'സന' കഥ എന്തുകൊണ്ട് മിഥുനെതിരെ ആയുധമാക്കിയില്ല, പറഞ്ഞതെല്ലാം സത്യമോ?: വിഷ്ണു വെളിപ്പെടുത്തുന്നു
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് പൂർണ്ണ സംതൃപ്തിയോടെയാണെന്ന് വിഷ്ണു ജോഷി. ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ടാസ്കിനിടയിലൊക്കെ ചെയ്ത കാര്യങ്ങള്‍ ചെയ്യാതെയായിരുന്നു പുറത്ത് വന്നിരുന്നതെങ്കില്‍ എനിക്ക് ഒരിക്കലും തൃപ്തിയുണ്ടാവുമായിരുന്നില്ല. അയ്യോ ഞാന്‍ അത് ചെയ്തില്ലാലോ എന്ന ചിന്ത എപ്പോഴുമുണ്ടാവും. ഏത് റിസ്കും എടുക്കാന്‍ തയ്യാറായിട്ടുള്ളൊരു വ്യക്തിയാണ് ഞാനെന്നും വിഷ്ണു പറയുന്നു.
അഖില്‍ മാരാർ എന്ന് പറയുന്നത് ബിഗ് ബോസ് എന്ന എന്റർടെയിന്മെന്റ് ഷോയിക്ക് പറ്റിയ മികച്ച എന്റർടെയിനറാണ്. മാരാറും ശോഭയും തമ്മിലുള്ള വിഷയങ്ങള്‍ കുറേ സ്ഥലത്ത് വളരെ ക്രിഞ്ച് ആയിട്ട് തോന്നിയിട്ടുണ്ട്. അതുപോലെ കണ്ടന്റ് ഉണ്ടാക്കാന്‍ വേണ്ടിയിട്ട് പ്രശ്നങ്ങള്‍ മനഃപൂർവ്വം സൃഷ്ടിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഥുനുമായി നല്ല ആത്മബന്ധമുണ്ട്. ഫിറ്റ്നസ് രംഗത്തെ താല്‍പര്യമാണ് അടുക്കാനുള്ള ആദ്യ കാരണം. പിന്നെ അവനൊരു പാവമാണ്. ഞങ്ങളുടെ സർക്കിളുകള്‍ മാറിയെങ്കിലും ആ ബന്ധം തുടർന്നു. 'റിബ് ബ്രേക്കിങ്' വിഷയമൊക്കെ അവന്‍ മനഃപ്പൂർവ്വം പറഞ്ഞതാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ഗെയിമിന്റെ ഭാഗമായി പറഞ്ഞതായിരിക്കാം. ചിലപ്പോള്‍ അബദ്ധം പറ്റിയതായിരിക്കും. എന്തായാലും അന്നും ഇന്നും അവനെ എനിക്ക് ഇഷ്ടമാണ്.
ലൈഫ് സ്റ്റോറിയിലെ 'സന'യുടെ കാര്യം മോഹന്‍ലാല്‍ വന്ന് ചോദിപ്പോള്‍ തന്നെ അവന്‍ ആകെ തളർന്നിരുന്നു. ബിഗ് ബോസ് എന്ന് പറയുന്നത് ഫിസിക്കലിനേക്കാള്‍ കൂടുതല്‍ മാനസികമായി ശക്തിവേണ്ട ഗെയിമാണ്. ലാലേട്ടന്‍ ചോദിച്ചപ്പോഴത്തെ ആ നില്‍പ്പ് കണ്ടപ്പോള്‍ തന്നെ ഞാന്‍ പേടിച്ചു പോയി. ഞാനാണെന്ന് തോന്നുന്നു ആദ്യം ഓടി അവനെ പിടിക്കുന്നത്. അവന്‍ ആടിക്കൊണ്ടിരുന്നതൊക്കെ ഇപ്പോഴും ഞാന്‍ ഒർക്കുന്നുവെന്നും വിഷ്ണു പറയുന്നു.

ഒരു മരണവുമായൊക്കെ ബന്ധപ്പെട്ട കാര്യമാണ്. ആ വിഷയം ഒരു സ്ട്രാറ്റജിയായിട്ടോ, അല്ലെങ്കില്‍ തമാശക്ക് പോലും പറഞ്ഞാല്‍ അവന്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നെയൊക്കെയാണ് പറയുന്നതെങ്കില്‍ പിടിച്ച് നില്‍ക്കാനും തിരിച്ച് പറയാനും എനിക്ക് സാധിക്കും. പക്ഷെ മിഥുന് അതിന് സാധിക്കില്ല. അവന്‍ ഒരു പാവം വ്യക്തിയാണ്. അതുകൊണ്ടൊക്കെ ആ വിഷയം പിന്നീട് ചർച്ച ചെയ്തിട്ടില്ല. വീട്ടിലുള്ളവരും അതുപോലെ തന്നെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക.
നാദിറ മികച്ച ഗെയിമറാണ്. ടാസ്കിലൊക്കെ മികച്ച രീതിയില്‍ പങ്കെടുക്കും. ഇപ്പോള്‍ മികച്ച എന്റർടെയിനർ കൂടിയായി മാറി. ഞാന്‍ ഒഴികേയുള്ള എല്ലാവരും തന്നെ ടിക്കറ്റ് ടു ഫിനാലെയില്‍ മികച്ച രീതിയില്‍ മത്സരിച്ചിട്ടുണ്ട്. എല്ലാവരും ആ ഭാഗ്യം നേടാന്‍ അർഹരാണ്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്കില്‍ നല്ല രീതിയില്‍ കഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ഫൈനലിലേക്ക് പോവാന്‍ അർഹയാണ്.
സീക്രട്ട് റൂമില്‍ പോയി വന്നതിന് ശേഷമായിരിക്കും സെറീന ഒരു പക്ഷെ ഗെയിം മനസ്സിലാക്കിയത്. ഞാന്‍ അതിന് അകത്ത് വെച്ച് ചിന്തിച്ച് കൂട്ടിയ കാര്യങ്ങളൊക്കെയാണ് സീക്രട്ട് റൂമില്‍ പോയി വന്നതിന് ശേഷം സെറീന പറഞ്ഞത്. ജുനൈസിനെ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ ചില സമയത്തുള്ള കയ്യിലിരിപ്പ് മാറ്റി നിർത്തണമെന്നും വിഷ്ണു ചിരിച്ചുകൊണ്ട് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications