എത്രയാണ് ഇ ബുൾ ജെറ്റിന്റെ യഥാർത്ഥ യൂട്യൂബ് വരുമാനം? എബിനും ലിബിനും തന്നെ വെളിപ്പെടുത്തുന്നു
നമ്മുടെ മാസവരുമാനം എത്രയാണെന്ന് ഞങ്ങൾ തന്നെ പറയാം
യൂട്യൂബിനെ ഒരു പാഷനായും വരുമാന മാർഗമായും കൊണ്ടുനടക്കുന്ന നിരവധി വ്ലോഗർമാരാണ് കേരളത്തിലുള്ളത്. പാചകം, യാത്ര, ടെക്നോളജി, കൃഷി, സിനിമ അങ്ങനെ വിവിധ മേഖലകളിൽ മലയാളി യൂട്യൂബ് വ്ലോഗർമാരുടെ സാനിധ്യം മലയാളത്തിൽ കൂടുതലാണ്. ഇവരുടെ വരുമാനം എത്രയാണെന്ന ചോദ്യം പലപ്പോഴും നമ്മൾ ഓരോരുത്തരും ചിന്തിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും. യൂട്യൂബിന്റെ വരുമാനം വെളിപ്പെടുത്തരുതെന്നാണ് വ്ലോഗർമാർക്ക് കമ്പനി നൽകിയിരിക്കുന്ന നിർദേശം. അതുകൊണ്ട് തന്നെ കൃത്യമായ വരുമാനം ഇവരിൽ പലരും പുറത്തുപറയാറില്ല.

എന്നാൽ ചില യൂട്യൂബർമാരും സൈറ്റുകളുമെല്ലാം ഇവരുടെ വരുമാനം സംബന്ധിച്ച് ചില റിപ്പോർട്ടുകൾ പുറത്തുവിടാറുണ്ട്. ഏകദേശ കണക്കുകൾ നിരത്തിയുള്ള ഇത്തരം വീഡിയോകൾ പലപ്പോഴും യൂട്യൂബിൽ പ്രത്യക്ഷപ്പെടാറുള്ളതാണ്. സോഷ്യൽ ബ്ലേഡ് എന്ന ഒരു ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് മറ്റുള്ളവർ ഇത്തരത്തിൽ വ്ലോഗർമാരുടെ വരുമാനം അളക്കുന്നത്. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് പറയുകയാണ് ഇ ബുൾ ജെറ്റ് എന്ന യൂട്യൂബ് ചാനൽ വഴി തങ്ങളുടെ വാൻ ലൈഫ് അനുഭവങ്ങൾ പങ്കുവെക്കുന്ന എബിൻ-ലിബിൻ സഹോദരങ്ങൾ.

ഇവരുടെ വരുമാനം സംബന്ധിച്ച് നേരത്തെ പറഞ്ഞതുപോലെ പ്രത്യക്ഷപ്പെട്ട നിരവധി വീഡിയോസിന് പിന്നാലെയാണ് ഇ ബുൾ ജെറ്റിന്റെ വെളിപ്പെടുത്തൽ. ഈ കണക്കുകൾ കണ്ട് തങ്ങൾ തന്നെ ഞെട്ടി പോയെന്നും ഇത്രയും വരുമാനമൊന്നും ലഭിക്കില്ലെന്നും മാസവരുമാനം എത്രയാണെന്ന് തങ്ങൾ തന്നെ പറയാമെന്ന് എന്ന് പറഞ്ഞുകൊണ്ടാണ് അവർ തങ്ങളുടെ യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വീഡിയോ ആരംഭിക്കുന്നത്.

യൂട്യൂബിൽ എല്ലാവർക്കും ഒരു വരുമാനമല്ലെന്ന് ഈ സഹോദരന്മാർ പറയുന്നു. പലർക്കും പല വരുമാനമാണ്. ഒരാൾക്ക് കിട്ടുന്ന വരുമാനംവെച്ച് മറ്റൊരാളുടെ കണക്ക് അളക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോയുടെ ലെങ്ത്, പരസ്യം, പരസ്യത്തിന്റെ ദൈർഘ്യം അനുസരിച്ചൊക്കെയാണ് വരുമാനം നിശ്ചയിക്കപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന കണക്കുകളെല്ലാം ഊഹംമാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

"ഇങ്ങനെ വന്ന വീഡിയോസ് കാരണം കിടന്നുറങ്ങാൻ പറ്റുന്നില്ല. കാരണം എന്താണെന്ന് വെച്ചാൽ എന്റെ അമ്മയുടെ കുടുബക്കാരെല്ലാം അമ്മയോട് പിണങ്ങിയിരിക്കുകയാണ്. നിങ്ങൾ മനസിലാക്കണം. യൂട്യൂബിലെ ഒരു വീഡിയോ കാരണമാണിത്. നിന്റെ മക്കൾക്ക് ഭയങ്കര പൈസയാണ് എന്നിട്ട് നീ കള്ളം പറയുകയല്ലെയെന്നാണ് ചോദിക്കുന്നത്. അങ്ങനെ വരെ അവസ്ഥയുണ്ടായി. ആൾക്കാർ പെട്ടെന്ന് ഇങ്ങനെ കണക്കുകൾ കാണുമ്പോൾ ഞെട്ടിപോകും, കോടികൾ എന്നൊക്കെ കാണുമ്പോൾ."

യൂട്യൂബ് തരുന്നത് ടിപ് മാത്രമാണ്. ഇത് ഒരു വരുമാനം അല്ല. അത് പുറത്ത് പറയരുതെന്നാണ് യൂട്യൂബിന്റെ തന്നെ നിയമം. നമ്മൾ വിചാരിക്കുന്ന സംഭവങ്ങളൊന്നും കിട്ടില്ലെന്നും ഈ സഹോദരന്മാർ പറയുന്നു. തങ്ങളെ സംബന്ധിച്ചടുത്തോളം വരവിൽ കൂടുതൽ ചെലവുണ്ടെന്നും അതുകൊണ്ട് തന്നെ എത്ര വരുന്നൊന്നും അങ്ങനെ നോക്കാറു പോലുമില്ലെന്നും അവർ പറഞ്ഞു. ഒരു യാത്ര പോകാൻ വേണ്ടി രണ്ട് ലക്ഷം രൂപ വണ്ടിക്ക് തന്നെ വേണ്ടി വരും. ഒരു ദിവസം 4800 രൂപ വരെ പെട്രോളിന് നൽകേണ്ടി വരുമെന്നും അവർ പറഞ്ഞു.

"നമ്മുടെ മാസവരുമാനം എത്രയാണെന്ന് ഞങ്ങൾ തന്നെ പറയാം. കാര്യം മറ്റുള്ളവർ പറഞ്ഞ് നിങ്ങൾ ഞെട്ടേണ്ട. ഞങ്ങൾക്ക് ഒരു മാസം യൂട്യൂബിൽ നിന്ന് കിട്ടുന്നത് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ്. ഒരു മില്ല്യൺ വ്യൂസിൽ കൂടുതലൊക്കെ ഉണ്ടെങ്കിൽ ഇത് കൂടും. എന്നാൽ ഞങ്ങൾക്ക് അങ്ങനെ വ്യൂസ് ഒന്നും ഇല്ല. ചില മാസങ്ങളിൽ വരുമാനം നാല് മുതൽ അഞ്ച് ലക്ഷം വരെയും 5,20000 വരെയുമൊക്കെ കിട്ടിയിട്ടുണ്ട്. ചില മാസങ്ങളിൽ ഇത് പോലുമില്ലാത്ത സാഹചര്യവുമുണ്ട്."

ഒരു വീഡിയോ നിർമിക്കുന്നതിന് പതിനായിരം രൂപ വരെ ചെലവുണ്ടെന്നും ഇവർ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിലൊക്കെ പോകുമ്പോൾ അവിടുത്തെ കാര്യങ്ങൾ ചിത്രീകരിക്കൻ അവിടെ പലർക്കും കാശ് കൊടുക്കേണ്ടി വരും. നാട്ടിലാണെങ്കിലാണ് ഏറ്റവും കൂടുതൽ ചെലവ് വരുന്നത്. ഫെയ്സ്ബുക്കിൽ നിന്ന് കഴിഞ്ഞ മാസം മുതലാണ് വരുമാനം വന്ന് തുടങ്ങിയതെന്നും ഇത് വളരെ കുറവാണെന്നും യൂട്യൂബിലെ മൂന്നിലൊന്ന് വരുമാനം മാത്രമേ ഫെയ്സ്ബുക്കിൽ നിന്ന് ലഭിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.
Recommended Video

വാൻ ലൈഫ് എന്ന ആശയം മലയാളികൾക്കിടയിൽ വ്യാപകമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് കണ്ണൂർ സ്വദേശികളായ ഈ സഹോദരന്മാർ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇത്തരത്തിൽ വാനിൽ യാത്രകൾ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ഇവർ യൂട്യൂബ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരരായി മാറി. നിലവിൽ പതിമൂന്ന് ലക്ഷത്തോളം സബ്സക്രൈബർമാരാണ് ഇവർക്കുള്ളത്.


Click it and Unblock the Notifications
