'വോട്ട് കുറഞ്ഞതല്ല,റിനോഷ് വിഷയത്തിൽ ബിഗ് ബോസ് പുറത്താക്കി?'; മറുപടിയുമായി വിഷ്ണു ജോഷി
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും അപ്രതീക്ഷിതമായിട്ടായിരുന്നു വിഷ്ണു ജോഷി പുറത്തായത്. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളിയിട്ട് കൂടി വിഷ്ണു എങ്ങനെ പുറത്തായെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ്. അമിത ആത്മവിശ്വാസവും ഗ്രൂപ്പുകളിയുമാണ് വിഷ്ണുവിന്റെ പുറത്താകലിന് വഴിവെച്ചതെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം റിനോഷിനേയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയായേയും കുറിച്ച് വിഷ്ണു നടത്തിയ ചില പരാമർശങ്ങളാണ് തിരിച്ചടിക്ക് കാരണമായതായി ചിലർ ചൂണ്ടിക്കാട്ടുന്നത്.
സെറീന അടക്കമുള്ള മത്സരാർത്ഥികളെക്കാൾ വോട്ട് കൂടുതൽ ഉണ്ടായിട്ടും ഈ വിഷയം ചൂണ്ടിക്കാട്ടി ബിഗ് ബോസ് വിഷ്ണുവിനെ പുറത്താക്കിയതാണെന്ന തരത്തിലും ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചകൾ ഉണ്ട്. റിനോഷും ബിഗ് ബോസ് ഹൗസിൽ നിന്നും പോയ ഒരു മത്സരാർത്ഥിയും തമ്മിൽ സെക്സ് ടോക്ക് നടത്തിയിരുന്നുവെന്നായിരുന്നു വിഷ്ണുവിന്റെ ആരോപണം. ഇതിനെതിരെ പുറത്തായ താരം തന്നെ ചാനലിന് പരാതി നൽകിയിരുന്നു.

അതേസമയം പുറത്തായത് സംബന്ധിച്ച് ഇപ്പോഴിതാ വിഷ്ണു തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വൺ ഇന്ത്യ മലയാളത്തോടാണ് വിഷ്ണുവിന്റെ പ്രതികരണം. വിഷ്ണുവിന്റെ വാക്കുകളിലേക്ക് -'പ്രേക്ഷകരുടെ വോട്ട് കിട്ടി ഇതുവരെ അവിടെ നിൽക്കാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷമുണ്ട്. ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നും ഇല്ലാതെയാണ് ഞാൻ പോയത്. പ്രേക്ഷകർക്ക് ഇഷ്ടമായ രീതിയിൽ ഗെയിം കൊടുക്കാനാണ് ഞാൻ ശ്രമിച്ചത്. 84 ദിവസം പ്രേക്ഷകർ എന്നെ സഹിച്ച് നിലനിർത്തിയതിൽ സന്തോഷം.
ഔട്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. ഔട്ടായി ഇറങ്ങിയതിൽ സങ്കടമൊന്നുമില്ല. പറയാനുള്ളതും ചെയ്യാനുള്ളതുമൊക്കെ അവിടുന്ന് ചെയ്തിട്ട് തന്നെയാണ് പുറത്തേക്ക് ഇറങ്ങിയിട്ടുള്ളത്. ഫൈവിൽ എത്താൻ യോഗ്യതയുള്ള ആളാണെന്ന് ബിഗ് ബോസിന് ഉള്ളിൽ നിൽക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. ബിഗ് ബോസ് പ്രവചനാതീതമാണല്ലോ. വിജയം സ്വപ്നം കണ്ടിരുന്നില്ലെങ്കിലും ഫിനാലേ സ്വപ്നം കണ്ടിരുന്നു. അതിന് വേണ്ടിയുള്ളത് ഞാൻ കൊടുത്തിരുന്നു.
അടുത്ത സീസൺ വരുമ്പോഴേക്കും വിഷ്ണു ജോഷി എന്ന മത്സരാർത്ഥിയെ കുറിച്ച് ആളുകൾ ചർച്ച ചെയ്യണമെന്ന് തന്നെയാണ് ഞാൻ കരുതിയത്. എത്രത്തോളം വിജയകരമായെന്ന് അറിയില്ല. ഞാൻ എന്റെ കഴിവിൽ പരമാവധി കൊടുത്തിട്ടുണ്ട്. ഞാൻ ഒരുപാട് തെറ്റുകൾ അതിനുള്ളിൽ ചെയ്തിട്ടുണ്ടാകാം. ശരി മാത്രം ചെയ്യുന്ന ആളൊന്നുമല്ല ഞാൻ. എന്നെ ഇഷ്ടപ്പെടുന്നവർ എന്റെ തെറ്റിനെ പിന്തുടരുത്.
ഒരുപക്ഷേ എന്നോടുള്ള അനിഷ്ടം കൊണ്ട് വോട്ട് കുറഞ്ഞതായിരിക്കാം, എനിക്ക് അറിയില്ല, മനപ്പൂർവ്വം ഔട്ടാക്കിയെന്ന് കരുതുന്നില്ല. മറ്റുള്ളവരെക്കാൾ വോട്ട് കുറഞ്ഞെങ്കിലും പ്രേക്ഷകർ തനിക്ക് തന്ന വോട്ടിൽ സന്തോഷം മാത്രമേ ഉള്ളൂ. ഇൻസ്റ്റഗ്രാമിൽ വെറും ആറായിരം ഫോളോവേഴ്സുമായി പോയ ആളാണ് ഞാൻ. എന്നാൽ ഇറങ്ങുമ്പോൾ ഫോളോവേഴ്സ് കൂടി. എന്നെ പോലെ സ്വഭാവം ഉള്ള വ്യക്തിയെ എല്ലാവരും ഇഷ്ടപ്പെടണമെന്നില്ല. അതും സഹിച്ച് എന്നെ നിലനിർത്തിയതിൽ പ്രേക്ഷകരോട് നന്ദി മാത്രമേയുള്ളൂ', വിഷ്ണു പറഞ്ഞു.
റിനോഷിനും മുൻ ബിഗ് ബോസ് മത്സരാർത്ഥിക്കും എതിരായി നടത്തിയ ആരോപണമാണ് വിഷ്ണു പുറത്താകാൻ കാരണമെന്ന തരത്തിലുള്ള ചർച്ചകളോട് മറുപടി ഇങ്ങനെ-'ഗെയിമിനുള്ളിൽ നമ്മൾ പലതും പറയും , അത് ഗെയിമിന് വേണ്ടിയാണ്. അത് കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞാൽ എനിക്കും മനസിൽ ഒന്നുമില്ല, റിനോഷിനും ഉണ്ടാകില്ല. ഹൗസിനുള്ളിൽ കഴിഞ്ഞത് അവിടെ കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനെ കുറിച്ച് പുറത്ത് സംസാരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.
ഷോയിൽ വെച്ച് ഞാനാണെങ്കിലും അവരാണെങ്കിലും പറയും. അത് വെറും ഷോയ്ക്ക് വേണ്ടിയാണ്. ബിഗ് ബോസ് ഷോ എന്താണെന്ന് നന്നായി മനസിലാക്കിയൊരു മത്സരാർത്ഥിയാണ് ഞാൻ. ഷോ ഷോ ആയി തന്നെ കാണാനും അതേ സ്പിരിറ്റിൽ എടുക്കാനും എനിക്ക് അറിയാം. എന്നേയും എന്തെങ്കിലുമൊക്കെ പറഞ്ഞത് കൊണ്ടാകാം ഞാൻ തിരിച്ച് പറഞ്ഞിട്ടുണ്ടാകും. ഞാൻ പറഞ്ഞത് കാരണം പ്രേക്ഷകർക്കോ വ്യക്തികൾക്കോ കുടുംബംഗങ്ങൾക്കോ വേദനിച്ചിട്ടുണ്ടെങ്കിൽ എന്റെ മനസിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു', വിഷ്ണു പറഞ്ഞു.












Click it and Unblock the Notifications