'ശോഭ' , ആ പ്രഖ്യാപനം ഞെട്ടിച്ച് കളഞ്ഞു; പണപ്പെട്ടി എടുക്കാനുള്ള കാരണം എന്ത്: നാദിറ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ മത്സരാർത്ഥിയായതോടെ തന്റെ ജീവിതത്തില്‍ പറഞ്ഞറിയിക്കാനാവാത്ത നേട്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നാദിറ മെഹ്റിന്‍. ഈ സീസണ്‍ ആരുടേത് എന്ന് ചോദിച്ചാല്‍ ഞാന്‍ വലിയ അഹങ്കാരത്തോട് കൂടി തന്നെ പറയും ഇത് എന്റെ സീസണാണെന്ന്. അത്രത്തോളം നേട്ടങ്ങളാണ് ആ നൂറ് ദിവസത്തിനുള്ളില്‍ എന്റെ ജീവിതത്തിലുണ്ടായത്. വിജയിച്ച് തന്നെയാണ് ഞാന്‍ സീസണില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതെന്നും താരം പറയുന്നു. ജിഞ്ചർ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നാദിറ മെഹ്റിന്‍.
ഞാന്‍ ഷോയ്ക്ക് അകത്ത് സീരിയസായി പറഞ്ഞിട്ടുള്ള പല കാര്യങ്ങളുമാണ് പുറത്ത് തഗ്ഗ് എന്ന രീതിയില്‍ പ്രചരിച്ചത്. കോടതി ടാസ്കിലൊക്കെ വിഷയങ്ങള്‍ വളരെ പ്രാധാന്യത്തോടെ എടുത്ത ആളാണ് ഞാന്‍. കൗണ്ടറുകള്‍ അങ്ങനെ സ്വാഭാവികമായി പറഞ്ഞ് പോവുന്നത്. ആളുകള്‍ അതൊക്കെ നല്ല രീതിയില്‍ ആസ്വദിച്ചു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് എന്നോട് തന്നെ വലിയ ബഹുമാനം തോന്നിയെന്നും നാദിറ പറയുന്നു.

തമാശകളും കൗണ്ടറുകളൊക്കെ പറയാന്‍ ഏറ്റവും കംഫർട്ടായിട്ടുള്ളവരാണ് അഖിലും വിഷ്ണുവുമൊക്കെ. എല്ലാ തമാശകളും എല്ലാവർക്കും ഒരു പോലെ മനസ്സിലാക്കാനോ ആസ്വദിക്കാനോ സാധിക്കില്ല. വ്യക്തികളെ നോക്കിയിട്ടാണ് തമാശകള്‍ അധികവും പറയുന്നത്. എന്നാല്‍ തന്നെ ആരേയും വേദനിപ്പിക്കുന്ന തമാശകള്‍ പറയാറില്ല.
ട്രാന്‍സിന്റെ ഒരു പ്രതിനിധി തന്നെയാണ് ഞാന്‍. അത് എല്ലായിടത്തും എടുത്ത് പറയാറുമുണ്ട്. മെയില്‍, ഫീമെയില്‍ എന്ന് മാത്രം പറയുന്നിടത്തെല്ലാം മെയില്‍,ഫീമെയില്‍, ട്രാന്‍സ് എന്ന് തിരുത്തിപ്പറയിക്കുന്ന ആളാണ്. ആള്‍ക്കാറിലേക്ക് ഇതിനേക്കുറിച്ചുള്ള അറിവ് ഉണ്ടാക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരം വേദികളിലേക്ക് പോവുന്നത്. ഇതെല്ലാം ആരേയും പിടിച്ചിരുത്തി പഠിപ്പിക്കുകയല്ല വേണ്ടത്. നമ്മുടെ പെരുമാറ്റങ്ങളിലൂടേയും സ്വഭാവങ്ങളിലൂടേയും അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. ബിഗ് ബോസിലൂടെ അതിന് സാധിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും നാദിറ പറയുന്നു.
അഖില്‍ മാരാറുമായി തുടക്കത്തിലെ ആഴ്ചകളില്‍ വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. അമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നിസാര കാര്യങ്ങള്‍ക്ക് പോലും നമ്മള്‍ ഇവിടെ വലിയ പ്രശ്നം ഉണ്ടാക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ചെറിയ കാര്യങ്ങളെക്കുറിച്ചുള്ള തർക്കങ്ങള്‍ എല്ലാവരേയും ബുദ്ധിമുട്ടിലാക്കും. ഈ തിരിച്ചറിവിന് ശേഷമാണ് അഖിലുമായി കൂടുതല്‍ അടുക്കുന്നത്. അതിലൂടെ നല്ലൊരു കോമ്പോ ക്രിയേറ്റ് ചെയ്യാന്‍ സാധിച്ചു. 'അച്ഛന്റെ പേര്' വിഷയത്തിലെ എന്റെ ചോദ്യവും അഖിലിന്റെ പ്രതികരണവുമൊക്കെ പിന്നീട് നോക്കുമ്പോള്‍ ഏറെ ചിരിവന്നു.
എന്റെ മനസ്സിലെ ഫൈനല്‍ മത്സരാർത്ഥികള്‍ അഖില്‍, ശോഭ, ജുനൈസ്, വിഷ്ണു, ഷിജു, സെറീന, സാഗർ കൂടെ ഞാനും എന്നതായിരുന്നു. ശോഭ നാലാമതായി പോവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ശോഭയുടെ പുറത്താവല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. രണ്ടാമതോ മൂന്നാമതോ ഞാന്‍ ശോഭയെ പ്രതീക്ഷിച്ചിരുന്നു. ജുനൈസിനേയും രണ്ടാമത് പ്രതീക്ഷിച്ചിരുന്നു. ആ സ്ഥാനങ്ങളില്‍ മാറ്റം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പ്രതീക്ഷകള്‍ എല്ലാ മനുഷ്യർക്കും ഉണ്ടാവുന്നതല്ലേയെന്നും നാദിറ ചോദിക്കുന്നു.
മലയാളം ബിഗ് ബോസ് സീസണിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പണപ്പെട്ടി ടാസ്കില്‍ ഒരു മത്സരാർത്ഥി പണവും എടുത്ത് സ്വയം പുറത്തേക്ക് പോവാന്‍ തീരുമാനിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കില്ലെന്ന് എനിക്ക് ഏറേക്കുറെ ഉറപ്പായിരുന്നു. ഒന്നാമത് എത്തുന്ന മത്സരാർത്ഥിക്കല്ലാതെ ബിഗ് ബോസില്‍ പ്രൈസ് മണി ലഭിക്കാറുമില്ല. ആ സാഹചര്യത്തിലാണ് പണപ്പെട്ടിയുമായി പുറത്തേക്ക് പോകാം എന്ന് തീരുമാനിക്കുന്നത്.
ഗ്രാന്‍ഡ് ഫിനാലെ വേദിയുടെ മഹത്വത്തെ ഞാന്‍ കുറച്ച് കാണുന്നില്ല. ഇനിയിപ്പോള്‍ രണ്ടാം സ്ഥാനമാണ് ലഭിക്കുന്നതെങ്കിലും ആ സ്ഥാനം നേടി എന്നുള്ളത് എല്ലാ കാലത്തും ഒർക്കും. പക്ഷെ ബിഗ് ബോസിലെ 96 ദിവസങ്ങളിലൂടെ തന്നെ ഞാന്‍ ഫെയിം നേടിയെടുത്തു. ആളുകളെ എജ്യുക്കേറ്റ് ചെയ്തു, അതിലൂടെ സമൂഹത്തില്‍ ചെറിയ തോതിലെങ്കിലും ഇംപാക്ട് ഉണ്ടാക്കി, ആളുകളെ എന്റർടെയിന്‍ ചെയ്യിച്ചു. ഇതിനെല്ലാം ശേഷമാണ് സാമ്പത്തികപരമായി നേട്ടമുണ്ടാക്കണമെന്ന ചിന്ത മനസ്സില്‍ വരുന്നത്.
പണപ്പെട്ടി എടുത്ത് പുറത്തേക്ക് പോവാനുള്ള തീരുമാനത്തെ എന്നെ മനസ്സിലാക്കുന്ന പ്രേക്ഷകരും ആ രീതിയില്‍ തന്നെ എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അവർ അതുപോലെ തന്നെയാണ് അതിനെ കണ്ടതെന്നും നാദിറ മെഹറിന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications