രജിത്തിന്റെ കാശ് തട്ടിപ്പറിച്ച് സാഗർ: കളി കാര്യമായി, ഇറങ്ങിപ്പോവുമെന്ന് റോബിന്‍, രാജിവെച്ച് അഖില്‍
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ പുതിയ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍ സീസണുകളില്‍ നടത്തിയ ഹോട്ടല്‍ ടാസ്ക് തന്നെയാണ് ഇത്തവണവും ബിഗ് ബോസ് അധികൃതർ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ജുനൈസ് മാനേജരായ ഹോട്ടലില്‍ അഖില്‍ മാരാർ സെക്യൂരിറ്റിയും വിഷ്ണു ചീഫ് ഷെഫുമാണ്. സാഗറും സെറീനയും കലാകാരന്‍മാരായി ഹോട്ടലിലേക്ക് വേഷം മാറിയെത്തിയ ക്രിമിനലുകളുമാണ്.
അങ്ങനെ ഒരു മത്സരാർത്ഥികള്‍ക്കും ഒരോ ജോലികളും അവർക്ക് കൃത്യമായ സ്വഭാവവും ബിഗ് ബോസ് നിർണ്ണയിച്ച് നല്‍കിയിട്ടുണ്ട്. ഇവർക്കിടയിലേക്കാണ് ഹോട്ടലിലെ ഗസ്റ്റുകളായി ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനും സീസണ്‍ രണ്ടിലെ താരം രജിത് കുമാറും എത്തുന്നത്. ഹോട്ടല്‍ ജോലിക്കാരുടെ സേവനത്തില്‍ തൃപ്തരായിക്കൊണ്ട് അതിഥികളില്‍ നിന്നും കൂടുതല്‍ ടിപ്സ് സ്വന്തമാക്കുന്നവരായിരിക്കും ടാസ്കിലെ വിജയി.

റോബിന്‍ തുടക്കത്തില്‍ സൌമ്യ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെങ്കില്‍ നേരെ മറിച്ചായിരുന്നു രജിത് കുമാറിന്റെ രീതി. സ്വീകരിക്കുന്ന ചടങ്ങ് മുതല്‍ തന്നെ എല്ലാവരേയും ചൊറിഞ്ഞു തുടങ്ങി. വിഷ്ണു മാത്രമായിരുന്നു രജിത് കുമാറിനെ പഴയ മുളകുപൊടി വിഷയം ചൂണ്ടിക്കാട്ടി തിരിച്ച് ചൊറിഞ്ഞത്.
ഇതിനെല്ലാം ഒടുവിലാണ് ബെഡ്റൂമില്‍ നില്‍ക്കുമ്പോള്‍ രജിത് കുമാറില്‍ നിന്നും ടിപ്സ് നല്‍കാനുള്ള പണം സാഗർ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത്. ഇരുവരും തമ്മില്‍ അല്‍പം മസില്‍പിടുത്തവും നടന്നു. ഇതോടൊപ്പം തന്നെ സാഗർ രണ്ട് മൂന്ന് നോട്ടുകള്‍ കീറിയെറിയുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രജിത് കുമാർ രംഗത്ത് വന്നു.
ഒരു ഹോട്ടലില്‍ വരുന്ന അഥിതിയോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നായിരുന്നു രജിത് കുമാറിന്റെ ചോദ്യം. ടാസ്കിന് പുറത്ത് നിന്ന് കൊണ്ട് തന്നെ അഖില്‍ മാരാറും റെനീഷയും ശോഭയും ഷിജുവുമെല്ലാം സാഗർ ചെയ്തത് ഗെയിം നിയമത്തിന് തെറ്റാണെന്ന വാദം ഉയർത്തി. പണം മോഷ്ടിക്കാമെങ്കിലും പിടിച്ച് പറിക്കുന്നത് നിയമപ്രകാരം തെറ്റല്ലെന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍ ഒരു മുന്‍ ക്രിമിനലായ തനിക്ക് ഇങ്ങനെ പെരുമാറാമെന്നായിരുന്നു സാഗറിന്റെ വാദം. താനും സെറീനയും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഇതെന്നും സാഗർ പറഞ്ഞു. സെറീനയും ശ്രുതിയും വിഷ്ണുവും സാഗറിനെ പിന്തുണച്ച് രംഗത്ത് വന്നു. കള്ളന്‍ റൂമില്‍ കയറാതെ ശ്രദ്ധിക്കേണ്ടത് മാനേജരും സെക്യൂരിറ്റിയുമാണെന്ന് പറഞ്ഞുകൊണ്ട് ജുനൈസിനേയും അഖിലിനേയും കുഴപ്പത്തിലാക്കാനും ഇവർ ശ്രമിച്ചു.
വീട്ടില്‍ ആകെ ബഹളമായപ്പോള്‍ റോബിനും പ്രശ്ന പരിഹാരത്തിന് ശ്രമിച്ചു. ബഹളം നിർത്താന്‍ റോബിന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. ഇതോടെ ഈ ബഹളം ഇങ്ങനെ തുടർന്നാല്‍ ഞാന്‍ ഇറങ്ങിപ്പോവുമെന്നായി റോബിന്‍. ഹോട്ടലില്‍ നിന്നും നേരിട്ട മോശം പ്രവർത്തിക്ക് മാനേജരും സെക്യൂരിറ്റിയും അതിഥിയോട് ക്ഷമ ചോദിക്കുകയും മോഷണം നടത്തിയവരെ വീടിനുള്ളില്‍ നിന്നും പുറത്താക്കണമെന്നുമായിരുന്നു റോബിന്റെ നിർദേശം.
അതേസമയം, റോബിനും രജിതിനും ബിഗ് ബോസ് രണ്ട് ദൌത്യങ്ങള്‍ കൊടുത്തിട്ടുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രജിത് അറഞ്ചം പുറഞ്ചം ടീമുകളെ ചൊറിയുക. സ്വാഭാവികമായും പുറത്തു നിന്നും ഒരു ഏലീയൻ വന്നു ഇത്തരം ചൊറി ചൊറിയുമ്പോൾ സ്വാഭാവികമായും ഹൗസിലുള്ളവർ കൂട്ടമായി പ്രതിരോധിക്കും. സീസണ്‍ ഫൈവിലെ ഗ്രൂപ്പ് കളിയെ പ്രത്യേകം പറയേണ്ടതില്ലലോയെന്നും അവർ ചോദിക്കുന്നു.
രജിത്തിലേക്ക് ടീമിന്റെ ഫോക്കസ് പോകുമ്പോൾ റോബിൻ ഗ്രൂപ്പിനെ പൊളിക്കാൻ ഉള്ള ഗെയിം ആയിരിക്കും നടത്തുക. മാരാർക്കെതിരെ ഗെയിം തിരിക്കും. ഒന്നോർക്കുക... രജിത്തും റോബിനും ഗെയിം കളിക്കാനല്ല ബിഗ്ഗ്‌ബോസ് കൊണ്ട് വന്നിരിക്കുന്നത്. ഹൗസിലുള്ളവരെ കളിപ്പിക്കാനും, കളി പഠിപ്പിക്കാനും ആണ്. കളിക്കേണ്ടത് ഹൗസിലുള്ളവർ തന്നെ ആണെന്നും ഇവർ ചോദിക്കുന്നു.












Click it and Unblock the Notifications