'ട്വിറ്ററും ഫേസ്ബുക്കും നിയമപരിധിയില്‍ കൊണ്ടുവരണം'
ദില്ലി: നിത്യജീവിതത്തില്‍ വ്യക്തികള്‍ക്കിന്ന് ഒഴിച്ചുകൂടാന്‍ കഴിയാത്ത കാര്യമായിരിക്കുന്നു ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍. പൊതുവെയുള്ള ഐടി ആക്ട് ഒഴിച്ചുനിര്‍ത്തിയാല്‍ ട്വിറ്ററിനോ ഫേസ്ബുക്കിനോ യാതൊരു നിയമ നിയന്ത്രണങ്ങളുമില്ല. എന്നാല്‍ ഇനി ഇത്തരം സൈറ്റുകളെ നിയമത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നാണ് പുതിയ ആവശ്യം.
ട്വിറ്ററും ഫേസ്ബുക്കും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പൊലീസ് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ഇബ്രാഹിം.

സൈബര്‍ ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനാവശ്യമായ നടപടികളെ കുറിച്ചും ചര്‍ച്ച നടത്തുകയുണ്ടായിയെന്നും അതില്‍ സങ്കേതിക വിദ്യകള്‍ക്ക് നിരന്തര നവീകരണം ആവശ്യമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയയുടെ ഒരു വലിയ സ്വാധീനമുണ്ട്. ജനങ്ങളെ തെരുവിലേക്കിറക്കുന്നതിന് ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. രാജ്യത്തിന്റെ പുറത്തുനിന്നാണ് ഇത്തരം സൈറ്റുകള്‍ക്ക് പ്രചോദനം ഏറെ നല്‍കുന്നത് എന്നതും ആശങ്കാജനകമാണ്. അതിന് ശക്തമായ നിയമാണ് ആവശ്യമെന്ന് ആസിഫ് ഇബ്രാഹിം പറഞ്ഞു.
എന്നാല്‍ പെട്ടന്ന് ഇത്തരത്തിലൊരു മാറ്റം വരുത്തുമ്പോള്‍ അതിന് പ്രതികരിക്കുന്നവര്‍ക്ക് തക്കതായ ഉത്തരം നല്‍കേണ്ട ബാധ്യസ്ഥതയും ഇന്ത്യന്‍ നിയമത്തിനുണ്ടെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം ജനറല്‍ ഡയറക്ടര്‍ ഗുല്‍ഷന്‍ റായ് പ്രതികരിച്ചു


Click it and Unblock the Notifications
