രാമലീല അണിയറക്കാർ ദിലീപിനെ വഞ്ചിച്ചോ.. ഇതൊരു മാസ്റ്റർ മൂവ്!! അതോ ഇതെല്ലാം ശരിക്കും നടന്നത് തന്നെയോ??
ചതിയുടെ പടുകുഴിയിൽ വീണുപോയി എന്ന് അവകാശപ്പെടുന്ന ജനപ്രിയ നായകൻ ദിലീപ്. രണ്ട് മാസത്തിലധികമായി തുടരുന്ന, ഇനിയെത്ര നാൾ നീണ്ടുപോകും എന്നുറപ്പില്ലാത്ത കാരാഗൃഹവാസം. സമാനമായ വികാരങ്ങൾ ഉണർത്തുന്നതാണ് ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ ടീസറുകളും ട്രെയിലറുകളും പോസ്റ്ററുകളും.
ദിലിപ് ജയിലിലായതിന് ശേഷമാണ് രാമലീലയുടെ ടീസറുകൾ ഇറങ്ങിയത്. അതും ഭയങ്കരമായ അതിഭാവുകത്വത്തോടെ.. എന്നെ പ്രതിയാക്കണമെന്ന് ആരൊക്കെയോ തീരുമാനിച്ച് ഉറച്ചത് പോലെ എന്ന ഡയലോഗിൽ തുടങ്ങുന്നു അത്. രാമലീലയുടെ അണിയറക്കാർ ജയിലിൽ കിടക്കുന്ന ദിലീപിന് ഒരു പണി കൊടുത്ത?

ദിലീപ് പ്രതീക്ഷ വെച്ച ചിത്രം
ദിലീപ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് രാമലീല. സമീപകാലത്തിറങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം വമ്പൻ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് പുലിമുരുവൻ നിർമാതാവിനൊപ്പം ദിലീപ് ഒരു ബിഗ് ബജറ്റ് ചിത്രത്തിന് ഇറങ്ങുന്നത്. ദിലീപ് രാഷ്ട്രീയക്കാരന്റെ ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് രാമലീല.

പ്രതീക്ഷ പാളിയോ?
എന്നാൽ താരം എന്ന നിലയ്ക്ക് ദിലീപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകളഞ്ഞു രാമലീല. നായകൻ ഗൂഡാലോചനക്കേസിൽ ജയിലിൽ കിടക്കുമ്പോൾ പടം ഇറങ്ങിയാൽ അത് ഓടുമോ. അയലത്തെ ചെക്കൻ ഇമേജ് നഷ്ടപ്പെട്ട ദീലിപ് ഒരു കോമാളിത്താരം മാത്രമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഇവിടെയാണ് രാമലീല ടീമിന്റെ ബുദ്ധി പ്രവർത്തിച്ചത് എന്ന് വേണം കരുതാൻ.

ആറ്റിക്കുറുക്കിയ ടീസർ
ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസറിന് സോഷ്യല്‍ മീഡിയയിൽ വൻ സ്വീകരണമാണ് കിട്ടിയത്. പ്രതി ഞാനാവണം എന്ന് തീരുമാനം ഉള്ളത് പോലെ എന്ന ദിലീപ് ഡയലോഗാണ് ഇതിന് കാരണമായത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കിടക്കുമ്പോഴാണ് ടീസർ ഇറങ്ങിയത് എന്നത് തന്നെയാണ് ഈ ഡയലോഗ് ഹിറ്റാകാൻ കാരണമായത്.

കുത്തിക്കേറ്റിയ ഡയലോഗ്?
ഒരു പ്രവചനം പോലെ തോന്നുന്ന ഈ ഡയലോഗ് നേരത്തെ സിനിമയിൽ ഉള്ളതാണോ അതോ ദിലീപ് അകത്തായ ശേഷം എഡിറ്റ് ചെയ്ത് കയറ്റിയതാണോ എന്നാണ് ആളുകൾ ചോദിച്ചത്. മുകേഷിന്റെ അർഥഗർഭമായ ഡയലോഗിനും നിർമാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ബുദ്ധിക്കും ഒക്കെ സോഷ്യൽ മീഡിയ വക ട്രോളുകളും ഉണ്ടായിരുന്നു.

രാമലീലയുടെ പ്രത്യേകത
ലയണിനു ശേഷം ദിലീപ് നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് രാമലീലയിൽ എത്തുന്നത്. രാമനുണ്ണിയുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നത്. ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ടീസറിന് പിന്നാലെ പോസ്റ്ററും
രാമലീലയുടെ റിലീസിനു മുന്നോടിയായി പോസ്റ്ററുകള്‍ പുറത്തിറക്കിയപ്പോളഴാണ് ആരാധകർ ശരിക്കും ഞെട്ടിയത്. ദിലീപ് ബലി കര്‍മ്മം നിര്‍വഹിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായി കോടതി അനുമതിയോടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് ഈ പോസ്റ്ററുകൾ ഇറങ്ങിയത്.

ഉള്ളത് തന്നെയാണോ
ദിലീപിന്റെയും രാമനുണ്ണിയുടെയും ജീവിതത്തിലെ സംഭവങ്ങള്‍ ശരിക്കും ഇത് പോലെ ഉള്ളത് തന്നെയാണോ, യാദൃശ്ചികമാണോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. അതോ ദിലീപ് ജയിലിൽ കഴിയുന്ന സാഹചര്യം മുതലെടുക്കാൻ വേണ്ടി ടീസറുകളിലും പോസ്റ്ററുകളിലും ഒരു സഹതാപ തരംഗം ഉണ്ടാക്കുകയാണോ അണിയറക്കാരുടെ ഉന്നമെന്നും സംശയങ്ങൾ ഉയരുന്നുണ്ട്.

മുകേഷിന്റെ ആ ഡയലോഗ്
"തെളിവുകൾ തീരുമാനിക്കും പ്രതി ആരാണെന്നത് " - ഇതാണ് രാമലീലയുടെ ടീസറിലെ മുകേഷിന്റെ ഡയലോഗ്. നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കിടക്കുന്ന ജനപ്രിയ നായകന്റെ യഥാർഥ ജീവിതത്തിലെ സംഭവങ്ങൾക്കുള്ള ഒരു താക്കീതാണോ ഈ ഡയലോഗ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള നടനാണ് കൊല്ലം എം എൽ എ കൂടിയായ മുകേഷ്.

ദിലീപിന് പറയാനുള്ളത്
"പ്രതി ഞാനാകണം എന്ന തീരുമാനമുള്ളത് പോലെ" - രാമലീലയിലെ നായകനായ ദിലീപിന് ടീസറിൽ ആകെയുള്ള ഡയലോഗാണിത്. കേസ് വന്നപ്പോൾ തിരുകിക്കയറ്റിയ സീനാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. ദിലീപ് ജയിലിൽ കിടക്കുമ്പോൾ ബയോ പിക് പോലെ ഒരു ഡയലോഗ് കുത്തിത്തിരുകിയാൽ അത് ഹിറ്റാകും എന്ന് ബിസിനസുകാരനായ മുളക് പാടത്തിന് അറിയാമല്ലോ എന്നാണ് ആളുകൾ ചോദിക്കുന്നത്.


Click it and Unblock the Notifications
