റിയാസും ഫിറോസും ബിഗ്‌ബോസ് ഹൗസിലേക്ക്; 100-ാം ദിവസം വരെ ഉണ്ടാകുമോ? സൂചന ഇങ്ങനെ
കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ബിഗ്‌ബോസ് മലയാളം സീസൺ 5 മുന്നോട്ടുപോകുന്നത്. മറ്റ് സീസണുകൾ പോലെ പ്രേക്ഷകർക്കിടയിൽ ഒരു ഓളം ഉണ്ടാക്കാൻ സീസൺ 5ന് സാധിച്ചിരുന്നില്ല. നിരന്തരം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരാൻ തുടങ്ങിയതിന് പിന്നാലെയാണ് ബിഗ്‌ബോസിൽ മാറ്റങ്ങൾ പരീക്ഷിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ തന്നെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാനെ കൊണ്ടുവന്നു. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ കാരണം ഹനാൻ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. പിന്നീടാണ് ഒമർ ലുലുവിനെ കൊണ്ടുവന്നത്.
എന്നാൽ ഒമർ ലുലു കാര്യമായ ഒരു ചലനവും ബിഗിബോസിനകത്ത് ഉണ്ടാക്കിയില്ല. എവിക്ഷനിലൂടെ ഒമർ ലുലുവും പുറത്തുപോയി. മൂന്നാമതും വൈൽഡ് കാർഡിനെ ഇറക്കി. അനു ജോസഫിനെയായിരുന്നു കൊണ്ടുവന്നത്. അനു നല്ലരീതിയിൽ തന്നെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ അപ്പോഴും ബിഗ്‌ബോസ് മൊത്തത്തിൽ ഉറങ്ങിക്കിടക്കുന്ന അവസ്ഥയിൽ തന്നെയായിരുന്നു. ആ സമയത്താണ് പുതിയൊരു ടാസ്‌ക്കിലൂടെ മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായിരുന്ന റോബിനേയും രജിത്തിനേയും ബിഗ്‌ബോസ് വീടിനകത്തേക്ക് കൊണ്ടുവന്നത്. ഇതോടെ വീട് ഉണർന്നു. കളി മൊത്തത്തിൽ മാറി.

രജിത് പരമാവധി അവിടെയുള്ള ഗ്രൂപ്പുകളെ പൊളിക്കാൻ ശ്രമിച്ചു. എന്നാൽ റോബിൻ വീടിനകത്ത് വലിയ പ്രശ്‌നം ഉണ്ടാക്കുകയും ബിഗ്‌ബോസിനെ തന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇതോടെ റോബിനെ ബിഗ്‌ബോസിനകത്ത് നിന്ന് പുറകത്താക്കി. പിന്നാലെ രജിത്തിനേയും ബിഗ്‌ബോസ് വീട്ടിനകത്തുനിന്ന് പറഞ്ഞുവിടുകയായിരുന്നു.
എന്നാൽ ഇപ്പോൾ മറ്റെരു സർപ്രൈസാണ് മത്സരാർത്ഥികൾക്ക് വേണ്ടി ബിഗ്‌ബോസ് ഒരുക്കിയിരിക്കുന്നത്. ബിഗ്‌ബോസ് വീട്ടിലേക്ക് റിയാസ് സലീമും ഫിറോസും എത്തിയിരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മത്സരാർത്ഥികളാണ് റിയാസും ഫിറോസും. റിയാസ് തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ പറയുന്ന ആളാണ്. ഇരുവരും ബിഗ്‌ബോസിൽ എത്തിയതോടെ ഇനി തീപാറുന്ന പോരാട്ടം നടക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഒരങ്കത്തിന് തയ്യാറായി തന്നെയാണ് ഇരുവരും വന്നിരിക്കുന്നതെന്ന് ഇവരുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്. ഈ സീസൺ ഒറിജിനലുകളുടെ പോരാട്ടമാണെന്നാണ് പറയുന്നത്, എന്നാൽ ഫേയ്ക്കുകൾ ധാരാളം ഉണ്ടെന്ന് റിയാസ് പറയുന്നതും പ്രൊമോയിൽ കാണാം. ഇരുവരും ഏതെങ്കിലും ടാസ്ക്കിന്റെ ഭാഗമായാണോ അതോ തുടർന്നുള്ള എപ്പിസോഡുകളിലും ഉണ്ടാവുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
അതേസമയം, കഴിഞ്ഞദിവസം ബിഗ്‌ബോസിൽ നിന്ന് സാഗർ സൂര്യ പുറത്തായിരുന്നു. പൊതുവെ മികച്ച മത്സരാർത്ഥി എന്ന നിലയിലാണ് സാഗറിനെ വിലയിരുത്തിയിരുന്നത്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കണ്ടന്റുകൾ സാഗർ ഉണ്ടാക്കിയിരുന്നു. സാഗർ-സെറീന പ്രണയം പ്രേക്ഷകർക്കിടയിൽ വലിയ രീതയിൽ തന്നെ ചർച്ചയായിരുന്നു.
ആ പ്രണയത്തിലേക്ക് ജുനൈസും നാദിറയും ഇടപെട്ടതോടെ ഹൗസിനകത്തും സോഷ്യൽഡമീഡിയയിലും ചൂട് പിടിച്ച ചർച്ച തന്നെ നടന്നു. എന്നാൽ സാഗർ പുറത്തായതോടെ വീണ്ടും കണ്ടന്റുകൾക്ക് ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണിക്കിലെടുത്താകാം റിയാസിനേയും ഫിറോസിനേയും കൊണ്ടുവന്നത് എന്നാണ് സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ച. ഇനിയുള്ള പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.












Click it and Unblock the Notifications