റിനോഷിന്റെ വോട്ട് ജുനൈസിന് ലഭിക്കുമെന്ന് ശോഭ, ഞെട്ടിപ്പിക്കുന്ന മറുപടിയുമായി ജുനൈസ്, മിഥുനെതിരേയും തിരിഞ്ഞു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ കലാശപ്പോരാട്ടത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അഖില്‍ മാരാര്‍, ഷിജു, നാദിറ, സെറീന, റെനീഷ, ശോഭ, ജുനൈസ് എന്നിവരാണ് അവസാന വാരത്തില്‍ ബിഗ് ബോസ് ഹൗസില്‍ അവശേഷിച്ചത്. ഫൈനലിന് മുന്‍പ് രണ്ട് പേര്‍ കൂടി ബിഗ് ബോസ് ഹൗസില്‍ നിന്ന് വിട വാങ്ങും. അത് ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
വോട്ടിംഗിന് ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ് ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും കരുത്തനായ മത്സരാര്‍ത്ഥി എന്ന് വിശേഷിപ്പിക്കപ്പെട്ട റിനോഷ് ജോര്‍ജ് കഴിഞ്ഞ വാരം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. റിനോഷ് ഉണ്ടായിരുന്നെങ്കില്‍ അഖില്‍ മാരാര്‍ക്ക് കനത്ത വെല്ലുവിളിയായേക്കും എന്ന് പലരും വിലയിരുത്തിയിരുന്നു.

കാരണം ഹൗസിന് പുറത്ത് റിനോഷിന് വലിയ പിന്തുണ ഉണ്ട് എന്നാണ് നിഗമനം. എന്നാല്‍ റിനോഷ് പുറത്ത് പോയതോടെ ആ പിന്തുണ ആര്‍ക്കായിരിക്കും ലഭിക്കുക എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. റിനോഷിന് പിന്നാലെ മിഥുനും ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ടായിരുന്നു. ഇരുവരും ബിഗ് ബോസ് വീട്ടിനുള്ളിലെ ഉറ്റ സുഹൃത്തുക്കളായിരുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ വോട്ട് ആര്‍ക്കായിരിക്കും ലഭിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതിനിടെ ഫൈനല്‍ ഫൈവിലെത്താനുള്ള വോട്ടിനെക്കുറിച്ചുള്ള ജുനൈസിന്റെ കാഴ്ചപ്പാടാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാരുടെ എതിര്‍ ചേരിയിലെ വോട്ട് റിനോഷിന് ലഭിക്കും എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. റിനോഷ് പുറത്തായ സ്ഥിതിക്ക് ബിഗ് ബോസ് ഹൗസില്‍ മാരാരോട് തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ജുനൈസിന് ആ വോട്ടുകള്‍ ലഭിക്കും എന്ന് ശോഭ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇതിനോടുള്ള ജുനൈസിന്റെ പ്രതികരണമാണ് എല്ലാവരേയും അമ്പരപ്പിച്ചത്. മിഥുനെയും റിനോഷിനേയും പിന്തുണക്കുന്നവരുടെ വോട്ട് സ്വീകരിക്കുന്നതിലുള്ള താല്‍പ്പര്യക്കുറവാണ് ജുനൈസ് പ്രകടിപ്പിച്ചത്. വോട്ടിന്റെ കാര്യം അനിയന്‍ മിഥുനോട് താന്‍ ചോദിച്ചിട്ടുണ്ടോ എന്നും അങ്ങനെ താന്‍ പറഞ്ഞോ എന്നുമായിരുന്നു ജുനൈസിന്റെ പ്രതികരണം. അനിയന്‍ മിഥുന്‍ ഫേക്ക് ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്ന് കൂടി ജുനൈസ് പറഞ്ഞ് വെക്കുന്നുണ്ട്.
അക്കാര്യം താന്‍ നേരത്തേയും പറഞ്ഞിട്ടുണ്ടെന്നും ജുനൈസ് അവകാശപ്പെടുന്നുണ്ട്. റിനോഷിനെ പിന്തുണയ്ക്കുന്നവര്‍ ചിലപ്പോള്‍ തനിക്ക് വോട്ട് ചെയ്‌തേക്കാം എന്നും എന്നാല്‍ അങ്ങനെയുള്ള വോട്ട് തനിക്ക് വേണ്ട എന്നുമാണ് ജുനൈസ് ലൈവില്‍ പറഞ്ഞത്.












Click it and Unblock the Notifications