മാലിക് സിപിഎം അനുകൂലമാണോ? ചിത്രത്തിന് ബീമാപള്ളിയുമായുള്ള ബന്ധം; മറുപടിയുമായി മഹേഷ് നാരായണന്‍
ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം മാലിക് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ നേരിട്ടത്. ഇസ്ലാമോഫോബിയ അടക്കമുള്ള ആരോപണങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. സിനിമയ്ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്ന് പറയുമ്പോഴും ചിത്രത്തിന് ബീമാപള്ളി വെടിവയ്പ്പുമായി സാമ്യം തോന്നിക്കുന്നതാണ്.
എന്നാല്‍ ഇപ്പോഴിതാ എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മീഡിയവണ്ണിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മാലിക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും പോസിറ്റീവായാണ് എടുക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഒരു ഫിക്ഷണല്‍ കഥയായിട്ടാണ് ചിത്രം ചെയ്തിട്ടുള്ളത്. ഏത് വ്യക്തിയെന്നോ ഇന്ന പ്രദേശമെന്നോ കഥയില്‍ എവിടെയും പറയുന്നില്ല. അതിന് എന്റേതായ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു.

ഈ സിനിമയിലൂടെ ഇത്രയും കാലം അടഞ്ഞുകിടന്ന വിഷയം ചര്‍ച്ചയാകാന്‍ വഴിവച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും മഹേഷ് നാരായണന്‍ പറയുന്നു. സിനിമയില്‍ പച്ചക്കൊടി വച്ചതുകൊണ്ട് അത് മുസ്ലീം ലീഗിന്റെ പാര്‍ട്ടിയാവുമെന്ന് എനിക്ക് തോന്നുന്നില്ല, ഒരു ഇടത് പക്ഷ അനുഭാവിയാണ് ഞാന്‍. അല്ലെന്ന് ഞാന്‍ ഒരിക്കലും പറയുന്നില്ല.

ബീമാ പള്ളി വെടിവയ്പ്പിന് ശേഷം തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഈ പ്രശ്‌നത്തിന് ഒരു തീരുമാനമുണ്ടാക്കിയിട്ടില്ല. അതിന് ശേഷം ലീഗിന്റെ മന്ത്രിമാരുണ്ടായിട്ടുണ്ടല്ലോ, ഇത്ര കാലങ്ങളായി തീരുമാനമുണ്ടാകാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്റെ സിനിമയിലൂടെ ചര്‍ച്ചയ്ക്ക് വച്ചത് നല്ലതാണെന്ന് വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ജോജുവിന്റെ കഥാപാത്രവും പറയുന്നത് അതാണ്.- അദ്ദേഹം പറഞ്ഞു.

ആദ്യകാലങ്ങളില്‍ വന്ന മാധ്യമങ്ങളിലെല്ലാം ചെറിയതുറ കലാപം എന്ന രീതിയിലാണ് വന്നത്. ഒരിടത്തും ബീമാപ്പള്ളി വെടിവെപ്പെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അന്ന് തന്നെ ഒരു സൈഡ് ലൈന്‍ഡ് ടോപിക്കായിരുന്നു ഇത്. മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ ഇതിനെ പലതരത്തില്‍ കോംപ്രമൈസിനാണ് ശ്രമിച്ചിട്ടുള്ളതെന്നും മഹേഷ് വ്യക്തമാക്കുന്നു.

ആ ഒരു അര്‍ത്ഥത്തില്‍ വായിച്ചുനോക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ചെയ്തിരിക്കുന്നതിനെ കൃത്യമായിട്ട് അതിനെ അഡ്രസ് ചെയ്തിട്ടുണ്ടെന്നും മഹേഷ് നാരായണന്‍ പറയുന്നു. സിനിമ സിപിഎം അനുകൂലമാണെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ ഇപ്പോഴും പറയുന്നുണ്ടോല്ലോ സിപിഎമ്മിനെ അനുകൂലിച്ച് സിനിമയെടുത്തെന്ന്, അന്നത്തെ സ്റ്റേറ്റിനെതിരെയാണ് അവസാനത്തെ ലൈന്‍.

അത് കൊണ്ട് തന്നെയാണ് അവിടെ വെച്ചിരിക്കുന്നത്. ആ ലൈന്‍ അത് കൊണ്ട് തന്നെയാണ് വെച്ചിരിക്കുന്നത്. സിനിമ ഒരു കച്ചവട മാധ്യമമാണ്. അതും കൂടിയുണ്ട് ഇതിനകത്തുണ്ട്. അപ്പോ ഡോക്യുമെന്ററി എടുക്കുന്ന സംവിധായകന്റെ കൈയ്യില്‍ ഒരു ചലച്ചിത്രമെടുക്കുന്ന സംവിധായകനുണ്ടാകണമെന്നില്ല. അതെന്റെ കഴിവുകേടായി കൂട്ടിക്കോളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സുലൈമാന്‍ എന്ന വ്യക്തി അവിടെ ബീമാപള്ളിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം എനിക്കറിയില്ല, എന്നാല്‍ കൊമ്പ് ഷിബു എന്നെ ഇന്‍സ്‌പൈയര്‍ ചെയ്തിരിക്കാം. അല്ലെങ്കില്‍ അന്നുണ്ടായ ലഹള എന്നെ ഇന്‍സ്പയര്‍ ചെയ്‌തേക്കാം. എന്നാല്‍ പ്രത്യേക സാഹചര്യമോ അല്ലെങ്കില്‍ ആ പ്രത്യേക അവസ്ഥയും മാത്രം വെച്ചുകൊണ്ടല്ല മാലിക് പറഞ്ഞിരിക്കുന്നത്. മറ്റൊരുപാട് വിഷയങ്ങളുണ്ടെന്നും മഹേഷ് പറയുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് ഫഹദ് ഫാസില്‍ ചെയ്ത സുലൈമാന്‍.


Click it and Unblock the Notifications