പുള്ളിക്ക് അറിയാമായിരുന്നു ഞാന്‍ പുറത്തുപോകുമെന്ന്; ബിഗ് ബോസ് വിട്ടുപോകും മുമ്പ് സുചിത്ര
ബിഗ് ബോസ് മലയാളം സീസണ്‍ നാല് പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോയിരിക്കുന്നത് സുചിത്രയാണ്.
ആദ്യമായാണ് സുചിത്ര എലിമിനേഷനില്‍ എത്തിയത്. സുചിത്ര പുറത്തുപോകില്ലെന്നായിരുന്നു സഹ മത്സരാര്‍ത്ഥികളും പ്രേക്ഷകരും കരുതിയിരുന്നത്. അതുകൊണ്ട് ഏറെ വൈകാരികമായ ഒരു വിടപറച്ചലാണ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞദിവസം ഉണ്ടായത്. ബിഗ് ബോസ് വീട്ടിലെ സുചിത്രയുടെ അടുത്ത സുഹൃത്തായ അഖില്‍ സുചിത്ര പുറത്തുപോയതിന് പിന്നാലെ പൊട്ടിക്കരഞ്ഞിരുന്നു.
എന്നാല്‍ പുറത്തുപോകുന്നതില്‍ തനിക്ക് ഒട്ടും വിഷമമില്ലെന്നാണ് സുചിത്ര പറഞ്ഞത്. ഷോയില്‍ നിന്ന് പുറത്തായതില്‍ തനിക്ക് സന്തോഷമെന്നാണ് സുചിത്ര മോഹന്‍ലാലിനോട് പറഞ്ഞത്. 'ഒരുപാട് സന്തോഷം ലാലേട്ടാ. എനിക്ക് അച്ഛനെ കാണാന്‍ പറ്റുമല്ലോ. ഹൗസിനകത്ത് ഒരുപാട് നിരാശയില്‍ ആയിരുന്നു ഞാന്‍. ആരും കാണാതെ ഒളിച്ചൊക്കെ കരയുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കണ്ടുവെന്ന് മനസ്സിലായി', എന്നാണ് സുചിത്ര പറഞ്ഞത്.

നോമിനേഷനില്‍ വരണ്ടായിരുന്നുവെന്ന് തോന്നിയോ എന്ന ചോദ്യത്തിന് 'ഇതുവരെയും ആരും എന്നെ നോമിനേറ്റ് ചെയ്യാതിരുന്നതാണ്. ഇല്ലായിരുന്നേല്‍ ഇതിന് മുമ്പെ എനിക്ക് വീട്ടില്‍ പോകാമായിരുന്നു. വീട് മിസ്സായി തുടങ്ങിയപ്പോള്‍ തന്നെ എന്റെ കയ്യീന്ന് പോയെന്ന് മനസ്സിലായി'എന്നാണ് സുചിത്രയുടെ പറഞ്ഞത്.

താന്‍ പുറത്തുപോകുമെന്ന കാര്യം റോബിന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും സുചിത്ര മോഹന്‍ ലാലിനോട് പറഞ്ഞു. വീടിനകത്തെ കൊച്ചു ബിഗ് ബോസാണ് റോബിനെന്നും താന്‍ പുറത്താകുമെന്ന് പുള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും സുചിത്ര പറഞ്ഞു. നാണയ വേട്ട എന്ന വീക്കിലി ടാസ്‌ക്കിനിടയില്‍ റിയാസുമായി റോബിന്‍ വഴക്കിട്ടിരുന്നു. വലിയ ബഹളമായിരുന്നു ആ സമയത്ത് ഷോയില്‍ നടന്നത്. ഇതിനിടയില്‍ വന്ന് കേറിയ സുചിത്രയോട് റോബിന്‍ പുറത്തുപോകുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യമാണ് സുചിത്ര മോഹന്‍ലാലിനോട് പറഞ്ഞത്.

ഓരോ മത്സരാര്‍ത്ഥികളോടും യാത്ര പറഞ്ഞ സുചിത്ര റോബിനോടും സംസാരിച്ചിരുന്നു. സുചിത്ര വളരെ കൂള്‍ ആയാണ് വീടിന് പുറത്തേക്കിറങ്ങി. ഞാന്‍ രക്ഷപ്പെട്ടു എന്നുപറഞ്ഞായിരുന്നു സുചിത്ര പുറത്തിറങ്ങിയത്. സുചിത്രയുടെ വിടവാങ്ങല്‍ അഖിലിനെ പോലെ തന്നെ ധന്യയേയും സങ്കടത്തിലെത്തിച്ചു.

പുറത്തുപോകുന്നതിന് മുന്‍പ് 63 ദിവസത്തെ ഷോയിലെ സുചിത്രയുടെ ജീവിതം ബിഗ് ബോസ് കാണിച്ചിരുന്നു. ഇത്രയൊക്കെ ഞാന്‍ വഴക്കടിച്ചിട്ടുണ്ടോ എന്നാണ് വീഡിയോ കണ്ട ശേഷം സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചത്. ഈ ആഴ്ചയിലെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സുചിത്ര. ബിഗ് ബോസില്‍ നിന്ന് പുറത്തായതോടെ ക്യാപ്റ്റന്‍സി ആര്‍ക്കാണ് കൊടുക്കുന്നതെന്ന ചോദ്യത്തിന് സുചിത്ര സൂരജിന്റെ പേരാണ് പറഞ്ഞത്.
ബിഗ് ബോസിന്റെ ഈ സീസണ്‍ അവസാനിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണുള്ളത്. മത്സരം കൂടുകൂടുതല്‍ ആവേശത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications