ഷോപ്പിലെത്തി പെണ്‍സുഹൃത്തിന് അടിവസ്ത്രങ്ങള്‍ വാങ്ങിനല്‍കി റിയാസ്: നമ്മുടെ ചിന്താഗതികള്‍ മാറണം
റിയാസ് സലീമിന്റെ ഈ നീക്കത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ പല മലയാളി പ്രേക്ഷകർക്കും അറിയാന്‍ സാധിച്ച വ്യക്തിയാണ് റിയാസ് സലീം. സ്ത്രീ, ജന്‍ഡർ സമത്വം, എല്‍ജിബിടിക്യൂ തുടങ്ങിയ പല വിഷയങ്ങളിലും ആഴത്തിലുള്ള അറിവാണ് റിയാസിന്റെ പ്രത്യേകത. ഈ വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാടും അദ്ദേഹത്തിനുണ്ട്. ബിഗ് ബോസിലൂടെ അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ ഒരു താരം കൂടിയാണ് റിയാസ്. ആരതിപൊടിയെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ നടത്തിയ പരാമർശം മാറ്റി നിർത്താന്‍ സാധിക്കില്ലെങ്കിലും ആ വിഷയത്തില്‍ തനിക്ക് പറ്റിയ തെറ്റ് ബോധ്യപ്പെട്ടുകൊണ്ട് അത് തിരുത്തി ക്ഷമാപണം പറയുകയും ചെയ്തു. ബിഗ് ബോസിന് ശേഷവും പല വേദികളിലും അദ്ദേഹം ജന്‍ഡർ വിഷയങ്ങളില്‍ പ്രസംഗങ്ങളും മറ്റുമായി എത്തി. ഇപ്പോഴിതാ വനിതാ ദിനത്തിലും ശ്രദ്ധേയമായ ഒരു ക്യാമ്പയ്നുമായി എത്തിയിരിക്കുകയാണ് റിയാസ് സലീം.
ഒരു ഫെമിനിസ്റ്റ് ആണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിയാസിനെതിരെ ഒരു വിഭാഗം നിരന്തരം വിമർശനങ്ങളും പരിഹാസങ്ങളും അഴിച്ച് വിടാറുണ്ടെങ്കിലും അതൊന്നും കൂസാക്കാതെ തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വനിതാ ദിനത്തില്‍ റിയാസ് പങ്കുവെച്ച വീഡീയോ.തന്റെ ഒരു പെണ്‍സുഹൃത്തിന് വനിത ദിനത്തില്‍ ഇന്നര്‍ വെയര്‍ വാങ്ങി കൊടുക്കാനായി ഷോപ്പിങ് മാളില്‍ എത്തിയതിന്റെ ദൃശ്യങ്ങളാണ് റിയാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

രഹസ്യമായിട്ടല്ല, സാധാരണ മറ്റ് ഏതൊരു വസ്ത്രവും എടുക്കുന്നത് പോലെ തന്നെ ആവശ്യമുള്ളത് സെലക്ട് ചെയ്യുകയാണ് ഇരുവരും. മറ്റുള്ളവർ ഇതെല്ലാം കൌതുകത്തോടെയും ആശ്ചര്യത്തോടെയും നോക്കുന്നതും റിയാസ് പങ്കുവെച്ച വീഡിയോയിലുണ്ട്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പുരുഷന്മാര്‍ വാങ്ങുമ്പോഴുള്ള ആളുകളുടെ ഈ മനോഭാവത്തെ മാറ്റിയെടുക്കാനും നോര്‍മലൈസ് ചെയ്യാനും വേണ്ടിയാണ് ഇത്തരമൊരു വീഡിയോ വനിതാ ദിനത്തില്‍ തന്നെ പങ്കുവെക്കുന്നതെന്നും റിയാസ് പറയുന്നു.
ഇതൊരു ക്യാമ്പയ്നായി മാറണമെന്ന കാര്യവും താരം വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ ഈ നീക്കത്തെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ സഹതാരവും അടുത്ത സുഹൃത്തുമായ ഡെയ്സി അടക്കമുള്ളവരാണ് റിയാസിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
വീട്ടിലെ അമ്മയ്ക്കും പെങ്ങള്‍ക്കും മറ്റ് ഡ്രസ്സുകള്‍ വാങ്ങുമെങ്കിലും അടിവസ്ത്രങ്ങള്‍ വാങ്ങാനോ, എന്തിന് അത് വാങ്ങിയ കവർ പിടിക്കാന്‍ പോലും തയ്യാറാവാത്ത ആളുകളുള്ള ഈ ലോകത്ത് ഇത്തരമൊരു ക്യാമ്പയിന് ഏറെ പ്രസക്തിയുണ്ടെന്നാണ് റിയാസിനെ അനുകൂലിച്ചുകൊണ്ട് പലരും കുറിക്കുന്നത്. എന്നാല്‍ പതിവ് പോലെ ഒരു കൂട്ടർ റിയാസിനെതിരെ വിമർശനവും ഉന്നയിക്കുന്നു. പല വിമർശനങ്ങളും അധിക്ഷേപങ്ങളും തെറിയുമാണ്.
ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. അതിന് ശേഷം ആയിരിക്കണം അവർക്ക് ആവശ്യമുള്ളത് വാങ്ങിക്കൊടുക്കല്‍. അല്ലാതെ വനിതാ ദിനത്തില്‍ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല. സ്ത്രീകളെ മനസ്സിലാക്കൂ, അവരെ ബഹുമാനിക്കൂ, അവരെ സ്നേഹിക്കൂ.. അവർക്ക് ആവശ്യമുള്ളത് അവർ പറയാതെ തന്നെ വാങ്ങിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications