തര്‍ജ്ജമക്കാരന്‍ വൃന്ദ കാരാട്ടിനും പണികൊടുത്തു.. ഒടുക്കം കുരച്ച് കുരച്ച് മലയാളം പറയേണ്ടി വന്നു...
കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ദേശീയ നേതാക്കളെക്കൂടി പരിപാടികളില്‍ പങ്കെടുത്ത് ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം. ബി ജെ പിക്ക് വേണ്ടി പ്രധാനമന്ത്രി മോദിയും കോണ്‍ഗ്രസിന് വേണ്ടി സോണിയാ ഗാന്ധിയും കേരളത്തിലെത്തി. ദേശീയ നേതാക്കള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പറയുന്നതെല്ലാം പരിഭാഷപ്പെടുത്തി ആളുകളെ അറിയിക്കുക എന്നത് ചില്ലറ പണിയൊന്നുമല്ല.
ബി ജെ പി നേതാവ് വെങ്കയ്യ നായിഡുവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി തര്‍ജ്ജമക്കാരന്‍ ചളമാക്കിയതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വര്‍ത്തമാനം. തൊട്ടുപിന്നാലെ സി പി എം നേതാവ് വൃന്ദ കാരാട്ടിനും കിട്ടി പണി. കല്‍പറ്റയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു വൃന്ദ. മോശമായിട്ടുള്ള രീതിയിലുള്ള ക്രൂരതയോടെയുള്ള മരണം... കൊലപാതകം എന്നിങ്ങനെ തുടങ്ങിയ പരിഭാഷ പ്രസംഗം മുന്നോട്ട് പോകുന്തോറും ചിരിയുടെ മാലപ്പടക്കങ്ങള്‍ ഉയര്‍ത്തി.

ജിഷയ്ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ അപലപിച്ച വൃന്ദ കാരാട്ട് പരിഭാഷകന്‍ ഉപയോഗിച്ച അപമാനം എന്ന വാക്കില്‍ തൃപ്തയായില്ല. കുറച്ച് നേരം ഇരുവരും ആശയക്കുഴപ്പത്തോടെ നിന്നു. തനിക്ക് കുറച്ച് മലയാളം അറിയാമെന്നും, പരിഭാഷകന്‍ പറയുന്നത് കുറച്ചൊക്കെ തനിക്ക് മനസിലാകുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. തെറ്റുകള്‍ കൂടിയതോടെ പരിഭാഷകനെ അടുത്ത് വിളിച്ച് നിര്‍ത്തി, വിശദീകരിച്ചുകൊടുത്താണ് വൃന്ദ പ്രസംഗം തുടര്‍ന്നത്. അതുകൊണ്ടും ഫലമുണ്ടായില്ല എന്ന് മാത്രം.
സ്വന്തം പാര്‍ട്ടിയുടെ നേതാവായ തപന്‍ സെന്നിന്റെ പേര് പോലും അറിയാതെ പരിഭാഷകന്‍ കുഴഞ്ഞു. വുമണ്‍ ഓഫ് കേള എന്ന് വൃന്ദ കാരാട്ട് പറഞ്ഞതിന് കിട്ടിയ പരിഭാഷ കേരളത്തിലെ കുറ്റവാളികള്‍. ചെറിയ ഉള്ളി എന്ന് വൃന്ദ കാരാട്ട് മലയാളത്തില്‍ പറഞ്ഞതിനെ പരിഭാഷപ്പെടുത്തി ഉഴുന്നില്ലാത്ത ഇഡ്ഡലി എന്നും ആക്കിക്കളഞ്ഞു ഇദ്ദേഹം. വീഡിയോ കാണൂ...












Click it and Unblock the Notifications