റോബിന്‍ വരുന്നു: പണി മാരാർക്കിട്ട്, മാപ്പ് പറയേണ്ടി വരുമോ: കുടെ രജിത് കുമാറും, ഇനി കളിമാറും
അമ്പത് ദിവസം പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് തുടക്കത്തിലെ മോശം പ്രകടനത്തില്‍ നിന്നും ഭേദപ്പെട്ട രീതിയില്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇപ്പോഴും ഷോ കഴിഞ്ഞ സീസണുകളുടെ അത്ര മികവ് പുലർത്തുന്നില്ലെന്ന വിമർശനം ശക്തമാണ്. മൂന്ന് വൈല്‍ഡ് കാർഡ് എന്‍ട്രികളും വീട്ടിലേക്ക് വന്നെങ്കിലും അവരും മികച്ച പ്രകടനം കാഴ്ചവെച്ചില്ല.
ഹനാന്‍, ഒമർ ലുലു, അനു ജോസഫ് എന്നിവരായിരുന്നു വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയത്. ഹനാന്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പുറത്തേക്ക് പോയപ്പോള്‍ ഒമർ ലുലു എവിക്ഷനിലൂടെ പൂറത്താവുകയായിരുന്നു. അനു ജോസഫ് ഇപ്പോഴും ഷോയില്‍ തുടരുന്നു. ഇവർക്കെല്ലാം പുറമെയാണ് കഴിഞ്ഞ സീസണുകളില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ കൂടി ബിഗ് ബോസിലേക്ക് എത്തുന്നത്.

ഇന്നാണ് കഴിഞ്ഞ സീസണിലെ താരങ്ങളുടെ വരവ്. ഇത് സംബന്ധിച്ച സൂചനകളും പ്രമോയും ചാനല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ബിഗ് ബോസ് സീസണ്‍ ഫോർ താരമായ ഡോക്ടർ റോബിനും, സീസണ്‍ 2 താരമായ രജിത് കുമാറുമാണ് ഷോയിലേക്ക് വരുന്നതെന്നാണ് സൂചന. ആ രണ്ടുപേർ ആരായിരിക്കുമെന്നുള്ളത് ഇന്ന് അറിയാന്‍ സാധിക്കും.
ഇവർ വൈല്‍ഡ് കാർഡ് എന്‍ട്രി ആയിരിക്കില്ലെന്നും പരമാവധി അഞ്ച് ദിവസം മാത്രമായിരിക്കും ഷോയില്‍ ഉണ്ടായിരിക്കുകയുള്ളൂ എന്നും റിപ്പോർട്ടുണ്ട്. അതായത് ഈ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീടിന് അകത്തെ താരങ്ങളെ പരമാവധി ചൊറിയാനായിരിക്കും വരുന്ന രണ്ട് താരങ്ങളും ശ്രമിക്കുക.
രജിത് കുമാറും ഷോയിലെ മറ്റ് താരങ്ങളുമായി ഇതുവരെ പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെങ്കിലും അഖില്‍ മാരാറും റോബിനും തമ്മില്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ നടനെതിരെ കൂവാൻ റോബിൻ ആളെ വിട്ടുവെന്ന ആരോപണമായിരുന്നു വിവാദങ്ങളുടെ തുടക്കം.
'ഈയിടെ കോഴിക്കോട് മാളിൽ 'ബ്രൂസിലി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. അന്ന് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു അലറൽ വീരന്റെ ഫാൻസ് വന്നിട്ട് ഉണ്ണി മുകുന്ദൻ എണീച്ച സമയത്ത് നടനെ കൂവുകയും ഇദ്ദേഹം എഴുന്നേറ്റ സമയത്ത് വളരെ ആരാധനയോടും കൂടി കൈയ്യടിക്കുകയും ചെയ്തു. എന്നാൽ അലറൽ വീരൽ കാശ് കൊടുത്ത ചെയ്യിച്ച പരിപാടിയാണ് അയാളുടെ കൂടെയുള്ള ആളാണ് പറഞ്ഞത്'.- എന്നായിരുന്നു ജനം ടീവി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഖില്‍ മാരാർ പറഞ്ഞത്.

പിന്നാലെ അഖില്‍ മാരാറുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് റോബിനും രംഗത്ത് വന്നു. തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങളില്‍ അഖില്‍ മാരാർ മാപ്പ് പറയണമെന്നും റോബിന്‍ ആവശ്യപ്പെട്ടിരുന്നു. മെയിൻ സ്ട്രീം ചാനലിൽ വന്നിരുന്ന് എന്നെ അലറൽ വീരൻ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റർ അഖിൽ മാരാർ. അത് തെറ്റല്ലേ, നിങ്ങൾക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാൽ പോരെ എന്നും അന്ന് റോബിന്‍ പറഞ്ഞിരുന്നു.
'നിങ്ങളുടെ പ്രശ്നം എന്താണ്. ഞാൻ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാൻ സിനിമയെ തകർക്കുമെന്നൊക്കെ എന്തിനാണ് പറയുന്നത്. ഇതിൽ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങൾ എന്തിനാണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. അഖിൽ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാൻ വന്ന് നിങ്ങളെ ഡാഷ് മോൻ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്. അലറൽ വീരൻ എന്നൊക്കെ വിളിച്ച് ഒരാളെ വ്യക്തിഹത്യ ചെയ്യുകയാണ്. അതിന് താങ്കൾ മാപ്പ് പറയണം'. - റോബിന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആ വിഷയത്തില്‍ മാപ്പ് പറയാന്‍ അഖില്‍ ഇതുവരെ തയ്യാറായിട്ടില്ല. റോബിന്‍ ബിഗ് ബോസ് ഹൌസിലേക്ക് എത്തുമ്പോള്‍ ഈ വിഷയം വീണ്ടും ചർച്ചയാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം തന്നെ മറ്റുള്ളവരെ കായികപരമായി നേരിട്ട കുറ്റത്തിന് ബിഗ് ബോസില്‍ നിന്നും ഒരിക്കല്‍ പുറത്താക്കപ്പെട്ട താരങ്ങളെ വീണ്ടും ഷോയിലേക്ക് കൊണ്ടു വരുന്നതിനെതിരേയും വിമർശനം ശക്തമാണ്.












Click it and Unblock the Notifications