'അഖിലിനോട് പറഞ്ഞിട്ടില്ല, ലക്ഷ്മിയോട് മാത്രം പറയുന്നു, മറക്കാൻ സമയമെടുക്കും'; അഖിലിന്റെ ഭാര്യയോട് ശോഭ
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ശത്രുക്കളെ പോലെ പോരെടുക്കുന്ന രണ്ട് പേരാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങളും തർക്കങ്ങളും ബിഗ് ബോസ് ഹൗസിനെ ഇളക്കി മറിച്ചിട്ടുണ്ട്. അടുത്തിടെ കുടുംബ പുരാണം ടാസ്കിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കവും അത്തരത്തിലൊന്നായിരുന്നു.
ടാസ്കിനിടയിൽ അഖിൽ മാരാർ ജുനൈസിനെ സാഡിസ്റ്റ് എന്ന് വിളിച്ചതായിരുന്നു പൊട്ടിത്തെറിയുടെ തുടക്കം. പഴയകാര്യങ്ങൾ കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കാൻ ജുനൈസ് ശ്രമിച്ചുവെന്ന് ആരോപിച്ച് ജുനൈസിനെ അഖിൽ സാഡിസ്റ്റ് എന്ന് വിളിക്കുകയായിരുന്നു. ഇതിനിടയിൽ ശോഭ വിഷയത്തിൽ ഇടപെട്ടു. ഇതിനെ ചോദ്യം ചെയ്ത ശോഭയോട് നിന്നെ നോമിനേഷനിൽ നിന്ന് രക്ഷിച്ചതുകൊണ്ട് നീ അവന്റെ മൂട് താങ്ങുന്നു എന്ന് അഖിൽ പറഞ്ഞു.

വിഷയത്തിൽ കൊണ്ടും കൊടുത്തും രണ്ട് പേരും കത്തിക്കയറി. ഇടയിൽ അഖിലിനെ ശോഭ സാഡിസ്റ്റ് എന്ന് വിളിക്കുകയും ചെയ്തിരുന്നു.തർക്കം അവസാനിച്ചതിന് പിന്നാലെ സാഡിസ്റ്റ് എന്ന് വിളിച്ചതിൽ അഖിൽ മാരാർ ഖേദം പ്രകടിപ്പിച്ചു. എന്നാൽ അഖിലിനെ സാഡിസ്റ്റ് എന്ന് വിളിച്ചത് പിൻവലിക്കാൻ ശോഭ തയ്യാറായിരുന്നില്ല. ശോഭയുടെ ഈ നിലപാടിനെ ഹൗസിലുള്ളവർ ചോദ്യം ചെയ്തിരുന്നു.
ഇപ്പോഴിതാ താൻ ആ വാക്ക് പിൻവലിക്കുകയാണെന്ന് അഖിലിന്റെ ഭാര്യ ലക്ഷ്മിയോട് പറഞ്ഞിരിക്കുകയാണ് ശോഭ. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെത്തിയപ്പോഴായിരുന്നു ശോഭ ലക്ഷ്മിയോട് ഇതിനെ കുറിച്ച് തുറന്ന് സംസാരിച്ചത്. ശോഭ പറഞ്ഞത് ഇങ്ങനെ-'ജുനൈസും ഞാനും അഖിലും കൂടി അടിയുണ്ടായത് കണ്ടിരുന്നോ? ഞാന് സാഡിസ്റ്റ് എന്ന് വിളിച്ചിരുന്നു, അതിന് ഞാൻ റിയാക്ട് ചെയ്തു, പിന്നീട് അഖിലെന്നെ പറഞ്ഞു, അത് അങ്ങനെ സീൻ ആയിരുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കണമെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ഇല്ലെന്ന് തന്നെയായിരുന്നു എന്റെ നിലപാട്. പിന്നെ ഞാൻ അതിനെ കുറിച്ച് ആലോചിച്ചു.
നാളെ മക്കൾ സ്കൂളിൽ പോകുമ്പോൾ സാഡിസ്റ്റിന്റെ മക്കളേ എന്നൊക്കെ പറഞ്ഞേക്കുമെന്നൊക്കെയുള്ള വിമർശനങ്ങൾ കേട്ടു, പക്ഷേ അങ്ങനെയൊന്നും ഞാൻ മനസിൽ ആലോചിച്ചിട്ടില്ല. അഖിൽ എന്ന വ്യക്തിയെ ഞാൻ ഒരുപക്ഷേ സാഡിസ്റ്റ് എന്ന് വിളിച്ചേക്കും. പക്ഷേ ഒരു കുടുംബം, കുട്ടികൾ എന്ന കാര്യം വരുമ്പോഴേക്ക്, ഞാൻ ആ വാക്ക് തിരിച്ചെടുക്കുന്നു
പല രീതിയിലും എന്നെ ട്രിഗർ ചെയ്തിട്ടുണ്ട്. അതിൽ പലതും ലാലേട്ടന്റെ മുൻപിൽ വെച്ച് പരിഹരിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ടും കുറെ സംഭവങ്ങൾ ഉണ്ടായി. ഞങ്ങൾ ഇപ്പോൾ പണ്ടത്തെ പോലെ അല്ല. അവസാനം സാഡിസ്റ്റ് എന്ന് വിളിച്ച സംഭവം എനിക്ക് തന്നെ വല്ലാതെ തോന്നി. അഖിൽ ഒറ്റത്തടിയായിരുന്നുവെങ്കിൽ ആ വാക്ക് ഞാൻ പിൻവലിക്കില്ലായിരുന്നു. കുടുംബവും കുട്ടികളും ഉള്ളത് കൊണ്ട് പറയുകയാണ്, ആ വാക്ക് ഞാൻ തിരിച്ചെടുക്കുകയാണ്. ഞാൻ ലക്ഷ്മിയോട് മാത്രമാണ് ഇത് പറയുന്നത്. അഖിലിനോട് പോലും ഇത് പറഞ്ഞിട്ടില്ല.
ചില കാര്യങ്ങൾ എന്റെ മനസിലുണ്ട്, അത് പക്ഷേ മറക്കാൻ സമയമെടുക്കും. എനിക്ക് അഖിലിനോട് പ്രതികാര മനോഭാവമൊന്നും ഇല്ല. നമ്മൾ തമ്മിൽ പരസ്പരം പറഞ്ഞ കാര്യങ്ങളൊന്നും ലക്ഷ്മി മനസിൽ എടുക്കരുത്', ശോഭ പറഞ്ഞു
ഇതിന് ലക്ഷ്മി നൽകിയ മറുപടി ഇങ്ങനെ-'ഇത്തരം കാര്യങ്ങളൊന്നും വ്യക്തിപരമായി എന്നെ വേദനിപ്പിക്കാറില്ല. ഇതൊക്കെ ഗെയിമിന്റെ ഭാഗമാണ്. നിങ്ങൾ മത്സരാർത്ഥികളാണ് , ഗെയിമിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് പലതും ചെയ്യേണ്ടതുണ്ടാകും, ഇതൊന്നും ഞാൻ അങ്ങനെ പേഴ്സണലി എടുക്കുന്ന ആളല്ല. ചിലർ എന്നോട് ചോദിച്ചിട്ടുണ്ട് നിങ്ങളുടെ ടോം ആന്റ് ജെറി കോമ്പോയൊക്കെ കാണുമ്പോൾ കുശുമ്പ് തോന്നാറില്ലേയെന്ന്. ഞാൻ അതിനോട് നല്ല രീതിയിൽ തന്നെ പ്രതികരിച്ചകൊണ്ട് ഇപ്പോൾ ചോദിക്കാറില്ല.
എനിക്ക് ഒരു രീതിയിലുമുള്ള വിഷമവും ഇല്ല, ശോഭയക്ക് കുറ്റബോധത്തിന്റെ ആവശ്യം ഇല്ല',ലക്ഷ്മി വ്യക്തമാക്കി. ഇരുവരും കെട്ടിപിടിച്ച് സ്നേഹത്തോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.












Click it and Unblock the Notifications