വിഷ്ണുവിന് പുറത്തേക്കുള്ള വഴി തെളിയിച്ചത് ജുനൂക്കയുടെ ബുദ്ധി: അന്നത്തെ ആ തീരുമാനം നിർണ്ണായകമായി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്നും വിഷ്ണു ജോഷി പുറത്തായത് പലർക്കും ഞെട്ടലുണ്ടാക്കിയ കാര്യമായിരുന്നു. എതിരാളികള്‍ പോലും ഫൈനല്‍ 5 ല്‍ പ്രതീക്ഷിച്ച താരമായിരുന്നു വിഷ്ണു ജോഷി. എന്നാല്‍ അപ്രതീക്ഷിതമായി താരം ഇന്നലെ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയി. പല കാരണങ്ങളാണ് വിഷ്ണുവിന്റെ പുറത്താകലിന് കാരണമായി പറയപ്പെടുന്നത്. അവസാന ആഴ്ചകളിലെ മോശം പ്രകടനത്തിനൊപ്പം പുറത്തുപോയ ഒരു താരത്തെക്കുറിച്ചുള്ള പരാമർശവും താരത്തിന് വിനയായെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിഷ്ണുവിന്റെ പുറത്താകലിന് വഴിവെച്ചത് ജുനൈസിന്റെ നീക്കമാണെന്നാണ് ചില പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായം എന്നതിന് അപ്പുറത്ത് അതില്‍ വലിയ ശരിയുമുണ്ട്. പത്താം ആഴ്ചയിലെ ക്യാപ്റ്റനായ ജുനൈസിന് മറ്റ് ക്യാപ്റ്റന്മാർക്ക് കിട്ടാത്ത പ്രത്യേക കഴിവ് ബിഗ് ബോസ് നല്‍കിയിരുന്നു. ഒരു മത്സരാർത്ഥിയെ നോമിനേഷനില്‍ നിന്നും രക്ഷപ്പെടുത്തി, മറ്റൊരു താരത്തെ ഡയറക്ട് നോമിനേഷനില്‍ ഇടാം എന്നതായിരുന്നു ആ കഴിവ്.

ബിഗ് ബോസ് നല്‍കിയ ആ കഴിവ് ഉപയോഗിച്ച് ശോഭ വിശ്വനാഥിനെ ജുനൈസ് നോമിനേഷനില്‍ നിന്ന് രക്ഷിക്കുകയും അഖില്‍ മാരാരെ ആ പട്ടികയിലേക്ക് കൊണ്ടു വരികയും ചെയ്തു. ജുനൈസിന്റെ ഈ നീക്കത്തെ ഒരു വിഭാഗം ഷോയ്ക്ക് അകത്തും പുറത്തും വലിയ തോതില്‍ അന്ന് വിമർശിച്ചിരുന്നു. എന്തുകൊണ്ട് മിഥുനെ നോമിനേഷനില്‍ ഇടാതെ അഖില്‍ മാരാറെ തിരഞ്ഞെടുത്തുവെന്നായിരുന്നു പലരുടേയും ചോദ്യം.
ഫലത്തില്‍ ജുനൈസിന്റെ ആ നീക്കമാണ് വിഷ്ണുവിനെ ഇന്ന് വീടിന് പുറത്തേക്ക് എത്തിച്ചത്. അഖില്‍ മാരാർ കൂടെ നോമിനേഷന്‍ ലിസ്റ്റിലേക്ക് വന്നതോടെ വിഷ്ണുവിന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ജുനൈസ് അഖില്‍ മാരാരെ നോമിനേഷനിലേക്ക് കൊണ്ടുവരാതെ മിഥുനെ തിരഞ്ഞെടുത്തിരുന്നെങ്കില്‍ അഖില്‍ മാരാർ ആരാധകരുടെ വോട്ടില്‍ വലിയൊരു ശതമാനം വിഷ്ണുവിന് സ്വാഭാവികമായും ലഭിക്കുകയും അദ്ദേഹം ഈ ആഴ്ച സുരക്ഷിതമായി പിന്നിടുകയുമായിരുന്നു.
എന്നാല്‍ ഷിജുവിനൊപ്പം അഖില്‍ മാരാർ കൂടെ പട്ടികയില്‍ വന്നത് വിഷ്ണുവിന് വിനയായി മാറി. മറുവശത്ത് ജുനൈസാവട്ടെ ഈ നീക്കത്തിലൂടെ തന്റെ നില കൂടുതല്‍ സുരക്ഷിതമാക്കി. ശോഭയെ സേവ് ചെയ്തതിലൂടെ അവരുടെ ആരാധകരുടെ വോട്ടും, മിഥുനെ തിരഞ്ഞെടുക്കാത്തതിലൂടെ അവന്റെ ആരാധകരുടെ വോട്ടും ജുനൈസ് ഉറപ്പിച്ചു. റിനോഷ് ആരാധകരുടെ വോട്ടിലെ ഒരു ശതമാനവും ജുനൈസിന് ഉറപ്പിക്കാം.

എല്ലാവരും പറയുന്നത് പോലെ ജുനൈസ് മിഥുനെ എവിക്ഷന്‍ ലിസ്റ്റിലേക്ക് കൊണ്ടുവന്നുവെങ്കില്‍ വിഷ്ണു രക്ഷപ്പെടുന്നതിന് ഒപ്പം അദ്ദേഹത്തിന് ലഭിക്കുന്ന വോട്ടും കുറഞ്ഞേനെ. ശോഭ വിശ്വനാഥിന്റെയും മിഥുന്റേയും ആരാധകർ അവരുടെ ഇഷ്ട താരങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്യും. മിഥുനെ നോമിനേഷനില്‍ കൊണ്ടുവന്നുവെന്ന കാരണത്താല്‍ റിനോഷ് ആർമിയും ജുനൈസിന് വോട്ട് നല്‍കില്ല. എല്ലാ കാര്യങ്ങള്‍ കൂടി വിലയിരുത്തുമ്പോള്‍ ജുനൈസ് കളിച്ചത് ബ്രില്യന്റ് ഗെയിം എന്ന് ഉറപ്പിച്ച് പറയാം.
അതേസമയം, ഹോട്ടൽ ടാസ്ക് മുതലാണ് വിഷ്ണുവിന്റെ ഓവർ കോൺഫിഡൻസ് വിനയായി തുടങ്ങിയതെന്ന് വിലയിരുത്തുന്നവരുമുണ്ട്. അന്ന് ജുനൈസിനെതിരെ കാണിച്ച ഷോ പ്രേക്ഷകർക്കിടയില്‍ അവമതിപ്പുണ്ടാക്കി. പിന്നീട് രണ്ടാഴ്ച മിണ്ടാതെയും ഒന്നും ചെയ്യാതെയും ഇരുന്ന് അവസാനം റിനോഷിനെ ടാർഗറ്റ് ചെയ്തു. അതാണ് കൂടുതല്‍ തിരിച്ചടിയായി മാറിയത്. ലഹരി പ്രമോഷന്‍ പ്രസ്താവന ഷിജു തന്നെ പൊളിച്ചടുക്കുകയും ചെയ്തു. അങ്ങനെ ഓവർ കോൺഫിഡൻസും അല്‍പ്പം അഹങ്കാരവുമാണ് ടോപ്പ് 3 യില്‍ പ്രതീക്ഷിച്ച വ്യക്തിയെ പത്താമത് എത്തിച്ചതെന്നും ആരാധകർ വിലയിരുത്തുന്നു.












Click it and Unblock the Notifications