'മുൻ കാമുകി ഒഴിവാക്കി പോയപ്പോൾ പറഞ്ഞത്.. അത് സംഭവിച്ചെങ്കിൽ അവൾ പറഞ്ഞത് ശരിയാകുമായിരുന്നു'; വിഷ്ണു
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലെ ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് വിഷ്ണു ജോഷി. ഈ സീസണിലെ 'മൈന്റ് ഗെയിമർ' എന്ന നിലയിലാണ് വിഷ്ണുവിനെ ആരാധകർ ആഘോഷിക്കാറുള്ളത്. അതുപോലെ തന്നെ ടാസ്കുകളിലും മികച്ച പ്രകടനം തന്നെയാണ് പലപ്പോഴും വിഷ്ണു കാഴ്ച വെയ്ക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ടാസ്കിനിടയിലെ വിഷ്ണുവിന്റെ ഒരു വീഡിയോ ആണ് ബിഗ് ബോസ് ആർമി ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്.
'നവരസം' ടാസ്കിനിടയിൽ നടക്കുന്ന കാര്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ഒരു മത്സരാര്‍ഥി പ്രതിമയെപ്പോല്‍ ടാസ്‍കില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അയാളെ ചിരിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ഇതിനായി മത്സരാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരുന്നു. അഖിൽ മാരാരും റിയാസ് സലീമുമായിരുന്നു ഗ്രൂപ്പ് തലവൻമാർ. ഇതിൽ അഖിൽ മാരാരുടെ ഗ്രൂപ്പിലായിരുന്നു വിഷ്ണു.

വിഷ്ണുവിനെ ചിരിപ്പിക്കാൻ സഹമത്സരാർത്ഥികൾ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വിഷ്ണു ചിരിച്ചില്ല. ഇതോടെ അത്ര ധൈര്യമുണ്ടെങ്കിൽ ചിരിപ്പിക്കുന്നവരുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ വിഷ്ണുവിനെ മത്സരാർത്ഥികൾ വെല്ലുവിളിച്ചു. എന്നാൽ യാതൊരു ഭാവ മാറ്റവുമില്ലാതെ എല്ലാവരുടേയും മുഖത്തേക്ക് തന്നെ നോക്കി നിന്ന് ടാസ്കിൽ വിജയിക്കാൻ വിഷ്ണുവിന് സാധിച്ചു.
അവതാരകനായ മോഹൻലാൽ ഉൾപ്പെടെയുള്ളവർ വളരെ ഗൗരവത്തോടെ സംസാരിക്കുമ്പോൾ പോലും ചിരിച്ച് നിൽക്കുന്ന വിഷ്ണുവിനെ കൊണ്ട് ഇതെങ്ങെനെ സാധിച്ചുവെന്നാണ് മത്സരാർത്ഥികൾ ഇതോടെ അമ്പരപ്പ് കൊണ്ടത്. ജുനൈസും നാദിറയുമായിരുന്നു ഇത് സംബന്ധിച്ച് വിഷ്ണുവിനോട് ചോദിച്ചത്. ഇതിന് വിഷ്ണു നൽകുന്ന മറുപടിയാണ് ആർമി ഗ്രൂപ്പുകളിൽ വൈറലാകുന്നത്.
വിഷ്ണുവിന്റെ വാക്കുകൾ ഇങ്ങനെ-'അവിടെ പോയി നിന്നപ്പോൾ എന്റെ മൈന്റിലേക്ക് ഞാൻ കൊണ്ടുവന്നത് എന്റെ മുൻ കാമുകിയെ ആണ്. റിലേഷൻ അവസാനിപ്പിച്ച് പോകുമ്പോൾ നീ എവിടേയും എത്തില്ലെന്ന് അവൾ പറഞ്ഞ കാര്യങ്ങളാണ് എന്റെ മൈന്റിൽ വന്നത്. എന്നാൽ അങ്ങനെയല്ലെന്ന് എനിക്ക് കാണിച്ച് കൊടുക്കണമായിരുന്നു. ഞാൻ നിൽക്കുന്നത് ഗ്രാന്റ് ഫിനാലെയുടെ വേദിയാണെന്നും നമ്പർ വൺ ആകുന്നതിന് വേണ്ടിയുള്ള മത്സരമാണെന്നുമായിരുന്നു മനസിൽ. ഞാൻ ചിരിച്ചാൽ അവൾ പറയുന്നത് സത്യമാകും, ചിരിക്കാതിരുന്നാൽ ഞാൻ ജയിക്കും. ജീവിതത്തിൽ എനിക്ക് ജയിച്ച് കാണിക്കണമായിരുന്നു', വിഷ്ണു പറഞ്ഞു.
അതേസമയം സീസൺ 5 ൽ വിജയ സാധ്യതയുള്ള മത്സരാർത്ഥിയാണ് വിഷ്ണു എന്ന വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ അഖിൽ മാരാരുമായി ചേർന്നുള്ള ഗ്രൂപ്പ് കളി വിഷ്ണുവിന് തിരിച്ചടിയാകുമെന്ന വിമർശനങ്ങൾ ശക്തമാണ്. നിലവിൽ ബിഗ് ബോസിൽ അഖിൽ മാരാർ കിരീടം ചൂടാനുള്ള സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ശക്തനായ എതിരാളി ഇല്ലാത്തതിനാലാണ് ഇതെന്നും ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഗ്രൂപ്പ് കളി വിട്ട് പുറത്ത് വന്നാൽ അഖിലിന് വെല്ലുവിളി ഉയർത്താൻ വിഷ്ണുവിന് സാധിക്കുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്ന് ബിഗ് ബോസിൽ എത്തിയ വൈൽഡ് കാർഡുകളും അതിഥിയായെത്തിയ റിയാസ് സലീം, ഫിറോസ് ഖാൻ, രജിത് കുമാർ എന്നിവരും ഇത്തരത്തിലൊരു സൂചന വിഷ്ണുവിന് നൽകിയിട്ടുണ്ട്. ഇതിനനുസരിച്ച് വരും ദിവസങ്ങളിൽ വിഷ്ണു തന്റെ ഗെയിം മാറ്റുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
വളരെ പെട്ടെന്ന് തന്നെ പ്രകോപിതനാകുന്ന അഖിൽ മാരാരെ ഒരു പരിധി വരെ പ്രശ്നങ്ങളിൽ പെടാതെ പിടിച്ച് നിർത്തുന്നത് ഷിജുവാണ്. ഷിജു പുറത്താകുകയും അഖിലിനെ പ്രകോപിപ്പിക്കാൻ വിഷ്ണു ശ്രമിക്കുകയും ചെയ്താൽ ഇതുവരെയുള്ള ഗെയിമിൽ വലിയ ട്വിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും. എന്തായാലും നിലവിൽ നിശബ്ദമായി തുടരുന്ന വിഷ്ണുവിന്റെ ഗെയിം ഇനി എന്താകുമെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications