വിവാഹപ്രായം, കെണിയില്‍ നിന്നു രക്ഷപ്പെടാന്‍ വ്യഭിചാരത്തിന്‍റെ പഴുത്
ഇന്ത്യയിലെ നിയമത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് അടുത്തിടെ കണ്ട ചില വിധിപ്രഖ്യാപനത്തിലൂടെ മനസ്സിലായതാണ്. സാധാരണക്കാരന് ഒരു നിയമം പണക്കാര്‍ക്ക് മറ്റൊരു നിയമം. അത് പോട്ടെ, വിഷയമിപ്പോള്‍ അതല്ല. യഥാര്‍ത്ഥ ചിന്തകള്‍ (Right Thinkers) എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ കണ്ട ഒരു വിദ്വാന്റെ പോസ്റ്റാണ്. ബന്ധുക്കളും ഈ വിദ്വാനും ഇടപെട്ട് ഒരു പതിനാറു വയസ്സുകാരിയെ വ്യഭിചരിക്കാന്‍ വിട്ടതിനെ കുറിച്ചാണ് പോസ്റ്റ്. അതില്‍ തെറ്റില്ലെന്ന് സമര്‍ത്ഥിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്
കഥ ഇപ്രകാരമാണ്; ഒരു പാവപ്പെട്ട കുട്ടിയെ വിവാഹം ചെയ്യാന്‍ സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ ഒരു നല്ല പയ്യന്‍ വന്നു. ഇരുവീട്ടുകാരും സംസാരിച്ച് വിവാഹം ഉറപ്പിച്ച ശേഷമാണ് പ്രായം വിഷയമായത്. പെണ്‍കുട്ടിയ്ക്ക് 16 വയസ്സ് തികഞ്ഞതേയുള്ളു. പള്ളിയില്‍ നിന്ന് വിവാഹത്തിന് അനുമതി ലഭിയ്ക്കണമെങ്കില്‍ വയസ്സ് തെളിയിക്കുന്ന അറ്റസ്റ്റ് ചെയ്ത രേഖ ഹാജരാക്കണം എന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം ഇരുവീട്ടുകാര്‍ക്കും ആ ബുദ്ധി ഉപദേശിച്ചു കൊടുത്തത്. 18 വയസ്സായാല്‍ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ. എന്നാല്‍ 16 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വ്യഭിചരിക്കാം എന്ന നിയമം ഇന്ത്യയിലുണ്ട്. നിയമത്തിന്റെ ഈ പഴുതിലൂടെ ബന്ധുക്കളും ഈ ബദ്ധി ഉപദേശിച്ചുകൊടുത്തയാളും ഇരുവരെയും ഒന്നിപ്പിച്ചു. പെണ്‍കുട്ടിക്ക് 18 തികയുമ്പോള്‍ അന്നത്തെ ഡേറ്റ് വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നാണ് പുത്തി
എതിര്‍ക്കാന്‍ വന്നവരെയും നിയമ വശംകൊണ്ട് തന്നെ തിരിച്ചയച്ചെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. നിക്കാഹ് ആണ് ഇസ്ലാമിന്റെ നിയമം. വധു, വരന്‍ വലിയ്യ്, മഹര്‍ ഈ നാല് കാര്യങ്ങളാണ് നിര്‍ബന്ധം. പള്ളിക്കമ്മിറ്റിയുടെ എഴുത്തോ അംഗീകാരമോ നിര്‍ബന്ധമല്ലത്രെ.
ഇവിടെ വിവാഹം നടത്തിക്കൊടുത്തവരെയാണോ ഇന്ത്യയുടെ നിയമ വ്യവസ്ഥിതിയെയാണോ പഴിക്കേണ്ടത്? പതിനാറ് തികയാത്ത പഠിച്ചുകൊണ്ടിരിയ്ക്കുന്ന പെണ്‍കുട്ടിയുടെ വയസ്സ് പോലും കൃത്യമായി അറിയാതെയാണ് വിവാഹാലോചന നടത്തിയതെന്ന് ആരുടെ തെറ്റാണ്. വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് എതിര്‍പ്പില്ല എന്നത് സത്യം. എന്നാല്‍ വിവാഹം ചെയ്യാന്‍ പോകുന്ന ആളിനെ ഇഷ്ടമല്ലെന്ന് പറയാന്‍ പെണ്‍കുട്ടിയ്ക്ക് അവസരം നല്‍കിയോ എന്ന സംശയം ആ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിപ്പോയി.

വിവാഹത്തിനും വ്യഭിചാരത്തിനും രണ്ടര്‍ത്ഥങ്ങളാണ്. വീട്ടുകാര്‍ ഒരു പെണ്‍കുട്ടിയെ സമ്മതത്തോടെ വ്യഭിചരിക്കാന്‍ വിട്ടു എന്നാണ് ചുരുക്കത്തില്‍ ആ പോസ്റ്റ്. വിവാഹേതരമായി ഒരു സ്ത്രീയും പുരുഷനും തമ്മില്‍ പണത്തിനുവേണ്ടി നടത്തുന്നതിനെയാണ് വ്യഭിചാരം എന്നു പറയുന്നതെന്ന് വിക്കി പീഡിയ പറയുന്നു. പ്രമുഖ മതഗ്രന്ഥങ്ങളിലെല്ലാം വ്യഭിചാരം കുറ്റകരമായ തിന്മയായാണ് പരിചയപ്പെടുത്തുന്നത്.
സാമൂഹിക സുരക്ഷയ്ക്കും സദാചാര മര്യാദകള്‍ക്കും എതിരാണ് എന്ന നിലപാട് സ്വീകരിച്ച്, പല രാജ്യങ്ങളിലും വ്യഭിചാരത്തെ ക്രിമിനല്‍ കുറ്റമായും കണക്കാക്കുന്നുണ്ട്. വ്യഭിചാരം സംബന്ധിച്ച് പല സമൂഹത്തിലും നിലവിലുള്ള നിയമങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും വ്യത്യാസമുണ്ട്. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഉഭയസമ്മതത്തോടുകൂടി പ്രതിഫലമില്ലാതെ പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും തമ്മില്‍ നടത്തുന്ന ലൈംഗികബന്ധങ്ങള്‍ കുറ്റകൃത്യമല്ല.
എന്നാല്‍, ബലാല്‍സംഗകുറ്റമാകാത്ത ലൈംഗിക വേഴ്ച നടത്തുന്ന പുരുഷന് അഞ്ച് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്ക്ക് അര്‍ഹനാണ്. എന്നാല്‍ തുല്യ പങ്കാളിയായ സ്ത്രീയെ ഇക്കാര്യത്തില്‍ ശിക്ഷിക്കാന്‍ വ്യവസ്ഥയില്ല. ഈ നിയമം പ്രായോഗികമല്ലേ?
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ട് വര്‍ഷം കാത്തിരിയ്ക്കുന്നവര്‍ക്ക് എന്തുകൊണ്ട് നിയമപ്രകാരം പെണ്‍കുട്ടിയ്ക്ക് 18 വയസ്സാകുന്നതുവരെ കാത്തിരുന്നുകൂട? പതിനാറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന പയ്യന്റെ പ്രായമെത്രയാണ്? യഥാര്‍ത്ഥ ചിന്തകന്‍ യുക്തിപരമായി ഇതൊക്കെ ചിന്തിച്ചാല്‍ കൊള്ളാം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കാരാണ് യഥാര്‍ത്ത ചിന്തകര്‍ എന്ന ഗ്രൂപ്പിലുള്ളവരില്‍ ഭൂരിഭാഗവും.


Click it and Unblock the Notifications
