിക്ക്. ശ്രുതിയുടെ ഭർത്താവിന് യാതൊരു തരത്തിലുള്ള തെറ്റിദ്ധാരണയും ഉണ്ടാവരുതെന്ന് ഞാന്‍ ദിവസവും പ്രാർത്ഥിക്കുമായിരുന്നു. ആളുകള്‍ ഇത്തരത്തില്‍ കഥ പറഞ്ഞ് ഉണ്ടാക്കുമ്പോള്‍ ഏതൊരു ഭർത്താവിനും വിഷമം തോന്നും. എന്നാല്‍ അവിടെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അമ്മ പറഞ്ഞു.












Click it and Unblock the Notifications