വെറുതെയല്ല മോദി പറഞ്ഞത്... ഗുജറാത്തില്‍ സോളാര്‍ എന്നാല്‍ ഇതാണ്, കേരളത്തിലോ.. കാണൂ ചിത്രങ്ങള്‍...
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സോളാര്‍ അഴിമതിക്കും സരിത എസ് നായര്‍ക്കും ചുറ്റുമായി വട്ടം തിരിയുകയായിരുന്നു കേരളത്തിലെ 'ചൂടന്‍' രാഷ്ട്രീയ ചര്‍ച്ചകള്‍. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തവണ സോളാര്‍ വിചാരിച്ച പോലെ ഒരു വിഷയമായില്ല. ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയതോടെയാണ് സോളാറിന് തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ജീവന്‍ വെച്ചത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ സോളാര്‍ കൊണ്ട് വികസനം ഉണ്ടാക്കുകയാണ്. തന്റെ മണ്ഡലമായ വാരണാസിയില്‍ തൊഴിലാളികള്‍ സോളാര്‍ എനര്‍ജിയിലെ ബാറ്ററി കൊണ്ട് ബോട്ട് ഓടിക്കുന്നു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ തന്നെ ഓടുന്നത് സോളാര്‍ എനര്‍ജി കൊണ്ടാണ് - മോദി അര്‍ഥം വെച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. മോദിയുടെ ഗുജറാത്തില്‍ സോളാര്‍ ഇത്ര വലിയ സംഭവമാണോ എന്നായി ആളുകള്‍.

സംശയമുണ്ടെങ്കില്‍ ഗുജറാത്ത് സോളാര്‍ എന്നും കേരള സോളാര്‍ എന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കൂ എന്നാണ് മോദി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിക്കുന്നത്. സംഭവം ശരിയാണ് താനും. ഗുജറാത്ത് സോളാര്‍ എന്ന് ഗുഗിളില്‍ തിരഞ്ഞാല്‍ കാണുന്നത് സോളാര്‍ പാനലുകളുടെ ചിത്രങ്ങളും കൂറ്റന്‍ പ്ലാന്റുകളുമാണ്. എന്നാല്‍ കേരള സോളാര്‍ എന്ന് തിരഞ്ഞാലോ കാണുന്നത് മുഴുവന്‍ സരിത എസ് നായരുടെ ചിത്രങ്ങളും വിവാദങ്ങളും.
ഗുജറാത്ത് സോളാര്‍ എന്നും കേരള സോളാര്‍ എന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അതിന്റെ ഇമേജുകള്‍ ഷെയര്‍ ചെയ്യുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍. വെറുതെയല്ല കേരളത്തില്‍ വന്ന് സോളാര്‍ എന്ന് പറയാന്‍ പോലും തനിക്ക് പേടിയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കേരളത്തില്‍ സോളാര്‍ എന്ന് പറഞ്ഞാല്‍ പൊട്ടിത്തെറിയാണ് ഉണ്ടാകുക എന്നും മോദി പറഞ്ഞിരുന്നു.


Click it and Unblock the Notifications
