ആരാകും വിജയി..? 'പ്രവചനങ്ങളെല്ലാം അവസാന നിമിഷം മാറും...; മണിക്കുട്ടന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന വാരത്തേക്ക് എത്തിയിരിക്കുകയാണ്. ഇനി ഏഴ് പേരാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, സെറീന, റെനീഷ റഹ്‌മാന്‍, നാദിറ മെഹ്‌റിന്‍, ജുനൈസ്, ഷിജു എന്നിവരാണ് അവസാന വാരത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അനിയന്‍ മിഥുന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരുന്നു.
ഇനി ശേഷിക്കുന്നവരില്‍ ആരായിരിക്കും ജേതാവാകുക എന്ന പ്രവചനത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ ബിഗ് ബോസ് പ്രവചനാതീതമാണ് എന്നാണ് സീസണ്‍ 3 യിലെ വിജയിയും നടനുമായ മണിക്കുട്ടന്‍ പറയുന്നത്. കഴിഞ്ഞ ദിവസം അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനെത്തിയ മണിക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

സീസണ്‍ 5 ലെ വിജയിയെ പ്രവചിക്കുന്നോ എന്ന് ചോദ്യത്തിനായിരുന്നു മണിക്കുട്ടന്‍ പ്രതികരണം. ജനറല്‍ ബോഡി യോഗത്തിന് എത്തിയപ്പോഴും ബിഗ് ബോസിനെക്കുറിച്ചാണ് പലരും ചര്‍ച്ച ചെയ്തത് എന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തിനെത്തിയപ്പോള്‍ ലാല്‍ സാറിനെ കണ്ടിരുന്നു. സിനിമയിലെ സഹപ്രവര്‍ത്തകരില്‍ പലരും ബിഗ് ബോസ് ഷോ കാണുന്നുണ്ട് എന്ന് മണിക്കുട്ടന്‍ പറഞ്ഞു.
താന്‍ സീസണ്‍ 3 ല്‍ വിജയിച്ചപ്പോള്‍ നേരിട്ട് സന്തോഷം പങ്കുവെച്ച ഒരുപാട് പേരുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ 5 കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്നും ജിമ്മില്‍ പോവുമ്പോഴോ ഒരു വിവാഹച്ചടങ്ങില്‍ പോകുമ്പോഴോ ഒക്കെ ബിഗ് ബോസിനെക്കുറിച്ചാണ് ആളുകള്‍ ചോദിക്കുന്നത് എന്നും മണിക്കുട്ടന്‍ പറയുന്നു. പല സിനിമകളേയും മുന്‍പ് വിമര്‍ശിക്കാറുണ്ടായിരുന്നു.
'എന്നാല്‍ സിനിമയിലെത്തി അഭിനയം പഠിച്ച് തുടങ്ങുമ്പോഴാണ് ഓരോ സിനിമയ്ക്കും പിന്നിലുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കി തുടങ്ങിയത്. അതിന് ശേഷം എല്ലാ സിനിമകളിലെയും പോസിറ്റീവ് വശം മാത്രമേ നോക്കാറുള്ളൂ. അതുപോലെയാണ് ബിഗ് ബോസിന്റെ കാര്യവും,' മണിക്കുട്ടന്‍ പറഞ്ഞു. ആദ്യത്തെ രണ്ട് സീസണുകളും കാണുമ്പോള്‍ ഇത് അങ്ങനെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കണം എന്നൊക്കെ കരുതിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പക്ഷേ മൂന്നാം സീസണില്‍ ഒരു മത്സരാര്‍ഥിയായി എത്തിയപ്പോഴാണ് സംഭവം വ്യക്തമായത് എന്നും മണിക്കുട്ടന്‍ വിശദീകരിച്ചു. ' അപ്പോള്‍ നമ്മള്‍ ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമാവുകയാണ്. ഓരോ മത്സരാര്‍ത്ഥിയെയും കുറിച്ച് എടുത്ത് പറയാനായി ആഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ബിഗ് ബോസ് ഹൌസിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അവര്‍ തങ്ങളുടെ ജീവിതത്തില്‍ മറ്റൊരു പടിയിലേക്കാണ് പ്രവേശിക്കുന്നത്,' മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടി.
അത്തരത്തിലുള്ള ഒരു പ്രശസ്തിയാണ് ഈ ഷോയിലൂടെ കിട്ടുന്നതെന്നും പുതിയ സീസണിലെ എല്ലാ മത്സരാര്‍ഥികള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞു. ഓരോ സീസണും മുന്നോട്ട് പോകുമ്പോള്‍ ബിഗ് ബോസില്‍ പുതിയ താരോദയങ്ങളാണ് സംഭവിക്കുന്നത് എന്നും ബിഗ് ബോസിലെ ഒരു സീനിയര്‍ എന്ന നിലയില്‍ വലിയ സന്തോഷമാണ് അതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.
സീസണ്‍ 3 സീസണ്‍ ഓഫ് ഡ്രീമേഴ്‌സ് ആയിരുന്നു. ഇത് സീസണ്‍ ഓഫ് ഒറിജിനല്‍സ് ആണ്. എന്നാല്‍ ജയിച്ചവര്‍ ഏറ്റവും വലിയ ഒറിജിനല്‍സ് ആണ് എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ വന്നവര്‍ എല്ലാവരും ഒറിജിനല്‍സ് ആണ് എന്നും അതുകൊണ്ടാണ് അവരെ ഷോയിലേക്ക് വിളിച്ചത് എന്നും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിലേക്ക് മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളുമായി പോയിട്ട് കാര്യമില്ലെന്നും താരം പറഞ്ഞു.
'ബിഗ് ബോസിലെത്തുമ്പോള്‍ അവര്‍ നമ്മളെ ഒരു ഒഴിഞ്ഞ പാത്രമാക്കും. പിന്നെ നമ്മളിലേക്ക് പുതിയ കാര്യങ്ങളാണ് നിറക്കുന്നത്. വിജയി ചിലപ്പോള്‍ നമ്മള്‍ പ്രവചിക്കുന്നത് പോലെയാകാം. എന്നാല്‍ അവസാന നിമിഷം അതില്‍ വ്യത്യാസം സംഭവിക്കുകയും ചെയ്യാം. എന്തായാവും ഈ അഞ്ച് സീസണുകളിലും വന്ന് പോയവരെല്ലാം വിജയികളാണ് എന്നും മണിക്കുട്ടന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications