അന്താരാഷ്ട്ര യോഗ ദിനാചരണം: സംസ്ഥാനത്ത് യോഗയ്ക്ക് വിപുലമായ പ്രചാരം നല്‍കും: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് യോഗയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്റെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുതെന്നും മന്ത്രി വ്യക്തമാക്കി. യോഗ അഭ്യസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നതുമായ ദിനമാണിത്. രാജ്യാന്തര തലത്തിൽ യോഗ ആദരിക്കപ്പെടുന്നതും പ്രചരിക്കപ്പെടുന്നതും ലോകരാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു എന്നുള്ളത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായിട്ടുള്ള ഒരു കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെങ്കിലും ജീവിത ശൈലീ രോഗങ്ങൾ വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാനത്ത് ആർദ്രം ജീവിത ശൈലീ സ്‌ക്രീനിംഗ് ആരംഭിച്ചത്. ഇതുവരെ 30 വയസിന് മുകളിലുള്ള 1.41 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി. ഇത് രാജ്യത്തിന് തന്നെ മാതൃകയായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ യോഗയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനും ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിനും വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകളും 590 വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു.
യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ജീവിതശൈലീ പ്രചരണത്തിനായി ആയുഷ് ഗ്രാമം പദ്ധതിയും ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തുമാണ് സമ്പൂർണ യോഗ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.
ഐഎസ്എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഹോമിയോപ്പതി ഡയറക്ടര്‍ വിജയാംബിക, ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ടി ഡി ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ പിസിഒ ഡോ. ഷീല, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ. ജയനാരായണന്‍, ഡോ. സജി എന്നിവരും യോഗാദിനാചരണ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications