അഖിലിനെ പുറത്താക്കാനുള്ള നീക്കമോ? 'സഭ്യത ഇല്ലാത്ത പെരുമാറ്റം അനുവദിക്കണോ',കലിപ്പിൽ മോഹൻലാൽ,ചർച്ച
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ നിന്നും അഖിൽ മാരാർ പുറത്താകുമോ? പുതിയ പ്രമോ വീഡിയോ ആണ് ഇത്തരം ചർച്ചകൾക്ക് ചൂട് പകരുന്നത്. ബിഗ് ബോസ് ഹൗസിലെ നിയമലംഘനങ്ങളും സഭ്യതയില്ലാത്ത പെരുമാറ്റങ്ങളും ഇനിയും അനുവദിക്കേണ്ടതുണ്ടോയെന്ന് അവതാരകനായ മോഹൻലാൽ പ്രമോ വീഡിയോയിൽ ചോദിക്കുന്നത്. ഇതോടെ ഇത് അഖിലിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ബിഗ് ബോസ് ഗ്രൂപ്പിലെ ചർച്ചകൾ.
കഴിഞ്ഞ ആഴ്ച സഹമത്സരാർത്ഥികളുമായി സംസാരിക്കുന്നതിനിടയിൽ അഖിൽ മാരാർ മുണ്ട് പൊക്കിയ സംഭവം ബിഗ് ബോസിനകത്തും പുറത്തും വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കുമായിരുന്നു കാരണമായത്. ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുൻപ് ഒരു അഭിമുഖത്തിൽ ബിഗ് ബോസിൽ മത്സരിക്കുന്നതിനേക്കാൾ നല്ലത് ലുലു മാളിന്റെ മുൻപിൽ പോയി മുണ്ടു പൊക്കുന്നതാണെന്ന് അഖിൽ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് അതിഥിയായി എത്തിയ റിയാസ് ചോദിച്ചപ്പോഴായിരുന്നു അഖിൽ മുണ്ട് പൊക്കിയത്.

സംഭവത്തിൽ കടുത്ത എതിർപ്പ് മത്സരാർത്ഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. പീന്നീട് കോടതി ടാസ്കിനിടയിലും വിഷയം പരാതിയായി ഉന്നയിക്കപ്പെടുകയും സംഭവത്തിൽ അഖിൽ മാരാർ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ അഖിലിന്റേത് തീർത്തും സഭ്യമല്ലാത്ത പെരുമാറ്റമായിരുന്നുവെന്നാണ് പുറത്തുള്ള ചർച്ചകൾ. ബിഗ് ബോസ് ഇത്തരത്തിലുള്ള രീതികൾ പ്രോത്സാഹിപ്പിക്കരുതെന്നും കാണികളെ വിഡ്ഢികളാക്കാതെ കർശന നടപടിയെടുക്കണമെന്നും ഒരു വിഭാഗം ആരാധകർ ആവശ്യപ്പെട്ടിരുന്നു.
അഖിൽ ഇതാദ്യമല്ല ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. പല അവസരങ്ങളിലും അഖിൽ സഹമത്സരാർത്ഥികൾക്കെതിരെ കൈയ്യോങ്ങുകയും അനാവശ്യ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഒരിക്കൽ ജുനൈസിനെ സംസാരത്തിനിടയിൽ പിടിച്ച് തള്ളുകയും ചെയ്തിരുന്നു. ഇതിനെല്ലാം അഖിലിന് ബിഗ് ബോസ് താക്കീത് നൽകിയിരുന്നു. ഇനിയും ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അഖിലിനോട് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രമോ വീഡിയോ അഖിലിനെതിരെ നടപടിയുണ്ടാകുമെന്ന സൂചന നൽകുന്നതാണെന്ന തരത്തിൽ ചർച്ച കൊഴുക്കുന്നത്.
കൃത്യമായ നിയമ പുസ്തകം ഉണ്ടായിട്ടും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടും പലരും നിയമലംഘനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും സഭ്യതയില്ലാത്ത പെരുമാറ്റങ്ങൾ ആവർത്തിക്കുകയാണെന്നുമാണ് അവതാരകമായ മോഹൻലാൽ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇനിയും അനുവദിക്കേണ്ടതുണ്ടോയെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്.
അതേസമയം വീഡിയോയക്ക് താഴെ അഖിലിനെ പിന്തുണച്ചും എതിർത്തും നിരവധി കമന്റുകൾ നിറയുന്നുണ്ട്.. അഖിലിനെ പുറത്താക്കുകയാണോ ബിഗ് ബോസ് ഉദ്ദേശിക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. ഹൗസിനുള്ളിൽ മറ്റ് പലരും നിയമം ലംഘനം നടത്തിയിട്ടില്ലേയെന്നും അതൊന്നും എന്തുകൊണ്ട് ബിഗ് ബോസ് ചോദിക്കുന്നില്ലെന്നും ചിലർ ചോദിക്കുന്നു. ചിലരാകട്ടെ അഖിലിനെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഒരാൾ അനുസരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ നടപടിയുണ്ടാകണമെന്നും ഇനിയും അനുവദിച്ചാൽ അത് ബിഗ്‌ബോസ് ബിഗ്‌ബോസിനോട് തന്നെ ചെയ്യുന്ന അനീതി ആയിരിക്കുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ചിലർ ചോദിക്കുന്നു.
അതേസമയം ഏഷ്യാനെറ്റിന്റെ പതിവ് തന്ത്രം മാത്രമാണിതെന്നും ഒരിക്കലും അഖിലിനെതിരെ യാതൊരു നടപടിയും ഉണ്ടാകാൻ പോകുന്നില്ലെന്നുമാണ് ചിലർ പ്രതികരിക്കുന്നത്. അഖിൽ മാരാരെ പുറത്താക്കിയാൽ ആരെ വെച്ച് ബിഗ് ബോസ് കണ്ടന്റ് ഉണ്ടാക്കുമെന്നും ഇവർ ചോദിക്കുന്നു. ബിഗ് ബോസ് ഷോ പൂർത്തിയാകാൻ ഇവിയും അവസരങ്ങൾ ഉണ്ടെന്നിരിക്കെ അഖിലിനെ പുറത്താക്കിയാൽ അത് ഷോയുടെ റേറ്റിംഗിനെ തന്നെ ബാധിക്കുമെന്നും ഇവർ പറയുന്നു. എന്തായാലും എന്തായാരിക്കും ബിഗ് ബോസ് സ്വീകരിക്കുന്ന നിലപാടെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.












Click it and Unblock the Notifications