കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നോ? അറിയാം ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള 3 മേഖലകള്‍
കൂടുതല്‍ വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ടുകൊണ്ട് കുടിയേറ്റ മേഖലയില്‍ വലിയ പരിഷ്കാരങ്ങളാണ് കാനഡ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും അവസാനാത്തേതായിരുന്നു അമേരിക്ക നല്‍കുന്ന എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ നല്‍കാനുള്ള തീരുമാനം. 10,000 പേര്‍ക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റില്‍ രാജ്യത്ത് ജോലി ചെയ്യാന്‍ അവസരമൊരുക്കുമെന്ന് കാനഡ അറിയിച്ചത്.
ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിലൂടെ എത്തുന്നവർക്ക് അടുത്ത മൂന്ന് വർഷം കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഇവർക്ക് കാനഡയിലെ ഏത് തൊഴില്‍ ഉടമയ്ക്ക് കീഴിലും ജോലി ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതോടൊപ്പം തന്നെ പങ്കാളികള്‍ക്ക് താത്കാലിക റസിഡന്റ് വിസ നല്‍കാനും അതുപയോഗിച്ച് അവര്‍ക്കും കാനഡയില്‍ ജോലിയോ പഠനമോ ചെയ്യാനാകും.
അടുത്ത കുറച്ച് വർഷങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗം പുതിയ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം പരിഷ്കാരങ്ങളെന്ന് കനേഡിയന്‍ സർക്കാർ തന്നെ വ്യക്തമാക്കുന്നു. കാനഡയിലെ ശരാശരി പ്രായവും കുറഞ്ഞ ജനനനിരക്കും തമ്മിലുള്ള വിടവ് നികത്തുന്നതിന്റെ ഭാഗമായി 2025 അവസാനത്തോടെ മൊത്തം 1.5 ദശലക്ഷം പുതിയ താമസക്കാരെയാണ് കാനഡ തേടുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ നല്ല വിദ്യാഭ്യാസവും തൊഴിൽ പരിചയവും മറ്റ് കഴികളും ഉള്ളവർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമായിരിക്കും. എന്നാൽ ഏതുതരം ജോലിയാണ് നിങ്ങൾ അന്വേഷിക്കേണ്ടതെന്നതാണ് പ്രധാന കാര്യം. കാനഡയിൽ പുതിയ തൊഴിലാളികളെ ആവശ്യമുള്ള നിരവധി ജോലികൾ ഉണ്ട്. എന്നാല്‍ ഇവ സ്വന്തമാക്കുന്നതിനും കൃത്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കാനഡയില്‍ ഏറ്റവും ആവശ്യക്കാരുള്ള മൂന്ന് ജോലികളെ കുറിച്ച് ഇവിടെ പരിചയപ്പെടുത്തുന്നത്.
3)സെക്കൻഡറി സ്കൂൾ അധ്യാപകർ
കാനഡയിൽ ഇപ്പോൾ ഏറ്റവും ഡിമാൻഡുള്ള ജോലികളിലൊന്ന് സെക്കൻഡറി സ്കൂൾ അധ്യാപനമാണ്. തൊഴിൽ വിപണിയിൽ വേണ്ടത്ര ആഭ്യന്തര പരിശീലനം ലഭിച്ച അധ്യാപകരില്ലാത്തതിനാലാണിത്. ആൽബർട്ട, ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവൻ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകൾ അന്തർദേശീയ യോഗ്യതയുള്ള അധ്യാപകരെ തേടുകയാണ്.
അധ്യാപന മേഖലയില്‍ മികച്ച കഴിവുകള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ ഈ ജോലികള്‍ക്കായി ശ്രമിക്കാവുന്നതാണ്. അതേസമയം അമേരിക്കയുടെ കാര്യത്തിലാണെങ്കില്‍ സെക്കൻഡറി സ്കൂൾ അധ്യാപന രംഗത്തെ തൊഴില്‍ ഡിമാന്‍ 16-ാം സ്ഥാനത്ത് മാത്രമാണ് വരുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
2) ഹെൽത്ത് കെയർ പ്രൊഫഷണൽ
യുഎസ്‌എയും കാനഡയും ഇക്കാര്യത്തിൽ വളരെ സാമ്യമുള്ളവരാണ്. കാരണം ഇരു രാജ്യങ്ങളും കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും അവരുടെ ആരോഗ്യ പരിരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ വേണ്ടി തിരയുകയാണ്. അടുത്ത 12 വർഷത്തിനുള്ളിൽ അവർക്ക് 37,800 മുതൽ 124,000 വരെ ഫിസിഷ്യൻമാരുടെ കുറവ് അമേരിക്കയില്‍ മാത്രമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
1) ഇൻഡസ്ട്രിയൽ, മാനുഫാക്ചറിംഗ്, സോഫ്റ്റ്‌വെയർ എഞ്ചിനീയർ
ഒരു സോഫ്‌റ്റ്‌വെയർ ഡെവലപ്പറുടെ റോൾ യുഎസിൽ ഏറ്റവും ഡിമാൻഡുള്ള തൊഴിൽ സ്ഥാനങ്ങളിൽ ഒന്നാമതാണ്. സമാനമായ രീതിയില്‍ സാങ്കേതിക രംഗക്ക് കാനഡയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഉദാഹരണത്തിന്, 2023-ൽ, അടുത്ത ഏതാനും വർഷങ്ങളിൽ കാനഡ ലോകത്തിലെ പുതിയ സാങ്കേതിക കേന്ദ്രമാകുമെന്ന് പലരും പറയുന്നു, പുതിയ അന്താരാഷ്ട്ര തൊഴിലാളികളെ തിരയുന്ന കമ്പനികളുടെ എണ്ണത്തിൽ നിന്ന് ഇത് വ്യക്തവുമാണ്.
അതേസമയം, കാനഡ കുടിയേറ്റം ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികള്‍ ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. കൃത്യമായ അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമായിരിക്കണം കുടിയേറ്റത്തിലേക്ക് കടക്കേണ്ടത്. ഏതെങ്കിലും വിധത്തില്‍ കടല്‍ കടന്ന് കാനഡയില്‍ എത്തി എന്ത് ജോലി ചെയ്താലും ജീവിക്കാമെന്നാണെങ്കില്‍ ആ സാഹചര്യം ഇപ്പോള്‍ വലിയ തോതില്‍ മാറിയെന്നാണ് നിലവില്‍ അവിടെ കഴിയുന്ന ഇന്ത്യക്കാർ തന്നെ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ വഴികളിലൂടെ, വ്യക്തമായ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കുടിയേറ്റം.












Click it and Unblock the Notifications