'വിഷ്ണുവിന്റെ കളി കൈയ്യിൽ വെച്ചാമതി,ചതിച്ചു, അകത്ത് കളിച്ചിട്ടല്ലേ പുറത്ത്'; വിഷ്ണുവിനെ പൂട്ടാൻ അഖിൽ?
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ ഏറ്റവും ആഘോഷിക്കപ്പെട്ട സൗഹൃദമാണ് അഖിൽ-മാരാർ-വിഷ്ണു-ഷിജു കൂട്ട്കെട്ട്. ഗെയിമിലടക്കം ഹൗസിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായിട്ടാണ് ഇവർ മുന്നോട്ട് പോകാറുള്ളത്. ഇവരുടെ ഗ്രൂപ്പ് കളിക്കെതിരെ കടുത്ത വിമർശനം ഹൗസിനുള്ളിൽ തന്നെ മത്സരാർത്ഥികൾ ഉയർത്തിയിട്ടുണ്ട്. മറ്റ് മത്സരാർത്ഥികളുടെ ഗെയിമിന് പൂട്ടിട്ട് കൊണ്ട് ഇവർ കളിക്കുന്ന രീതിക്കെതിരെ ആരാധകർക്കിടയിലും വിമർശനം ശക്തമാണ്.
ബിഗ് ബോസ് എന്നത് തനിച്ച് മത്സരിക്കേണ്ട ഗെയിമാണെന്നിരിക്കെ ഗ്രൂപ്പ് കളി പലപ്പോഴും മത്സരത്തിന്റെ ഒഴുക്കിനെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗ്രൂപ്പ് കളിയുമായി ഇത്തരത്തിൽ ഇവർ മുൻപോട്ട് പോകുകയാണെങ്കിൽ മത്സരം കൂടുതൽ വിരസമാകുമെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇനിയുള്ള ദിവസം ഈ ഗ്രൂപ്പ് കളിയിൽ പല ട്വിസ്റ്റുകളും സംഭവിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും പുതിയ ടാസ്കായ ഡിബേറ്റ് റാങ്കിംഗിനിടയിൽ വിഷ്ണു അപ്രതീക്ഷിതമായി നടപ്പാക്കിയ ഗെയിം പ്ലാനോടെയാണ് സംഭവങ്ങളുടെ തുടക്കം.

ടാസ്കിൽ പരാജയപ്പെട്ട് താനും വിഷ്ണുവും ഷിജുവും നോമിനേഷനിൽ ഒരുമിച്ച് എത്തിയാൽ ഷിജു അപകട സ്ഥിതിയിലാകുമെന്ന് അഖിൽ കണക്ക് കൂട്ടിയിരുന്നു. ഇതിനായി രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് താനും വിഷ്ണുവും എത്താനായിരുന്നു അഖിൽ ശ്രമിച്ചത്. എന്നാൽ അഖിലിന്റെ കണക്ക് കൂട്ടൽ തെറ്റിച്ച് കൊണ്ട് വിഷ്ണു കളിക്കുകയായിരുന്നു. റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനത്തേക്ക് റിനോഷിനും മിഥുനും വേണ്ടി വിഷ്ണു വാദിച്ചു. മറ്റുള്ളവരും ഇത് പിന്തുണച്ചതോടെ മിഥുൻ കാപ്റ്റൻസിയിലേക്കും റിനോഷ് നോമിനേഷൻ മുക്തി നേടുകയും ചെയ്തു.
ഇതോടെ കൂടെ നിന്ന് വിഷ്ണു ചതിക്കുകയായിരുന്നുവെന്ന് അഖിൽ വിഷ്ണുവിനെ കുറിച്ച് ഷിജുവിനോട് തുറന്നടിച്ചു. താനിനി ഒറ്റയ്ക്ക് കളിക്കുമെന്നും ആരുടേയും സഹായം വേണ്ടതില്ലെന്നും അഖിൽ പറഞ്ഞു.

'വിഷ്ണു അവന്റെ ഗെയിം കയ്യിൽ വെച്ചിരുന്നാൽ മതി. ഷിജു ചേട്ടനോട് തനിക്ക് വിരോധമില്ല. ഒരു ഗെയിം തന്റെ മുന്നിൽ എത്തിയപ്പോൾ മനസിലാക്കാൻ ഷിജു ചേട്ടന് സാധിച്ചില്ല. ഞാൻ പല സൂചനകളും അത് സംബന്ധിച്ച് കൊടുത്തതാണ്. ഒരാളോടും ഇനി ഒരു രീതിയിലുള്ള സൗഹൃദം സ്ഥാപിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. എവിടെയെങ്കിലും ഞാൻ ഒറ്റക്ക് ഇരിക്കും. അതൊരിക്കലും ഒറ്റപ്പെടൽ ഗെയിം കളിക്കാനോ പിന്തുണ കിട്ടാനോ അല്ല. ടാസ്ക് വന്നാൽ ഞാൻ കളിക്കും, ഞാൻ പോകും', അഖിൽ അനുവിനോടായി പറഞ്ഞു.
വിഷ്ണു വൃത്തികെട്ട ഗെയിം കളിച്ചതിൽ തനിക്ക് കടുത്ത അസ്വസ്ഥത ഉണ്ടെന്ന് അഖിൽ മാരാർ ഷിജുവിനോടും പറയുന്നുണ്ട്. 'എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അവൻ എന്നെയല്ല ഷിജു ചേട്ടനെയാണ് വെട്ടിയത്. അത് നിങ്ങൾക്ക് മനസിലായിട്ടില്ലേ? നമ്മുടെ മുന്നിലേക്ക് ഒരു ഗെയിം വരുന്ന മൊമന്റിൽ ചിന്തിക്കണ്ടേ', എന്ന് അഖിൽ ഷിജുവിനോട് പറഞ്ഞു. എന്നാൽ ഇതിനകത്തുള്ള ഗെയിമിനെ കുറിച്ച് ചിന്തിക്കല്ലേ ഇത് ഗെയിം മാത്രമല്ലേയെന്നായിരുന്നു ഷിജുവിന്റെ പ്രതികരണം. എന്നാൽ ഇതിനകത്ത് ഗെയിം കളിച്ചിട്ടല്ലേ പുറത്തുള്ള കാര്യമെന്നായി അഖിൽ. റിനോഷിനേയും മിഥുനേയും സെയ്ഫ് ആക്കി കൊടുക്കാനല്ല നമ്മൾ കളിക്കേണ്ടതെന്നും അഖിൽ തുറന്നടിച്ചു.
നമ്മൾ ആരേയും വെട്ടാനോ ദ്രോഹിക്കാനോ കളിച്ചിട്ടില്ല. നിങ്ങൾക്ക് വേണ്ടി എനിക്ക് എന്ത് ചെയ്യാം എന്നാണ് ചിന്തിച്ചത്. നിങ്ങൾ എന്റെ സുഹൃത്താണ് പ്രേക്ഷകർക്ക് അറിയാം. ഇവിടെ ഗെയിം കളിക്കുന്നത് മറ്റൊരാളെ വിജയിപ്പിക്കാനാണങ്കിൽ നിങ്ങൾ കളിച്ചോ', അഖിൽ പറഞ്ഞു. അതേസമയം ഇപ്പോൾ താൻ ഇക്കാര്യത്തിൽ അഖിലിന് വിശദീകരണം നൽകാൻ പോകുന്നില്ലെന്നും ഈ സംഭവം തങ്ങൾക്കിടയിൽ ഒരു വിഷയമാകാൻ പോകുന്നില്ലെന്നുമാണ് അനുവിനോടായി വിഷ്ണു പറഞ്ഞത്. എന്തായാലും പുതിയ സംഭവങ്ങൾ ബിഗ് ബോസിൽ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കുമെന്നും മത്സരം കൂടുതൽ കടുക്കാൻ കാരണമാകുമെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications