ബിഗ് ബോസ് തമിഴിലേക്കുള്ള മത്സരാര്‍ത്ഥികളുടെ പേര് പുറത്ത്; ജനപ്രിയതാരങ്ങള്‍ ലിസ്റ്റില്‍, കളറാകും
ബിഗ് ബോസ് തമിഴ് സീസണ്‍ 7 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മണിക്കൂറുകള്‍ക്കുള്ളില്‍ സീസണ്‍ 7 ന്റെ ലോഞ്ചിംഗ് നടക്കാനിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. എങ്കിലും എല്ലാ സീസണിലേയും പോലെ ഇത്തവണയും ആവേശകരമായ നിമിഷങ്ങളായിരിക്കും ബിഗ് ബോസില്‍ ഉണ്ടാകുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
കമല്‍ ഹാസന്‍ തന്നെയാണ് ഷോ അവതാരകനായി എത്തുക എന്നത് ഉറപ്പായിട്ടുണ്ട്. ഇത്തവണ റെക്കോഡ് പ്രതിഫലമാണ് ബിഗ് ബോസിനായി കമല്‍ ഹാസന്‍ കൈപ്പറ്റുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ താരം ഏഴാം സീസണ്‍ അവതരിപ്പിക്കാന്‍ എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം തള്ളുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് തമിഴ് 7 സീസണില്‍ സ്ഥാനമുറപ്പിച്ച ചില താരങ്ങളുടെ പേരും പുറത്ത് വന്നിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ അബ്ബാസ് ബിഗ് ബോസ് തമിഴ് സീസണ്‍ 7 ല്‍ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 1996-ല്‍ 'കാതല്‍ ദേശം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. 'മിന്‍സാര കനവ്', 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍', 'കാതല്‍ കവിതൈ' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ്.
മലയാളത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഹാര്‍പ്പിക്കിന്റെ പരസ്യത്തിലൂടേയും അബ്ബാസ് പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു. നര്‍ത്തകനും നടനുമായ ബബ്ലൂ പൃഥ്വീരാജ് ആണ് മറ്റൊരു മത്സരാര്‍ത്ഥി. ബാലതാരമായാണ് അദ്ദേഹം തമിഴ് സിനിമയായ നങ്കു സുവര്‍ഗല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നത്.
ഗോകുലത്തില്‍ സീതൈ, വാണി റാണി, കണ്ണന കണ്ണേ അന്‍ബേ വാ, ഇന്റിന്തി ഗൃഹലക്ഷ്മി, അര്‍ദ്ധാംഗി തുടങ്ങി നിരവധി സീരിയലുകളില്‍ സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത തമിഴ് നടിയും മുന്‍ മത്സരാര്‍ത്ഥിയുമായ വനിതാ വിജയകുമാറിന്റെ മകള്‍ ജോവിക വിജയകുമാറും സീസണ്‍ 7 ലേക്ക് എത്തും എന്നാണ് വിവരം. 2019 ലെ ബിഗ് ബോസ് തമിഴ് 3-ല്‍ വനിത ഉണ്ടായിരുന്നു.
ആ സീസണില്‍ രണ്ടാമതായി എവിക്ട് ആയെങ്കിലും വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസ് ഹൗസിലേക്ക് തിരികെയെത്തിക്കണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ടിആര്‍പി റേറ്റിംഗ് കുറഞ്ഞതോടെ വീണ്ടും വനിതയെ മത്സരാര്‍ത്ഥിയായി എത്തിച്ചിരുന്നു. പ്രശസ്ത തമിഴ് ടിവി വാര്‍ത്താ അവതാരകനും വിജെയുമായ രഞ്ജിത്തും സീസണ്‍ 7 ല്‍ ഉണ്ടാകും. ഡബ്ബിംഗ്, ആര്‍ട്ടിസ്റ്റ്, ന്യൂസ് റീഡര്‍, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മോഡലായും നടിയായും പേരെടുത്ത നിവിഷ കിങ്കോും ബിഗ് ബോസിലേക്ക് എത്തും. ഈരമന റോജാവേ എന്ന തമിഴ് സീരിയലിലെ ശ്രദ്ധേയയാണ് നിവിഷ. എ. കേശവ് സംവിധാനം ചെയ്ത അവലുക്കെന്ന അലഗിയ മുഖം (2018) എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദൈവമകള്‍ എന്ന തമിഴ് സീരിയലിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു.












Click it and Unblock the Notifications