'മരണത്തെ മുഖാമുഖം കണ്ട നിമിഷം; ദൈവമേ ഇത്രയൊക്കെ ചെയ്തിട്ടും ഇല്ലാതായോ എന്ന് ഭയന്നു'; റോബിൻ
കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണന്റെ വാഹനം അപകടത്തിൽ പെട്ടത് നേരത്തേ വാർത്തയായിരുന്നു. തൊടുപുഴയിൽ ഒരു ഉദ്ഘാടന പരിപാടിക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ഇപ്പോഴിതാ അന്നത്തെ അപകടത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് റോബിൻ. നടി അനു ജോസിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. ജീവിതത്തിൽ പേടിയെ മറികടക്കേണ്ടതുണ്ടെന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുമ്പോഴായിരുന്നു റോബിൻ അപകടത്തെ കുറിച്ചും പറഞ്ഞത്. വായിക്കാം

'പേടിയുള്ള കാര്യങ്ങൾ ചെയ്ത് ചെയ്ത് മാത്രമേ പേടി പോകുകയുള്ളൂ. ഇപ്പോൾ ഡ്രൈവിംഗിന്റെ കാര്യമെടുത്താൽ ഒരു പക്ഷേ തുടക്കത്തിൽ നമ്മുക്ക് വണ്ടിയെടുത്ത് പോകാൻ പറ്റത്തില്ല. അത് പരിശീലനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തിൽ പേടിയുള്ള കാര്യങ്ങളെ മറികടക്കാൻ നമ്മുക്ക് സാധിക്കും. നിയമപരമായുള്ള കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. അല്ലാത്ത കാര്യങ്ങളല്ല'.

'തൊടുപുഴയിൽ വെച്ചായിരുന്നു അന്നത്തെ അപകടം. വാഹനം കൊക്കയിലേക്ക് പോകാൻ പോയിരുന്നു. ആ സംഭവം ഭയങ്കര ഷോക്കായിരുന്നു. കൂടെയുള്ള പയ്യൻ ശരിക്കും പേടിച്ചു, ഞാനും ഷോക്കിലായിരുന്നെങ്കിലും മറ്റൊരു ഉദ്ഘാടന ചടങ്ങിന് പോകാൻ ഉള്ളതിനാൽ ഓട്ടോറിക്ഷ പിടിച്ച് പരിപാടിക്ക് പോയി. അവിടെയുള്ളവർക്ക് എന്താണ് നടന്നതെന്ന് അറിയില്ലല്ലോ'.

'ഒരു കല്ലിൽ മാത്രം തട്ടി നിൽക്കുകയായിരുന്നു. മരണം മുന്നിൽ കാണുകയായിരുന്നു. ദൈവമേ ഇത്രയൊക്കെ ചെയ്തിട്ടും അതൊക്കെ ഇല്ലാതായോ എന്ന് പെട്ടെന്ന് ചിന്തിച്ച് പോയി. ആ അപകടം എങ്ങനെയാണ് നടന്നതെന്ന് പലർക്കും അറിയില്ല. അത് കഴിഞ്ഞതാണല്ലോ ഇനി അതിനെ കുറിച്ച് പറയുന്നില്ല. ഇപ്പോൾ വാഹനം സ്പീഡിൽ പോകുമ്പോൾ ആ അപകടം മനസിൽ വരാറുണ്ട്. അത് പക്ഷേ ക്രമേണ മാറും', റോബിൻ പറഞ്ഞു.

ബിഗ് ബോസിന് ശേഷവും മുൻപെങ്ങനെയാണ് താൻ അതുപോലെ തന്നെയാണ് പോകുന്നതെന്നും റോബിൻ പറഞ്ഞു.'ഒരു സാധാരണക്കാരനായ തന്റെ ജീവിത്തതിൽ ബിഗ് ബോസിലെ 70 ദിവസം കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് നടന്നത്. ഇപ്പോഴും ഓരോ ദിവസവും നമ്മളെ റിഫൈൻ ചെയ്ത് എടുക്കണമെന്ന് താൻ കരുതാറുണ്ട്. 99 നല്ല കാര്യം ചെയ്താലും ആരും അതൊന്നും കാണില്ല. പക്ഷേ ഒരു തെറ്റ് ചെയ്താൽ അതിൽ പിടിച്ച് കയറും. ആളുകൾക്ക് അതാണ് വേണ്ടത്'.

'നല്ല കാര്യങ്ങളെക്കാളും ആളുകൾ ഓർത്ത് വെയ്ക്കുക മോശം കാര്യമാണ്. ഇടയ്ക്കൊക്കെ നമ്മൾ ലൈവായി നിൽക്കണമെങ്കിൽ ചില വിവാദങ്ങൾ നല്ലതാണ്. ചിലപ്പോഴൊക്കെ ഞാൻ അതൊക്കെ ഇട്ട് കൊടുക്കാറുണ്ട്, ചിരിച്ച് കൊണ്ട് റോബിൻ പറഞ്ഞു. ട്രോൾസ് ഒക്കെ ചെയ്യുന്ന ആൾക്കാരുടെ ശ്രമമൊക്കെ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. തുടക്കത്തിൽ ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോൾ ട്രോളും വീഡിയോകളും വിമർശനങ്ങളും എല്ലാം കാണാറുണ്ട്'.

'ട്രോളൻമാർ അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയമാണ് എനിക്ക് വേണ്ടി നീക്കി വെയ്ക്കുന്നത്. സത്യം പറഞ്ഞാൽ അവർ ഉള്ളത് കൊണ്ടാണ് തനിക്ക് ഇപ്പോഴും ലൈവായി നിൽക്കാൻ കഴിയുന്നത്. ഒരു മ്യൂച്ചൽ ബെനിഫിറ്റാണ്. എനിക്ക് യുട്യൂബ് ചാനൽ ഉണ്ടായിട്ടും ഞാൻ അതിൽ അപ്ലോഡ് ചെയ്യാത്തത് എന്റെ വീഡിയോകൾ ചെയ്യുന്ന ഒരുപാട് യുട്യൂബ് ചാനലുണ്ട്. അവർ അത് ചെയ്തോട്ടെയെന്ന് ചിന്തിച്ചത് കൊണ്ടാണ്'.

'ചെറിയ കാര്യങ്ങളിലും സംതൃപ്തി കണ്ടത്തുന്ന ആളാണ് ഞാൻ. ലൈഫ് എന്നത് എല്ലായപ്പോഴും സന്തോഷം മാത്രം നിറഞ്ഞതല്ല. സങ്കടവും ഉണ്ടാകും. അതല്ലാതെ ഉള്ളവർ അഭിനയിക്കുകയാണ്. എല്ലാ വികരങ്ങളും ഉള്ളയാളാണ് ഞാൻ. എനിക്ക് ഞാനായി മാത്രമേ നിൽക്കാൻ കഴിയുകയുള്ളൂ. വേണമെങ്കിൽ നല്ലവനായ ഉണ്ണിയായി നിൽക്കാം. പക്ഷേ എനിക്ക് എന്റെ ഐഡിറ്റി പ്രശ്നാവും. എന്റെ വ്യക്തിത്വം മറ്റൊരാൾ പറഞ്ഞാൽ മാറ്റാനാകില്ല', റോബിൻ പറഞ്ഞു.












Click it and Unblock the Notifications