ഫേസ്ബുക്ക് പോസ്റ്റ് തുണയായി; ഒഴിവുദിവസത്തെ കളിക്ക് 'ഠപ്പെന്ന്' നികുതിയിളവ്
ഒഴിവുദിവസത്തെ കളിയുടെ നികുതിയിളവിനു വേണ്ടിയുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ വൈകുന്നു എന്ന് കാട്ടി മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനെത്തുടര്‍ന്നുണ്ടായ ഇടപെടലുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തദ്ദേശ സ്വയം ഭരണവകുപ്പു മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് നല്‍കിയ ഉറപ്പിന്റെ സന്തോഷത്തിലാണ് സനല്‍ കുമാര്‍ ശശിധരന്‍ തന്റെ അടുത്ത ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
നേരത്തെ, മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടുന്ന സിനിമകള്‍ക്ക് കിട്ടുന്ന നികുതി ഇളവ് ഒഴിവുദിവസത്തെ കളിക്കും കിട്ടണമെന്ന് പറഞ്ഞ് നല്‍കിയ അപേക്ഷയില്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ തുറന്ന കത്ത് എഴുതിയത്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിനെ നേരില്‍ കണ്ട് കൊടുത്ത അപേക്ഷ സെക്രട്ടേറിയേറ്റിലെ ഇരുണ്ട വഴികളിലൂടെ അലയുന്നു എന്നായിരുന്നു സംവിധായകന്റെ പരാതി.

ഫയലുകള്‍ വേഗം തീര്‍പ്പാവണമെന്ന ആഹ്വാനം അന്തരീക്ഷത്തിലുള്ളപ്പോഴും തനിക്ക് നീതി കിട്ടാത്തതിലുള്ള പരിഭവവും സംവിധായകന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നു. വലതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഒരാള്‍പ്പൊക്കം എന്ന സിനിമയ്ക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷ രണ്ടുദിവസത്തിനുള്ളില്‍ തീര്‍പ്പായിരുന്ന കാര്യവും പോസ്റ്റില്‍ ഉണ്ടായിരുന്നു. സമ്മിശ്ര പ്രതികരണങ്ങളാണ് സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റിനോട് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
എന്തായാലും, പോസ്റ്റിന് ഫലമുണ്ടായി. സംവിധായകനായ ബി.ഉണ്ണികൃഷ്ണനൊപ്പം മന്ത്രിയെ കാണാനെത്തിയ സനല്‍ കുമാര്‍ ശശിധരന് കാര്യം സാധിച്ചുകിട്ടി. ബി ഉണ്ണിക്കൃഷ്ണനും സോഷ്യല്‍ മീഡിയയ്ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുമ്പോഴും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സംശയം ഇതാണ് - ഒരു സനല്‍ കുമാര്‍ ശശിധരനു പിന്തുണയുമായി ബി. ഉണ്ണികൃഷ്ണനും സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയും ഉണ്ടായെന്നുവരും. എന്നാല്‍ ഉറങ്ങുന്ന ഒരു മേശക്കുമുകളില്‍ കാത്തിരിക്കുന്ന എത്രയെങ്കിലും ഫയലുകള്‍ക്ക് പിന്നാലെ അലയുന്ന അറിയപ്പെടാത്ത ആരുമില്ലാത്ത എത്രപേര്‍ ദിവസവും ഈ സങ്കടം അനുഭവിക്കുന്നുണ്ടാവും. അവരുടെയൊക്കെ കുരുക്കഴിയുന്നതെന്ന്? എങ്ങനെ?












Click it and Unblock the Notifications