സാഗറും സെറീനയും അറിയാന്‍: നിങ്ങള്‍ അറിയാതെ തന്നെ അവർ നിങ്ങളെ കല്യാണം കഴിപ്പിക്കും: സുചിത്ര
നൂറ് ദിവസം ഷോയില്‍ പിടിച്ച് നില്‍ക്കുക, കഴിയുമെങ്കില്‍ കപ്പ് നേടുക, എന്ന ഉദ്ദേശത്തോടെയായിരിക്കും ഭൂരിക്ഷം മത്സരാർത്ഥികളും ബിഗ് ബോസ് എന്ന ഷോയിലേക്ക് പോകുന്നത്. ഇതിനായി പല തന്ത്രങ്ങളും കുതന്ത്രങ്ങളും അവർ പുറത്തെടുക്കും. അത്തരത്തില്‍ ചില മത്സരാർത്ഥികളെങ്കിലും പയറ്റുന്ന തന്ത്രമാണ് ലവ് സ്ട്രാറ്റജി എന്നത്. ഹിന്ദിയില്‍ തുടങ്ങി എല്ലാ ഭാഷകളിലും നമുക്ക് ഇത് കാണാന്‍ സാധിക്കും.
യഥാർത്ഥമായ പ്രണയങ്ങളും അത് വിവാഹത്തിലേക്ക് വരെ നീളുന്ന കാഴ്ചകള്‍ ആദ്യ ബിഗ് ബോസ് മലയാളം സീസണില്‍ തന്നെ നാം കണ്ടു. എന്നാല്‍ ഇത് അല്ലാതെ ഷോയില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി നടത്തുന്ന 'പ്രണയ നാടകങ്ങളും' നിരവധിയുണ്ടായിട്ടുണ്ട്. സീസണ്‍ 5 സംബന്ധിച്ചാണെങ്കിലും ഇത്തരമൊരു ആരോപണം ഉയർന്ന് വന്നത് സെറീനയ്ക്കും സാഗറിനും ഇടയിലാണ്.

എന്താണ് തങ്ങളുടെ മനസ്സില്‍ എന്ന് ഇരുവരും വ്യക്തമാക്കാത്ത സാഹചര്യത്തില്‍ അത് യഥാർത്ഥ പ്രണയമാണോ അല്ലെങ്കില്‍ ഷോയില്‍ പിടിച്ച് നില്‍ക്കാനുള്ള തന്ത്രമായിരുന്നോ എന്ന് ആർക്കും പറയാന്‍ സാധിക്കില്ല. ഇനി അങ്ങനെയൊരു ബന്ധം ഇരുവർക്കും ഇടയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് ബിഗ് ബോസ് സീസണ്‍ 4 താരമായ സുചിത്ര.
ഇപ്രാവശ്യത്തെ ബിഗ് ബോസില്‍ ലവ് സ്ട്രാറ്റജി എന്ന് പറയുന്ന ഒരു കാര്യം വർക്ക് ഔട്ടായെന്ന തോന്നല്‍ തനിക്ക് ഇല്ലെന്നാണ് സുചിത്ര പറയുന്നത്. ഒരു തരത്തില്‍ സ്ട്രാറ്റജി എന്ന് പറയാന്‍ സാധിക്കില്ല. ആ വീടിന് അകത്തേക്ക് കയറുമ്പോള്‍ ചിലരോട് നമുക്ക് ഒരു താത്പര്യവും സ്നേഹവുമൊക്കെ തോന്നാം. അത് സ്വാഭാവികമാണ്. അല്ലെങ്കില്‍ നല്ല സുഹൃദ് ബന്ധങ്ങളും ഉണ്ടായേക്കാം.
കഴിഞ്ഞ സീസണിലും ലവ് സ്ട്രാറ്റജി എന്ന രീതിയില്‍ ചില കാര്യങ്ങള്‍ വന്നിരുന്നു. എന്നാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ അത് വേണമോ വേണ്ടയോ എന്നുള്ളത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ബിഗ് ബോസിന് അകത്ത് നില്‍ക്കുമ്പോള്‍ അത്ര ശക്തമായ തീരുമാനങ്ങള്‍ എടുക്കാനൊന്നും പറ്റിയെന്ന് വരില്ല. പുറത്ത് ഇറങ്ങിയതിന് ശേഷം എല്ലാ കാര്യങ്ങളും ആലോചിച്ചതിന് ശേഷം മികച്ച തീരുമാനമെടുക്കാം.
സീസണ്‍ ഫൈവില്‍ അത്ര വലിയ ലവ് ട്രാക്കൊന്നും കണ്ടില്ല. ചെറിയ, ചെറിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ ഏത് തരത്തിലായിരിക്കും മുന്നോട്ട് പോവുകയെന്ന് നമുക്ക് കണ്ട് അറിയാം. പിന്നെ നല്ല സുഹൃത്തുക്കളായിരുന്നാല്‍ പോലും ചില ഓണ്‍ലൈന്‍ മീഡിയകള്‍ ഇരുപത്തിയഞ്ച് പ്രാവശ്യമെങ്കിലും കല്യാണം കഴിപ്പിച്ച് വിടും. അതൊക്കെ അവർ പ്രതീക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
വേറെ ആരോടും അല്ല, സെറീനയോടും സാഗറിനോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെങ്കില്‍ അങ്ങനെ തുടരുക. അതല്ല, നിങ്ങള്‍ക്ക് ഇടയില്‍ അത്തരമൊരു ഇഷ്ടം ഉണ്ടാവുകയും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന് മുമ്പ് പല തവണ ചില ഓണ്‍ലൈന്‍ മീഡിയകള്‍ നിങ്ങളെ കല്യാണം കഴിപ്പിച്ച് വിടും. അക്കാര്യം പ്രതീക്ഷീക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
ഈ സീസണിലെ ഏറ്റവും ഇഷ്ടപ്പെട്ട മുഹുർത്തങ്ങളിലൊന്ന് ഫാമിലി ടാസ്കില്‍ ഷിജു ചേട്ടന്റെ ഭാര്യയും മകളും വന്ന രംഗമണ്. അവരെ ഒന്ന് തൊട്ടപ്പോള്‍ തന്നെ പുള്ളി ഇരുന്ന കരയുകയാണ്. ആ സമയം അപ്പുറത്ത് മാറി നിന്ന് അഖിലും കരയുകയാണ്. അതൊക്കെയാണ് യഥാർത്ഥ സുഹൃത്തുക്കള്‍ എന്ന് പറയുന്നത്. ബിഗ് ബോസ് എന്ന ഷോ കഴിയുമ്പോള്‍ നമുക്ക് കിട്ടുന്നത് നല്ല നിമിഷങ്ങളും നല്ല സുഹൃത്തുക്കളേയുമാണ്. ചിലരെങ്കിലും ഇതെല്ലാം മനസ്സില്‍ വെച്ച് നടക്കാറുണ്ട്. അതിലൊന്നും ഒരു കാര്യമില്ലെന്നും ബിഹൈന്‍ഡ് വുഡ്സ് ഐസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുചിത്ര പറയുന്നു.












Click it and Unblock the Notifications